
രാജ്കോട്ട്: കാത്തുകാത്തിരുന്നുള്ള ടെസ്റ്റ് അരങ്ങേറ്റം ഏകദിന ശൈലിയിലുള്ള അർധസെഞ്ചുറിയുമായി മനോഹരമാക്കിയെങ്കിലും നിർഭാഗ്യം കൊണ്ട് സംഭവിച്ച റണ്ണൗട്ടിലൂടെ സർഫറാസ് ഖാന് പുറത്തായിരുന്നു. രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യന്‍ ഇന്നിംഗ്സിലെ 82-ാം ഓവറിലെ അഞ്ചാം പന്തിലാണ് രവീന്ദ്ര ജഡേജയുമായുള്ള ആശയക്കുഴപ്പത്തില്‍ സർഫറാസ് പുറത്തായത്. ഇതില്‍ ജഡേജ രൂക്ഷ വിമർശനം നേരിടുമ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് സർഫറാസ്.
‘റണ്ണൗട്ടിലൂടെ പുറത്താകുന്നത് ക്രിക്കറ്റില്‍ സ്വാഭാവികമാണ്. ആശയവിനിമയത്തില്‍ പ്രശ്നങ്ങള്‍ ക്രിക്കറ്റില്‍ സംഭവിക്കും. ചിലപ്പോള്‍ റണ്ണൗട്ടാകും, ചിലപ്പോള്‍ റണ്‍സ് ലഭിക്കും. ഞാന്‍ ആദ്യമായി രാജ്യാന്തര ക്രിക്കറ്റ് കളിക്കുകയാണ് എന്നതിനാല്‍ ക്രീസില്‍ ഒന്നിച്ച് ബാറ്റ് ചെയ്യുമ്പോള്‍ ഏറെ സംസാരിക്കണം എന്ന് രവീന്ദ്ര ജഡേജയോട് ഉച്ചഭക്ഷണ വേളയില്‍ മുന്‍കൂട്ടി ഞാന്‍ പറഞ്ഞിരുന്നു. മത്സരത്തിനിടെ ഏറെ സംസാരിക്കുന്നത് ഞാനിഷ്ടപ്പെടുന്നു. ഇത് അനുസരിച്ച് ജഡ്ഡു ഏറെ സംസാരിച്ചാണ് കളിച്ചത്. നാല് മണിക്കൂർ പാഡ് കെട്ടി ഡ്രസിംഗ് റൂമില്‍ ഇരിക്കേണ്ടിവന്നു. ക്രീസിലെത്തിയ ഉടന്‍ നേരിട്ട കുറച്ച് പന്തുകളില്‍ സമ്മർദമുണ്ടായിരുന്നു. എന്നാല്‍ അത് കളിച്ച് ശരിയാക്കി’ എന്നും സർഫറാസ് ഖാന് രാജ്കോട്ടിലെ ആദ്യ ദിന മത്സരത്തിന് ശേഷം പറഞ്ഞു.
രാജ്കോട്ട് ക്രിക്കറ്റ് ടെസ്റ്റില്‍ കൂറ്റന്‍ സ്കോർ ലക്ഷ്യമിട്ട് ടീം ഇന്ത്യ രണ്ടാം ദിനമായ ഇന്ന് ബാറ്റിംഗ് പുനരാരംഭിക്കും. 212 പന്തില്‍ 110* റണ്‍സുമായി രവീന്ദ്ര ജഡേജയും 10 പന്തില്‍ 1* റണ്ണുമായി നൈറ്റ് വാച്ച്മാന് കുല്‍ദീപ് യാദവുമാണ് ക്രീസില്‍. യശസ്വി ജയ്സ്വാള്‍ (10 പന്തില്‍ 10), ശുഭ്മാന്‍ ഗില്‍ (9 പന്തില്‍ 0), രജത് പാടിദാർ (15 പന്തില്‍ 5) എന്നിവർ തുടക്കത്തിലെ മടങ്ങിയപ്പോള്‍ ഇന്ത്യ 33/3 എന്ന നിലയില്‍ പ്രതിരോധത്തിലായിരുന്നു. ഇതിന് ശേഷം ക്യാപ്റ്റന്‍ രോഹിത് ശർമ്മ, ഓള്‍റൗണ്ടർ രവീന്ദ്ര ജഡേജ എന്നിവരുടെ സെഞ്ചുറിക്കരുത്തില്‍ ഇന്ത്യ തിരിച്ചെത്തുകയായിരുന്നു. ഹിറ്റ്മാന് 196 പന്തില്‍ 131 റണ്‍സെടുത്തു. ഇതിന് ശേഷം ജഡേജ 99ല്‍ നില്‍ക്കേ സർഫറാസ് ഖാന് (66 പന്തില്‍ 62 റണ്‍സുമായി റണ്ണൗട്ടാവുകയായിരുന്നു. ജഡ്ഡുവിന്റെ വിളികേട്ട് ഓടിത്തുടങ്ങിയ സർഫറാസിനെ ക്രീസിലേക്ക് തിരികെ കയറാനുള്ള ശ്രമത്തിനിടെ മാർക് വുഡ് ത്രോയിലൂടെ പറഞ്ഞയക്കുകയായിരുന്നു.
Last Updated Feb 16, 2024, 7:40 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]