
പുരുഷന്മാരെ, പ്രത്യേകിച്ച് മദ്ധ്യവയസിലേക്കെത്തിയവരെയും അതിന് മുകളില്‍ പ്രായമുള്ളവരെയും ബാധിക്കാവുന്നൊരു ക്യാൻസര്‍ ആണ് പ്രോസ്റ്റേറ്റ് ക്യാൻസര്‍. പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന അര്‍ബുദമാണിത്. ആദ്യഘട്ടങ്ങളില്‍ കാര്യമായ ലക്ഷണങ്ങള്‍ കണ്ടേക്കില്ല എന്നതുകൊണ്ട് തന്നെ പ്രോസ്റ്റേറ്റ് ക്യാൻസര്‍ വൈകി കണ്ടെത്തുന്നത് സാധാരണമാണ്. ഇതിന് അനുസരിച്ച് ചികിത്സയുടെ തീവ്രതയും നാം കൂട്ടേണ്ടിവരും. എങ്കിലും പ്രോസ്റ്റേറ്റ് ക്യാൻസറിനും ഫലപ്രദമായ ചികിത്സ ഇന്ന് ലഭ്യം തന്നെ.
ഓരോ ക്യാൻസറിലേക്കും നമ്മെ നയിക്കുന്ന ചില ഘടകങ്ങളുണ്ട്. അതിലൊന്ന് തീര്‍ച്ചയായും പാരമ്പര്യഘടകം തന്നെയാണ്. നമ്മുടെ കുടുംബത്തില്‍ മുമ്പ് ആര്‍ക്കെങ്കിലും വന്നിട്ടുള്ള രോഗങ്ങളാണ് അധികവും നമ്മെയും തേടിയെത്തുക. പാരമ്പര്യഘടകങ്ങള്‍ അനുകൂലമായിരിക്കെ, നമ്മുടെ ജീവിതരീതികള്‍ കൂടി അനുകൂലമായാല്‍ ക്യാൻസര്‍ സാധ്യത പിന്നെയും ഇരട്ടിക്കുന്നു. അങ്ങെനയെങ്കില്‍ നമുക്ക് ആകെ ചെയ്യാവുന്നത് ജീവിതരീതികളില്‍ ശ്രദ്ധ പുലര്‍ത്തലാണ്.
ഇത്തരത്തില്‍ പ്രോസ്റ്റേറ്റ് ക്യാൻസറിനെ പ്രതിരോധിക്കാൻ പുരുഷന്മാര്ക്ക് ചെയ്യാവുന്നൊരു കാര്യത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. മറ്റൊന്നുമല്ല, പതിവായ വ്യായാമം തന്നെയാണ് പുരുഷന്മാര്ക്ക് ചെയ്യാവുന്ന പ്രതിവിധി. പതിവായ വ്യായാമം കൊണ്ട് പൂര്‍ണമായും പ്രോസ്റ്റേറ്റ് ക്യാൻസര്‍ അകന്നുപോകുമെന്നല്ല. മറിച്ച് ഇതിനുള്ള സാധ്യത വളരെയധികം കുറയ്ക്കാമെന്നാണ് പുതിയൊരു പഠനം പറയുന്നത്.
‘ദ ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്പോര്‍ട്സ് മെഡിസിൻ’ എന്ന പ്രമുഖ പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. സ്വീഡനില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. ഫിറ്റ് ആയിരിക്കുന്ന പുരുഷന്മാരില് പ്രോസ്റ്റേറ്റ് ക്യാൻസര്‍ സാധ്യത കുറഞ്ഞിരിക്കുമെന്നാണ് ഇവരുടെ കണ്ടെത്തല്‍. വര്‍ഷങ്ങളോളം നീണ്ട പഠനത്തിനൊടുവിലാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിച്ചേര്ന്നിരിക്കുന്നത്.
പൊതുവില്‍ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്ന പുരുഷന്മാരിലും പ്രോസ്റ്റേറ്റ് ക്യാൻസര്‍ സാധ്യത കുറഞ്ഞിരിക്കുന്നതായി ഇവര്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവുമധികം കാണുന്ന ആദ്യ പത്ത് ക്യാൻസറുകളിലൊന്നാണ് പ്രോസ്റ്റേറ്റ് ക്യാൻസര്‍. ദീര്‍ഘകാലം കൊണ്ട് പുരോഗമിക്കുന്ന പ്രോസ്റ്റേറ്റ് ക്യാൻസറും, ഹ്രസ്വകാലം കൊണ്ട് പുരോമിക്കുന്ന പ്രോസ്റ്റേറ്റ് ക്യാൻസറുമുണ്ട്. പലരും പരിശോധന നടത്താതിരിക്കുന്നത് മൂലം ക്യാൻസര്‍ ബാധയെ കുറിച്ച് അറിയാതെയുമിരിക്കാം. പ്രാരംഭഘട്ടങ്ങളില്‍ ലക്ഷണങ്ങളൊന്നുമുണ്ടായിരിക്കില്ല എന്നത് ഈ അജ്ഞതയ്ക്ക് വലിയ കാരണവുമാകുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
Last Updated Feb 18, 2024, 9:13 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]