
ഒരു സിനിമയ്ക്ക് മികച്ച മൗത്ത് പബ്ലിസിറ്റി ലഭിക്കുക എന്നത് വളരെ അപൂർവമാണ്. പ്രത്യേകിച്ച് ഇതര ഭാഷകളിൽ അടക്കം. അത്തരത്തിൽ പ്രേക്ഷക പ്രതികരണം ലഭിച്ചു കഴിഞ്ഞാൽ ഉറപ്പിക്കാം ആ സിനിമ സൂപ്പർ ഹിറ്റാണ് എന്ന്. അക്കൂട്ടത്തിലേക്ക് ഏറ്റവും ഒടുവിൽ എത്തിയിരിക്കുന്ന എൻട്രിയാണ് ഭ്രമയുഗം. സമീപകാലത്തെ റിലീസുകളിൽ ഇതര ഭാഷകളിലും നാടുകളിലും ഈ മമ്മൂട്ടി ചിത്രത്തോളം സംസാരവിഷമായ മറ്റൊന്നുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. കേരളവും രാജ്യവും കടൽ കടന്നും ഭ്രമയുഗം പോസിറ്റീവ് റസ്പോൺസോടെ മുന്നേറുകയാണ്.
വിവിധ രാജ്യങ്ങളിൽ മികച്ച സ്ക്രീൻ കൗണ്ടോടെയാണ് ഭ്രമയുഗം പ്രദർശനം തുടരുന്നത്. പ്രത്യേകിച്ച് ജിസിസി രാജ്യങ്ങളിൽ. ഔദ്യോഗിക വിശദീകരണം പ്രകാരം 750ഓളം സ്ക്രീനുകളിലാണ് ഇവിടെ മമ്മൂട്ടി ചിത്രം പ്രദർശിപ്പിക്കുന്നത്. നിലവിൽ മുപ്പത്തി അഞ്ചോളം രാജ്യങ്ങളിലാണ് ഭ്രമയുഗം റിലീസ് ചെയ്തിരിക്കുന്നത് എന്നാണ് ഔദ്യോഗിക വിവരം. ചിത്രത്തിന് മികച്ച പ്രതികരണങ്ങളും ജനശ്രദ്ധ വലിയ തോതിലും ആയതോടെ കൂടുതൽ രാജ്യങ്ങളിലേക്ക് ഭ്രമയുഗം റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ.
ഭ്രമയുഗത്തിന്റെ ഔദ്യോഗിക പേജ് വഴി ടീം അംഗങ്ങൾ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അടുത്താഴ്ച മുതൽ എട്ട് രാജ്യങ്ങളിൽ കൂടിയാണ് ഭ്രമയുഗം റിലീസ് ചെയ്യുന്നത്. ലക്സംബർഗ്, ബെൽജിയം, സ്വീഡൻ, ലിത്വാനിയ, ഫിൻലാന്റ്, എസ്റ്റോണിയ, താജിക്കിസ്ഥാൻ, റഷ്യ എന്നിവിടങ്ങളിലാണ് റിലീസ്. പന്ത്രണ്ട് യുറോപ്പ് രാജ്യങ്ങളിലും ആറ് ജിസിസി രാജ്യങ്ങളിലും ആയിരുന്നു ഭ്രമയുഗം ആദ്യം റിലീസ് ചെയ്തത്. ഒപ്പം യുഎസ്എ, കാനഡ, ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിലും റിലീസ് ഉണ്ടായിരുന്നു.
അതേസമയം, മികച്ച പ്രേക്ഷക-നിരൂപക പ്രശംസകൾ ലഭിക്കുന്നതും കൂടുതൽ രാജ്യങ്ങളിലേക്ക് ചിത്രം വ്യാപിപ്പിക്കുന്നതും കളക്ഷനിൽ വൻ മുന്നേറ്റത്തിന് വഴി തെളിയിക്കുമെന്ന് ഉറപ്പാണ്. റിലീസ് ചെയ്ത രണ്ട് ദിവസത്തിൽ തന്നെ പതിനഞ്ച് കോടി അടുപ്പിച്ച് മമ്മൂട്ടി ചിത്രം നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. എന്തായാലും മികച്ച കളക്ഷൻ ആകും ഭ്രമയുഗത്തിന് ലഭിക്കുക എന്ന കാര്യത്തിൽ സംശയമുണ്ടാകില്ല. രാഹുൽ സദാശിവൻ ആണ് ചിത്രത്തിന്റെ സംവിധാനം.
Last Updated Feb 17, 2024, 8:25 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]