
കൊൽക്കത്ത: പശ്ചിമബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങളുടെ പേര് വിവാദമായ സംഭവത്തിൽ പ്രതികരണവുമായി വിഎച്ച്പി അഭിഭാഷകൻ ശുഭാങ്കർ ദത്ത ഏഷ്യാനെറ്റ് ന്യൂസിനോട്. അക്ബർ എന്ന ആൺസിംഹത്തോടൊപ്പം സീത എന്ന പെൺസിംഹത്തെ പാർപ്പിക്കരുതെന്ന വിചിത്ര ഹർജിയാണ് കഴിഞ്ഞ ദിവസം കോടതിയിലെത്തിയത്. സീത എന്ന പേര് മാറ്റി പുതിയ പേരിടണമെന്ന് കോടതിയിൽ പുതിയ അപേക്ഷ നൽകുമെന്ന് അഭിഭാഷകൻ ശുഭാങ്കർ ദത്ത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പ്രധാന ഹർജിക്കൊപ്പമായിരിക്കും പുതിയ അപേക്ഷ നൽകുക. ആരാധനമൂർത്തികളുടെ പേര് മൃഗങ്ങൾക്ക് നൽകരുതെന്നും പേര് മാറ്റാൻ ബംഗാൾ സർക്കാർ തയ്യാറാകണമെന്നും അഭിഭാഷകൻ അഭിപ്രായപ്പെട്ടു. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതിനാലാണ് കോടതിയിൽ എത്തിയത്. കോടതിയിൽ നിന്ന് അനൂകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അഭിഭാഷകൻ വ്യക്തമാക്കി.
ഫെബ്രുവരി 16 നാണ് കൊൽക്കത്ത ഹൈക്കോടതിയുടെ ജൽപൈഗുരി ബെഞ്ചിന് മുന്നിൽ വിചിത്ര ഹർജി എത്തിയത്. അക്ബർ സിംഹത്തെ സീത സിംഹത്തോടൊപ്പം പാർപ്പിക്കരുതെന്നായിരുന്നു ഹർജി.വിശ്വ ഹിന്ദു പരിഷത്തിന്റെ ബംഗാൾ ഘടകത്തിന്റെ ഹർജി ഈ മാസം 20ന് പരിഗണിക്കും.
അടുത്തിടെയാണ് ത്രിപുരയിലെ സെപാഹിജാല പാർക്കിൽ നിന്നാണ് സിംഹങ്ങളെ ഇവിടേക്ക് എത്തിച്ചത്. പാർക്കിലെ മൃഗങ്ങളെ പേരുകൾ മാറ്റാറില്ലെന്നാണ് സഫാരി പാർക്ക് അധികൃതർ പറയുന്നത്. സംസ്ഥാന വനംവകുപ്പിനേയും ബംഗാൾ സഫാരി പാർക്കിനേയും എതിർ കക്ഷികളാക്കിയാണ് വിശ്വ ഹിന്ദു പരിഷത്തിന്റെ ഹർജി. പാർക്കിലെത്തുന്നതിന് മുൻപ് തന്നെ സിംഹങ്ങൾക്ക് പേരുണ്ടെന്നാണ് ബംഗാൾ വനംവകുപ്പ് വിശദീകരിക്കുന്നത്.
Last Updated Feb 18, 2024, 9:46 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]