
പ്രണയദിനത്തിൽ ഏറ്റവും പ്രിയപ്പെട്ട പ്രണയഗാനങ്ങളിൽ ഒന്നിനെ കുറിച്ച്
“അഭിനയിച്ചോളൂ; നൃത്തം ചെയ്തോളൂ; പാട്ടു പാടിക്കൊള്ളൂ. ഇഷ്ടമുള്ള എന്തും ചെയ്തോളൂ. പക്ഷെ ഇത്ര തീവ്രമായി പ്രണയിക്കരുത് ആരേയും.”
നടൻ വിനീതിനോടാണ് ഉപദേശം; കടുത്ത ആരാധികയായ ഒരു കോളേജ് കുമാരിയുടെ വക. ഉപദേശം കൈമാറേണ്ട ചുമതലയാകട്ടെ എനിക്കും. ഏറ്റവും പ്രിയപ്പെട്ട പ്രണയ ഗാനങ്ങളിൽ ഒന്നായി ഒരു ടെലിവിഷൻ ചാനലിന് വേണ്ടി “മെയ് മാത” (1994) ത്തിലെ “എൻ മേൽ വിഴുന്ത മഴൈത്തുള്ളിയെ ഇത്തനൈ നാളായ് എങ്കിരുന്താ” തിരഞ്ഞെടുത്തു കണ്ടതിന്റെ ആവേശത്തിൽ വിളിക്കുകയായിരുന്നു, “പാട്ടെഴുത്തു”ലേഖനങ്ങളുടെ സ്ഥിരം വായനക്കാരനായ സർക്കാർ ഉദ്യോഗസ്ഥന്റെ അനിയത്തി കൂടിയായ ആ പെൺകുട്ടി.
ഇതുവരെ പറഞ്ഞിട്ടില്ല വിനീതിനോട് ഇക്കാര്യം. എങ്കിലും എ ആർ റഹ്മാന്റെ സംഗീതത്തിൽ ജയചന്ദ്രനും ചിത്രയും ഹൃദയം നൽകി പാടിയ ആ പ്രണയഗാനം ഇന്ന് കേൾക്കുമ്പോഴും കാണുമ്പോഴും ആദ്യം ഓർമ്മയിലെത്തുക കൗമാരക്കാരിയായ “വിനീതാരാധിക”യുടെ പരിഭവം കലർന്ന വാക്കുകൾ തന്നെ.
കുറ്റം പറഞ്ഞുകൂടാ; അത്രയും പ്രണയമധു നിറച്ചുവെച്ചിരിക്കുകയല്ലേ വിനീതും സൊനാലി കുൽക്കർണിയും ആ ഗാനരംഗത്തെ ഓരോ ഷോട്ടിലും. എങ്ങനെ അസൂയ തോന്നാതിരിക്കും?
“വളരെ ഇന്റിമേറ്റ് ആയ സീൻ ആയിരുന്നു.” – വിനീതിന്റെ ഓർമ്മ. “മഹാബലിപുരത്തിന്റെ മിസ്റ്റിക്കൽ അന്തരീക്ഷവും പി. സി ശ്രീറാമിന്റെ അസാധ്യമായ ക്യാമറ വർക്കും ലൈറ്റിങും കൂടി ചേർന്നപ്പോൾ ആ രംഗത്തിന് നമ്മളാരും പ്രതീക്ഷിക്കാത്ത മാനം കൈവന്നു എന്നതാണ് സത്യം. പിന്നെ, ജയേട്ടന്റെയും ചിത്രയുടെയും ഭാവദീപ്തമായ ആലാപനവും….” അഭിനയിച്ച ഏറ്റവും പ്രിയപ്പെട്ട ഗാനരംഗങ്ങളിൽ “മെയ് മാത”ത്തിലെ ഈ പാട്ടുമുണ്ടെന്ന് വിനീത്.
വെള്ളിത്തിരയിൽ ചിത്രീകരിച്ചു കാണും മുൻപേ എന്റെ മനസ്സിൽ പതിഞ്ഞ പാട്ടാണ് “എൻ മേൽ വിഴുന്ത മഴൈത്തുള്ളി.” ജയചന്ദ്രന്റെ ശബ്ദവും ഭാവമധുരമായ ആലാപനവും ചേർന്ന് സൃഷ്ടിച്ച മാജിക്. പിന്നെ വൈരമുത്തുവിന്റെ ലളിതസുന്ദരമായ വരികൾ. ഈണം കൊണ്ട് വെറുതെ ഒന്ന് സ്പർശിച്ചിട്ടേയുള്ളൂ റഹ്മാൻ ആ വരികളെ. അമിത വാദ്യഘോഷമില്ല, ദൃശ്യ പ്രളയമില്ല. മൂന്ന് പതിറ്റാണ്ടിനിപ്പുറവും ഏറ്റവും പ്രിയപ്പെട്ട പ്രണയഗാനങ്ങളിൽ ഒന്നായി ആ ഗാനത്തെ നിലനിർത്തുന്നത് ഈ ലാളിത്യം കൂടിയാവാം.
ചോദ്യോത്തര മാതൃകയിലാണ് വൈരമുത്തുവിന്റെ രചന. സ്വന്തം ശരീരത്തിൽ വന്നു വീണ മഴത്തുള്ളിയോട് ഇത്രനാൾ എങ്ങായിരുന്നു നീ എന്ന് ചോദിക്കുന്ന കാമുകൻ. ഏറ്റവും ഇഷ്ടം തോന്നിയത് ചരണത്തിലെ വരികളോടാണ്: “എന്നൈ മയക്കിയ മെല്ലിശൈയേ ഇത്തനൈ നാളായ് എങ്കിരുന്തായ്, ഉടമ്പിൽ ഉരുകിൻട്ര ഓരുയിർ പോൽ ഉനക്കുൾ താനേ നാൻ ഇരുന്തേൻ..” എന്നെ മയക്കിയ മധുരസംഗീതമേ ഇത്ര നാൾ എങ്ങായിരുന്നു നീ? ഉടലിനുള്ളിലെ ഉയിർ പോലെ നിന്റെയുള്ളിൽ എന്നും ഉണ്ടായിരുന്നു ഞാൻ…” (വരികളുടെ ആശയം മാത്രം)
“ഇലൈയും മലരും ഉരസുകൈയിൽ എന്ന ബാഷൈ പേശിടുമോ” (ഇലയും പൂവും പരസ്പരം ആശ്ലേഷിമ്പോൾ സംസാരിക്കുന്നത് ഏത് ഭാഷയിലാകും?) എന്ന് കാമുകിയുടെ ചോദ്യം. അലൈയും കരൈയും ഉരസുകൈയിൽ പേശും ബാഷൈ പേശിടുമോ” എന്ന് കാമുകൻ. മണ്ണും വിണ്ണും ഉരസുകൈയിൽ എന്ന പാഷൈ പേശിടുമോ? — കാമുകിയുടെ ചോദ്യം. പാർവൈ രണ്ടും പേശിക്കൊണ്ടാൽ ബാഷൈ ഊമൈ ആയിടുമോ ? മിഴികൾ പരസ്പരം കഥ പറയുമ്പോൾ മൊഴിയിൽ മൗനം നിറയുമോ? വാക്കുകളിൽ, വരികളിൽ ശബ്ദത്താൽ പ്രണയം നിറയ്ക്കുന്നു ജയചന്ദ്രനും ചിത്രയും. ഇന്നും കേട്ടുമതിവന്നിട്ടില്ല ആ ഗാനം.
മുൻപും എത്രയോ അനശ്വര ഗാനരംഗങ്ങൾക്ക് പശ്ചാത്തലമൊരുക്കിയിട്ടുണ്ട് മഹാബലിപുരം. പക്ഷേ പല്ലവശില്പചാരുത ഇത്ര കാവ്യാത്മകമായി പകർത്തിയ ഗാനരംഗങ്ങൾ വേറെയുണ്ടോ എന്ന് സംശയം. ശിലാശില്പങ്ങളും കൊത്തുപണികൾ നിറഞ്ഞ ഗുഹാക്ഷേത്രങ്ങളുമെല്ലാം കടന്നുവരുന്നുണ്ട് പാട്ടിന്റെ പശ്ചാത്തലത്തിൽ. പ്രണയത്തെ അതീന്ദ്രിയവും വിശുദ്ധവുമായ ഏതോ തലത്തിലേക്കുയർത്തുന്ന അന്തരീക്ഷം. “ക്ഷേത്രത്തിനകത്ത് ചിത്രീകരണം നടത്താൻ പുരാവസ്തു വകുപ്പിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയിരുന്നു എന്നാണ് അറിവ്.”– വിനീത് പറയുന്നു. പുലർച്ചെ നാല് മണിക്ക് തുടങ്ങി രാത്രി വൈകുവോളമുണ്ടായിരുന്നു ചിത്രീകരണം. സൂര്യോദയത്തിന് തൊട്ടു മുൻപുള്ള മാജിക് അവേഴ്സ് മനോഹരമായി ഉപയോഗപ്പെത്തിയിട്ടുള്ള രംഗം കൂടിയാണിത്.
റഹ്മാന് വേണ്ടി അധികം ഗാനങ്ങളൊന്നും പാടിയിട്ടില്ല ജയചന്ദ്രൻ. പക്ഷേ പാടിയ പാട്ടുകൾ മിക്കതും ശ്രദ്ധേയം. തമിഴ്നാട് സർക്കാരിന്റെ മികച്ച ഗായകനുള്ള അവാർഡ് നേടിക്കൊടുത്ത “കിഴക്ക് ചീമയിലെ” എന്ന ചിത്രത്തിലെ കത്താഴ കാട്ടുവഴി , കന്നത്തിൽ മുത്തമിട്ടാനിലെ ശീർഷക ഗാനം, വണ്ടിച്ചോലൈ ചിന്നരാസുവിലെ ചിത്തിര നിലവ് എന്നിവ ഓർക്കുക. സിനിമാജീവിതത്തിന്റെ പതിനഞ്ചാം വാർഷികവേളയിൽ ഏറ്റവും പ്രിയപ്പെട്ട പത്ത് പാട്ടുകൾ ഒരു മാസികയ്ക്ക് വേണ്ടി തിരഞ്ഞെടുത്തപ്പോൾ “എൻ മേൽ വിഴുന്ത മഴൈത്തുള്ളി”യും ആ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു റഹ്മാൻ എന്നോർക്കുന്നു.
ചിത്രയുടെയും പ്രിയഗാനങ്ങളിൽ ഒന്നാണ് കാപി രാഗ സ്പർശമുള്ള “എൻ മേൽ വിഴുന്ത മഴൈത്തുള്ളി”. പതിവുപോലെ മനോധർമ്മപ്രകടനം യഥേഷ്ടം നടത്താനുള്ള സ്വാതന്ത്ര്യം റഹ്മാൻ അനുവദിച്ച പാട്ട്. “ഓരോ വരിയും പല തവണ ഇംപ്രുവൈസ് ചെയ്ത് പാടിയത് ഓർമ്മയുണ്ട്. അവയിൽ നിന്ന് ഏറ്റവും ഇഷ്ടപ്പെട്ടത് തിരഞ്ഞെടുത്ത് ഉപയോഗിക്കുന്നതാണ് റഹ്മാന്റെ ശൈലി. ഫൈനൽ വേർഷൻ കേൾക്കുമ്പോൾ നമ്മൾ അത്ഭുതപ്പെട്ടുപോകും..” — ചിത്രയുടെ വാക്കുകൾ.
വിഖ്യാതമായ “റോമൻ ഹോളിഡേ” (1953) യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മണിരത്നത്തിന്റെ അടുത്ത ബന്ധു വീനസ് ബാലു സംവിധാനം ചെയ്ത “മെയ് മാതം” ബോക്സ്ഓഫീസിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കിയില്ല. ഇന്ന് ഈ പടം ഓർമ്മയിൽ അവശേഷിപ്പിക്കുന്നത് മനോഹരമായ ഗാനങ്ങളും ഗാനരംഗങ്ങളും മാത്രം. പിൽക്കാലത്ത് ബോളിവുഡിലും മറാഠി സിനിമയിലും ഒരുപോലെ തിളങ്ങിയ സൊനാലി കുൽക്കർണിയുടെ രണ്ടാമത്തെ ചിത്രമായിരുന്നു “മെയ് മാതം” എന്ന പ്രത്യേകത കൂടിയുണ്ട്.
“കാബൂളിവാലയുടെ ഷൂട്ടിംഗ് കഴിഞ്ഞു നേരെ മെയ് മാതത്തിൽ ജോയിൻ ചെയ്യുകയായിരുന്നു ഞാൻ.”– വിനീതിന്റെ ഓർമ്മ. “മുപ്പത് വർഷത്തിനിപ്പുറം ആ സിനിമ കാണുമ്പോൾ അന്നത്തെ സാങ്കേതിക പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് എത്ര ഭംഗിയായായാണ് ശ്രീറാം ഗാനരംഗങ്ങൾ ചിത്രീകരിച്ചിട്ടുള്ളത് എന്ന് തോന്നാറുണ്ട്. മാന്ത്രികമായ ലൈറ്റിങ് ആണ് ആ ഷോട്ടുകളുടെ ഏറ്റവും വലിയ ആകർഷണം. ആ ഗാനങ്ങൾ ജനം ഏറ്റെടുത്തതിന് പിന്നിൽ ശ്രീറാമിന്റെ ക്യാമറക്കുമുണ്ട് നല്ലൊരു പങ്ക്..”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാലന്റൈൻസ് ദിനത്തലേന്ന് ഒരിക്കൽ കൂടി ആ ഗാനരംഗം കണ്ടപ്പോൾ കാതിൽ അതേ പരിഭവ ശബ്ദം വീണ്ടും: “വിനീതേട്ടനോട് പറയണേ. ഇത്ര തീവ്രമായി പ്രണയിക്കരുത് ആരേയും എന്ന്.” അന്നത്തെ കൗമാരക്കാരി ഇപ്പോൾ അൻപതിന്റെ പടിവാതിലിൽ എത്തിയിട്ടുണ്ടാകും. എങ്കിലെന്ത്? പാട്ടിന് ഇപ്പോഴും മധുരപ്പതിനേഴ് തന്നെ.