
ആര്‍ത്തവസമയത്ത് വേദന അനുഭവപ്പെടുന്നത് പല സ്ത്രീകള്‍ക്കും പതിവാണ്. ചെറിയ വേദനയും അസ്വസ്ഥതയും അനുഭവപ്പെടുന്നത് ആര്‍ത്തവദിനങ്ങളില്‍ സാധാരണവും ആണ്. എന്നാല്‍ അധികമായ വേദന ‘നോര്‍മല്‍’ ആയി കണക്കാക്കാൻ സാധിക്കില്ല. എന്ന് മാത്രമല്ല ഇത് മറ്റ് സങ്കീര്‍ണതകളെയും സൂചിപ്പിക്കുന്നതാണ്.
ഇത്തരത്തില്‍ സ്ത്രീകളെ ബാധിക്കുന്ന ‘എൻഡോമെട്രിയോസിസ്’ എന്ന രോഗത്തിന്റെ സൂചനയായും ആര്‍ത്തവസമയത്ത് കഠിനമായ വേദന അനുഭവപ്പെടാം. പക്ഷേ ഇത് ആര്‍ത്തവ വേദനയായി തന്നെ തെറ്റിദ്ധരിക്കാനാണ് സാധ്യത.
‘എൻഡോമെട്രിയോസിസ്’ എന്നാല്‍ ഗര്‍ഭപാത്രത്തിന്റെ ഭിത്തിയില്‍ നിന്ന് കോശകലകള്‍ പുറത്തേക്ക് വളരുന്ന അവസ്ഥയെന്ന് ലളിതമായി പറയാം. വന്ധ്യത, ആര്‍ത്തവസംബന്ധമായ പ്രശ്നങ്ങള്‍, കടുത്ത വേദന എന്നിങ്ങനെയുള്ള പ്രയാസങ്ങളെല്ലാം ‘എൻഡോമെട്രിയോസിസ്’ തീര്‍ക്കുന്നു. ഇത് ചികിത്സയിലൂടെ നമുക്ക് ഭേദപ്പെടുത്തിയെടുക്കാൻ സാധിക്കുന്നതാണ്. എന്നാല്‍ സമയത്തിന് ചികിത്സ എടുത്തില്ലെങ്കില്‍ അത് അപകടവുമാണ്.
ആര്‍ത്തവ വേദനയും ‘എൻഡോമെട്രിയോസിസ്’ വേദനയും തമ്മില്‍ തിരിച്ചറിയാൻ മാര്‍ഗങ്ങളുണ്ട്. ഒന്നാമതായി ശ്രദ്ധിക്കേണ്ടത് വേദനയുടെ കാഠിന്യം തന്നെ. ‘എൻഡോമെട്രിയോസിസ്’ വേദന അതികഠിനമായിരിക്കും. നമുക്ക് സാധാരണ ചെയ്യുന്ന കാര്യങ്ങളൊന്നും ചെയ്യാൻ സാധിക്കാത്ത വിധം വേദന വരാം.
ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ വേദന, ആര്ത്തവമില്ലാത്തപ്പോഴായാലും മല-മൂത്ര വിസര്‍ജ്ജനസമയത്ത് വേദന, അടിവയര്‍ വേദന, നടുവേദന എന്നിവ പതിവായിട്ടുണ്ടെങ്കില് അത് ‘എൻഡോമെട്രിയോസിസ്’ ആകാൻ സാധ്യതകളേറെയാണ്. ഗര്‍ഭധാരണത്തിന് ശ്രമിച്ചിട്ടും ഗര്‍ഭധാരണം നിരന്തരം നടക്കാതെ പോകുന്നുണ്ടെങ്കിലും ശ്രദ്ധിക്കണം. ഇതും ‘എൻഡോമെട്രിയോസിസ്’ ലക്ഷണം തന്നെയാണ്.
വീട്ടിലാര്‍ക്കെങ്കിലും ‘എൻഡോമെട്രിയോസിസ്’ ഉണ്ടായിട്ടുണ്ടെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കണം. കാരണം പാരമ്പര്യഘടകങ്ങള്‍ ഇതില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. അതുപോലെ 11 വയസിന് മുമ്പ് ആര്ത്തവമുണ്ടായിട്ടുള്ളവരിലും ‘എൻഡോമെട്രിയോസിസ്’ സാധ്യത കൂടുതലാണ്. ഇവരെല്ലാം തന്നെ നേരത്തെ സൂചിപ്പിച്ച ലക്ഷണങ്ങള്‍ കാണുന്നുവെങ്കില്‍ വൈകാതെ തന്നെ ഡോക്ടറെ കണ്ട് വേണ്ട പരിശോധന നടത്തുന്നത് ഉചിതമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
Last Updated Feb 17, 2024, 9:43 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]