
സുല്‍ത്താന്‍ബത്തേരി: മാനന്തവാടിയില്‍ ആളെക്കൊല്ലി കാട്ടാനക്കായുള്ള ദൗത്യം പുരോഗമിക്കുന്നതിനിടെ സുൽത്താൻ ബത്തേരിയിൽ കാട്ടുപോത്തുകളുടെയും മലയണ്ണാന്റെയും ശല്യം. ബത്തേരി നഗരസഭാ പരിധിയിലെ പൂതിക്കാട് മേഖലയില്‍ ഭീതിവിതച്ച് കാട്ടുപോത്തിന്‍ക്കൂട്ടം കറങ്ങുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
ജനവാസ മേഖലയില്‍ ബുധനാഴ്ച വൈകുന്നേരമാണ് കാട്ടുപോത്തുകളെത്തിയത്. ചെക്ക്ഡാമിന്റെ പരിസരത്താണ് നാട്ടുകാര്‍ ആദ്യം ഇവയെ കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകരെത്തി തുരത്തിയെങ്കിലും രാത്രിയില്‍ വീണ്ടും ഈ ഭാഗത്തേക്ക് തന്നെ പോത്തുകളെത്തുകയായിരുന്നു. സ്വകാര്യ കാപ്പി തോട്ടങ്ങളില്‍ നിലയുറപ്പിച്ച കാട്ടുപോത്തുകള്‍ ഏറെ നേരത്തിനുശേഷം തോട്ടങ്ങളുടെ സമീപത്തായി കാടുമൂടിക്കിടക്കുന്ന ഭാഗങ്ങളിലേക്ക് പോയി. എന്നാല്‍ വ്യാഴാഴ്ച രാവിലെ വീണ്ടും ഇവയെ നാട്ടുകാര്‍ തോട്ടങ്ങളില്‍ കണ്ടു. ജനവാസമേഖലയില്‍ കാട്ടുപോത്തിന് കൂട്ടമെത്തിയതോടെ കുട്ടികളെ സ്കൂളിലയക്കാനും ജോലിക്ക് പോകാനും പ്രദേശവാസികള്‍ക്ക് ഭീതിയാണ്. പോത്തുകള്‍ ബീനാച്ചി, കുപ്പമുടി എസ്റ്റേറ്റുകളില്‍നിന്ന് എത്തിയതാകാമെന്നാണ് നിഗമനം.
അതിനിടെ പൂതിക്കാട് സുരേന്ദ്ര ബാബുവിന്റെ കൃഷിയിടത്തില്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെ വീണ്ടും കാട്ടുപോത്തിനെ കണ്ടു. ഒരു കാട്ടുപോത്താണ് കൃഷിയിടത്തില്‍ നിലയുറപ്പിച്ചത്. ബാക്കിയുള്ളവ ബീനാച്ചി എസ്റ്റേറ്റ് ഭാഗത്തേക്ക് പോയെന്ന് നാട്ടുകാര്‍ പറയുന്നു. വനപാലകരെത്തി കാട്ടുപോത്തിക്കൂട്ടത്തെ തുരത്തുന്നുണ്ടെങ്കിലും അവ വീണ്ടും ജനവാസ മേഖലയിലേക്ക് തന്നെ തിരികെയെത്തുന്ന സ്ഥിതിയാണ്. വേലിയും കിടങ്ങും തകര്‍ന്ന ഭാഗങ്ങളിലൂടെ ഇവ നാട്ടിലേക്കിറങ്ങാതിരിക്കാന്‍ വനം വകുപ്പ് പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
അതേസമയം ബത്തേരി ടൗണിലും സമീപ പ്രദേശങ്ങളിലും മലയണ്ണാന്റെ ശല്യം രൂക്ഷമായിരിക്കുകയാണ്. പേര, കരിക്ക്, ചക്ക, സപ്പോട്ട, റംബൂട്ടാന് തുടങ്ങിയവയെല്ലാം മലയണ്ണാൻ നശിപ്പിക്കുകയാണ്. ആളുകളെ കണ്ടാല്‍ ഇവ അക്രമകാരികളാകുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം ഇരുളത്ത് നിരവധി പേരെ മലയണ്ണാന് ആക്രമിച്ചിരുന്നു. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് വര്‍ധിച്ചതോടെ വയനാട്ടിൽ ജീവനും ജീവനോപാധികളും ഭീഷണിയിലാണ്.
Last Updated Feb 16, 2024, 8:53 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]