
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ ചാലക്കുടിയില്‍ സിനിമ താരത്തെ ഇറക്കാൻ സിപിഎം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. സിനിമ രംഗത്തുനിന്നുള്ള വനിത സ്ഥാനാർഥിയാകാനുള്ള സാധ്യതയും ചാലക്കുടിയിലുണ്ടെന്നാണ് സൂചന. മുൻ മന്ത്രി സി രവീന്ദ്രനാഥിനാണ് മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഇതിനിടെയാണ് സിനിമ താരത്തിന്റെ പേര് കൂടെ ഉയര്‍ന്ന് വരുന്നത്.
കൂടാതെ, സാജു പോള്‍, ബി ഡി ദേവസി എന്നിവരെയും പരിഗണിക്കുന്നുണ്ട്. മഞ്ജു വാര്യരെ മത്സരിപ്പിക്കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ആ നീക്കത്തെ കുറിച്ച് കൂടുതല്‍ വ്യക്തതകള്‍ വന്നിട്ടില്ല. മുമ്പ് ഇന്നസെന്റ് മത്സരിച്ച് വിജയിച്ച ചരിത്രമാണ് സിനിമ താരത്തെ ഇറക്കിയുള്ള പരീക്ഷണം നടത്താമെന്ന ആലോചനകള്‍ക്ക് പിന്നിലെ കാരണം. പക്ഷേ, മഞ്ജു വാര്യര്‍ ഇക്കാര്യത്തില്‍ ആദ്യം സമ്മതം മൂളണം.
അതേസമയം, എറണാകുളം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥി പട്ടികയിൽ ഒരുപേരിലെയ്ക്കെത്താനാകാതെ സിപിഎം വിഷമിക്കുകയാണ്. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് സ്ഥാനാർഥി വിഷയം ചർച്ച ചെയ്തെങ്കിലും ഒരു തീരുമാനവുമായില്ല. സ്ഥാനാർത്ഥി പട്ടിക വീണ്ടും ചർച്ച ചെയ്യാൻ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം യേശുദാസ് പറപ്പള്ളി, കെ എസ് അരുൺ കുമാർ എന്നിവരുടെ പേര് പാർട്ടി സ്ഥാനാർത്ഥി ആയി ചർച്ചയ്ക്ക് വന്നു. ഇതിനു പുറമെ പൊതുസമ്മതനെ കൂടി നോക്കുന്നുണ്ട്. കെ വി തോമസിന്റെ മകൾ രേഖ തോമസിന്റെ പേര് പുറമെ ചർച്ച ആയെങ്കിലും പാർട്ടി ചർച്ച ചെയ്തിട്ടില്ല.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിലെ അപാകത ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ ഉണ്ടാകരുതെന്ന് നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സ്ഥാനാർത്ഥി ചിത്രം ഏകദേശം തെളിഞ്ഞിട്ടുണ്ട്. ഒരു പൊളിറ്റ് ബ്യൂറോ അംഗം, നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, ഒരു മന്ത്രി, മൂന്ന് എംഎൽഎമാര്‍, മൂന്ന് ജില്ലാ സെക്രട്ടറിമാര്‍ അടങ്ങുന്ന പ്രബലമായ സ്ഥാനാർത്ഥി പട്ടികയാണ് സിപിഎം തയ്യാറാക്കുന്നത്. മലപ്പുറം, പൊന്നാനി എറണാകുളം, ചാലക്കുടി സീറ്റുകളിലാണ് ഇനി തീരുമാനം വരേണ്ടത്.
Last Updated Feb 18, 2024, 8:58 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]