
ഈ ആഴ്ച മുതല്‍ തിയറ്ററുകളില്‍ പുതിയ മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന തിയറ്റര്‍ ഉടമകളുടെ സംഘടന ഫിയോകിന്റെ തീരുമാനത്തിനെതിരെ നിര്‍മ്മാതാക്കളും വിതരണക്കാരും. സിനിമകൾ തിയറ്ററിൽ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞ് മാത്രമേ ഒടിടിയ്ക്ക് നൽകാവൂ എന്ന വ്യവസ്ഥ പല നിർമാതാക്കളും തെറ്റിക്കുന്നുവെന്ന് ആരോപിച്ചാണ് ഫിയോക് നേരത്തെ തീരുമാനം പ്രഖ്യാപിച്ചിരുന്നത്. ഇതിനെതിരെയാണ് നിര്‍മ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും രംഗത്തെത്തിയിരിക്കുന്നത്.
ഫെബ്രുവരി 22 ന് തിയറ്ററുകളില്‍ എത്തേണ്ട മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിന്റെയും തുടര്‍ന്നെത്തുന്ന മറ്റ് മലയാള ചിത്രങ്ങളുടെയും റിലീസ് തടസപ്പെടില്ലെന്ന് ഇരു സംഘടനകളും ചേര്‍ന്ന് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. “ഞങ്ങളോട് എന്നും ഊഷ്മള ബന്ധം പുലര്‍ത്തുന്ന കേരളത്തിലെ തിയറ്ററുകള്‍ മഞ്ഞുമ്മല്‍ ബോയ്സ് പ്രദര്‍ശിപ്പിക്കുമെന്ന് കരാറിലേര്‍പ്പെട്ടുകൊണ്ട് ഞങ്ങളെ അറിയിച്ചിട്ടുണ്ട്. ആ തിയറ്ററുകളുമായി തുടര്‍ന്നും ഞങ്ങള്‍ സഹകരിക്കുമെന്ന് സന്തോഷപൂര്‍വ്വം അറിയിക്കുന്നു. ഈ ചിത്രം പ്രദര്‍ശിപ്പിക്കാത്ത തിയറ്ററുകളുമായി തുടര്‍ സഹകരണം വേണ്ടതില്ലെന്നാണ് ഞങ്ങളുടെ തീരുമാനം”, വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
അതേസമയം തിയറ്ററിൽ മികച്ച കളക്ഷൻ നേടുന്ന സിനിമകൾ പോലും ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഒടിടിയിൽ വരുന്നത് തിയറ്റർ ഉടമകൾക്ക് തിരിച്ചടിയാകുന്നതായാണ് ഫിയോകിന്റെ വാദം. റിലീസ് സമയത്തെ നിർമാതാക്കളുടെ തിയറ്റർ വിഹിതം 60ശതമാനത്തില്‍ നിന്ന് 55 ശതമാനമായി കുറയ്ക്കണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു. സിംഗിൾ സ്ക്രീൻ തിയറ്ററുകളെ ഒതുക്കി മൾട്ടിപ്ലക്സുകളെ നിർമാതാക്കൾ സഹായിക്കുന്നുവെന്നും ഫിയോക് ഭാരവാഹികള്‍ ആരോപിക്കുന്നു. അതേസമയം റിലീസ് നിർത്തിവെക്കുമെന്ന് തങ്ങളെ അറിയിച്ചിട്ടില്ലെന്ന് ഫിലിം ചേംമ്പർ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]