
ഇടവേളയ്ക്ക് ശേഷം താൻ തൊഴില്‍രംഗത്തേക്ക് മടങ്ങിവരുന്നുവെന്ന് പ്രഖ്യാപിച്ച് നടി സാമന്ത റൂത്ത്. ‘സിറ്റഡല്‍’ എന്ന വെബ് സിരീസിന് ശേഷം ഏഴ് മാസം താരം ഇടവേള എടുത്തിരുന്നു. ആരോഗ്യപരമായ കാരണങ്ങൾ മൂലമാണ് നടി ജോലിയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്.
സിനിമയിലൂടെയല്ല, പോഡ്കാസ്റ്റിലൂടെയാണ് നടിയുടെ തിരിച്ചുവരവ്. തന്റെ സുഹൃത്തിനൊപ്പം ഹെൽത്ത് പോഡ്കാസ്റ്റ് ചെയ്യാൻ പോകുന്നുവെന്ന് സാമന്ത സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. താൻ ഇത് ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നുവെന്നും എന്നാൽ വളരെയധികം ഇഷ്ടപ്പെടുന്നുവെന്നും താരം പറഞ്ഞു. അടുത്ത ആഴ്ച പോഡ്കാസ്റ്റ് പുറത്തിറങ്ങുമെന്നും എല്ലാവർക്കുമത് ഉപകാരപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സാമന്ത കൂട്ടിച്ചേർത്തു.
പേശികളെ ബാധിക്കുന്ന മയോസൈറ്റിസ് രോഗത്തിന്റെ പിടിയിലാണെന്ന് സാമന്ത നേരത്തെ അറിയിച്ചിരുന്നു. എല്ലുകൾക്ക് ബലക്ഷയവും ശരീരത്തിന് വേദനയും അനുഭവപ്പെടുന്ന രോഗമാണ് മയോസൈറ്റിസ്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന അസുഖമാണിത്. കഴുത്തിലും തോളിലും തുടകളിലും ശരീരത്തിന്റെ പിൻഭാഗങ്ങളിലുമുള്ള മസിലുകളെയെല്ലാം ഇത് ബാധിക്കും. തുടർചികിത്സയ്ക്കും വിശ്രമത്തിനുമായാണ് താരം സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നത്.
2022 അവസാനത്തോടെയാണ് നടി രോഗവിവരം വെളിപ്പെടുത്തുന്നത്. രോഗനാളുകളിൽ താനനുഭവിച്ച ബുദ്ധിമുട്ടുകളേക്കുറിച്ച് താരം ഈയടുത്ത് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. പ്രാർത്ഥനകളുടെയും പൂജകളുടെയും ഒരു വർഷമായിരുന്നു ഇക്കഴിഞ്ഞത് എന്ന് താരം പറഞ്ഞു.
വിജയ് ദേവരകൊണ്ട നായകനാവുന്ന ‘ഖുശി’യാണ് സാമന്തയുടേതായി ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. ഇടവേള എടുത്ത സമയത്ത് ചില നിർമാതാക്കൾക്ക് നടി അഡ്വാൻസ് തിരികെ നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]