
പത്തനംതിട്ട: ഒന്നിൽ കൂടുതൽ വോട്ടർ ഐഡി ലഭിച്ച അമ്പരപ്പിലാണ് പത്തനംതിട്ട വെണ്ണിക്കുളം സ്വദേശി ബെഞ്ചമിന്‍ സി. ബോസ്. വോട്ടർ ഐഡിക്ക് വേണ്ടി അപേക്ഷിച്ച ബെഞ്ചമിന്‍ ലഭിച്ചത് 3 വോട്ടേർസ് ഐഡികളാണ്. ഒറ്റ അപേക്ഷയിൽ മൂന്ന് തിരിച്ചറിയൽ കാർഡുകൾ ലഭിച്ചതിന്റെ ആശ്ചര്യത്തിലാണ് ബെഞ്ചമിനും കുടുംബവും.
ആറുമാസം മുമ്പാണ് ബെഞ്ചമിൻ വോട്ടർ ഐഡിക്കായി അപേക്ഷ നൽകുന്നത്. ഒന്നരമാസം മുൻപ് തപാൽ വഴി ഐഡി കാർഡ് ലഭിച്ചു. ദിവസങ്ങൾക്കിപ്പുറം മറ്റൊരാവശ്യത്തിനായി പോസ്റ്റ് ഓഫീസിൽ ചെന്നപ്പോഴാണ് രണ്ട് കാർഡുകൾ കൂടി അധികൃതർ കൈമാറിയത്. തുറന്നു പരിശോധിച്ചപ്പോൾ ഐഡി കാർഡിന്റെ നമ്പറുകൾ വ്യത്യസ്തമാണെന്ന് മനസ്സിലായി. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്നറിയാത്ത അവസ്ഥയിലാണ് ബെഞ്ചമിനും കുടുംബവും. ഇനിയും വോട്ടർ ഐഡികൾ വരുമോ എന്നാണ് ഇവരുടെ സംശയം.
എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്ന് ബെഞ്ചമിൻ പറയുന്നു. ഏത് കാർഡ് ഉപയോഗിച്ചാണ് വോട്ട് ചെയ്യേണ്ടതെന്ന് ബെഞ്ചമിൻ ചോദിക്കുന്നു. അതേസമയം, വിഷയത്തിൽ മേലധികാരികൾക്ക് പരാതി നൽകാനാണ് ബെഞ്ചമിൻ്റെ തീരുമാനം. ഒരു തവണ മാത്രമേ വോട്ടർ ഐഡിക്കായി അപേക്ഷിച്ചിട്ടുള്ളൂ എന്ന കുടുംബം ഉറപ്പിച്ചു പറയുമ്പോൾ എന്താണ് സംഭവിച്ചതെന്ന് ഇനി വിശദീകരിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ്.
Last Updated Feb 16, 2024, 9:04 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]