
തൃശൂര്‍: മുല്ലശേരി പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശം ലക്ഷ്യമിട്ട് ഭാരത് അരി വില്‍പ്പന നടത്താനുള്ള ശ്രമം പോലിസ് തടഞ്ഞു. വോട്ട് ലക്ഷ്യമിട്ടാണ് അരി വില്‍പ്പനയെന്ന് പരാതി ഉയര്‍ന്നതോടെയാണ് വിതരണം തടഞ്ഞത്. മുല്ലശേരി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ വ്യാഴാഴ്ചയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അരി വിതരണം പെരുമാറ്റചട്ട ലംഘനമാണെന്ന് പോലീസ് അറിയിച്ചു.
തുടര്‍ന്നാണ് അരിവിതരണം തടഞ്ഞത് സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ തര്‍ക്കമുണ്ടായി. വിവരമറിഞ്ഞ് റിട്ടേണിങ് ഓഫീസര്‍ ലൗസിയും സ്ഥലത്തെത്തി തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലുള്ളതിനാല്‍ അരി വിതരണം നടത്താന്‍കഴിയില്ലെന്ന് റിട്ടേണിംഗ് ഓഫീസറും അറിയിച്ചു
പിന്നാലെ പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. അരിയുമായെത്തിയ വാഹനം അടുത്ത പഞ്ചായത്തിലേക്ക് മാറ്റിയിടണമെന്ന് നിര്‍ദ്ദേശിച്ചു.
തുടര്‍ന്ന് തോളൂര്‍ പഞ്ചായത്തിലേക്ക് വാഹനം മാറ്റി. പിന്നീട് പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ വച്ച് അരി വിതരണം നടന്നു. മണലൂര്‍ മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിലൊന്നും ഭാരത് അരി വിതരണം നടത്താതെ മുല്ലശ്ശേരിയില് മാത്രം അരിയെത്തിയത് വോട്ട് തട്ടാനുള്ള തന്ത്രമാണെന്ന് വിമര്‍ശനം ഉയര്‍ന്നു. നേരത്തെ തൃശൂരില്‍ അരി വിതരണം നടത്തിയതും വിവാദമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയുടെ വിജയം ലക്ഷ്യമിട്ടാണ് അരിവിതരണം എന്നായിരുന്നു വിമര്‍ശനം.
അതേസമയം, മണലൂര്‍ മുല്ലശ്ശേരിയില് ഭാരത് അരിയുടെ വില്‍പ്പന മണലൂര്‍ എം.എല്‍.എ മുരളി പെരുനെല്ലിയുടെ നിര്‍ദ്ദേശപ്രകാരം പോലീസ് തടഞ്ഞത് ജനവിരുദ്ധനടപടിയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ്കുമാര്‍ കുറ്റപ്പെടുത്തി. തൊട്ടടുത്ത വാര്‍ഡില്‍ ഉപതെരെഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ട് വില കൊടുത്ത് ആളുകള്‍ അരി വാങ്ങാന്‍ പാടില്ലെന്ന് പറയുന്നത് എന്ത് നിയമം വെച്ചാണെന്ന് എം.എല്‍.എയും പോലീസും വിശദീകരിക്കണം. ഉപതെരെഞ്ഞെടുപ്പ് നടക്കുന്നിടത്ത് പണം നല്കി സാധനങ്ങള്‍ വാങ്ങാന്‍ പാടില്ലെന്ന വാദം വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Last Updated Feb 19, 2024, 9:31 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]