
രാജ്കോട്ട്: യശസ്വി ജയ്സ്വാളിന്റെ ബാറ്റിംഗ് വെടിക്കെട്ടാണ് വിശാഖപട്ടണത്തും രാജ്കോട്ടിലും ഇംഗ്ലണ്ടിന്റെ കെട്ടുപൊട്ടിച്ചത്. രണ്ട് ടെസ്റ്റിലും ഇരട്ടസെഞ്ച്വറി നേടാനും ജയ്സ്വാളിന് കഴിഞ്ഞു. ബൗളര്‍മാരുടെ വീര്യംകെടുത്തുന്ന ബാസ്ബോള്‍ ശൈലിയുമായാണ് ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യയിലെത്തിയത്. ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിട്ടും അഹമ്മദാബാദ് ടെസ്റ്റിലെ തോല്‍വി ഇന്ത്യയെ ഞെട്ടിച്ചു. ഒലി പോപ്പിന്റെ സെഞ്ച്വറി ആയിരുന്നു ഇന്ത്യയുടെ താളംതെറ്റിച്ചത്. രണ്ടും മൂന്നും ടെസ്റ്റുകളില്‍ ഇംഗ്ലീഷ് ശൈലിയില്‍ ഇന്ത്യ മറുപടി നല്കി, യശസ്വീ ജയ്സ്വാളിലൂടെ.
വിശാഖപട്ടണത്ത് ആദ്യ ഇന്നിംഗ്സില്‍ 209 റണ്‍സെടുത്ത ജയ്സ്വാള്‍ രാജ്കോട്ടില്‍ നേടിയത് പുറത്താവാതെ 214 റണ്‍സ്. ഇന്ത്യന്‍ പിച്ചുകളിലെ പെര്‍ഫക്ട് ബാറ്റര്‍ എന്നാണ് ഇംഗ്ലണ്ടിന്റെ മുന്‍താരം കെവിന് പീറ്റേഴ്സന് യുവഓപ്പണറെ വിശേഷിപ്പിക്കുന്നത്. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികച്ച പ്രകടനം നടത്താന്‍ കഴിയുന്നു എന്നതും ശ്രദ്ധേയം. എല്ലാ ഷോട്ടുകളുമുണ്ട് യശസ്വിയുടെ ആവനാഴിയില്‍. ഏഴ് ടെസ്റ്റിലെ 13 ഇന്നിംഗ്സില്‍ 68.99 സ്ട്രൈക്ക്റേറ്റില്‍ യശസ്വീ നേടിയത് 861 റണ്‍സ്.
മൂന്ന് സെഞ്ച്വറിയില്‍ രണ്ടും ഇരട്ടസെഞ്ച്വറി. നല്ല തുടക്കം കിട്ടിയാല്‍ വലിയ സ്കോര്‍ ലക്ഷ്യമിടാറുണ്ടെന്ന് യശസ്വീ ജയ്സ്വാള്‍. തുടര്‍ച്ചയായ രണ്ടാം ഇരട്ടസെഞ്ച്വറിയിലൂടെ ഒരുപിടി റെക്കോര്‍ഡുകളാണ് ജയ്സ്വാള്‍ സ്വന്തമാക്കിയത്. ഇന്ത്യക്കായി ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന ഇടംകൈയന്‍ ബാറ്ററാണ് ജയ്സ്വാള്‍. 2007ല്‍ പാകിസ്ഥാനെതിരെ സൗരവ് ഗാംഗുലി നേടിയ 534 റണ്‍സ് മറികടന്ന ജയ്സ്വാളിന് 545 റണ്‍സായി.
ടെസ്റ്റ് ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ പറത്തിയ വസീം അക്രത്തിന്റെ റെക്കോര്‍ഡിന് ഒപ്പമെത്താനും ജയ്സ്വാളിന് കഴിഞ്ഞു. ഇരുവരും നേടിയത് 12 സിക്സര്‍ വീതം. ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ പറത്തിയ രോഹിത് ശര്‍മ്മയുടെ റെക്കോര്‍ഡും പഴങ്കഥയായി. രോഹിത്തിന്റെ 19 സിക്സാണ് ജയ്സ്വാള്‍ രാജ്കോട്ടില്‍ മറികടന്നത്.
Last Updated Feb 19, 2024, 11:23 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]