
തിരുവനന്തപുരം: കാര്‍ബണ്‍ ന്യൂട്രല്‍ അനന്തപുരി എന്ന ലക്ഷ്യത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 22 ഇലക്ട്രിക് ബസുകള്‍ ഫ്ളാഗ് ഓഫ് ചെയ്ത് മന്ത്രി എംബി രാജേഷ്. പുതിയ 20 ബസുകളുടെയും രണ്ട് ഡബിള്‍ ഡെക്കര്‍ ബസുകളുടെയും ഫ്ളാഗ് ഓഫാണ് ഇന്ന് നടന്നത്. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിനും മേയര്‍ ആര്യ രാജേന്ദ്രനും ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം ഡബിള്‍ ഡക്കറില്‍ ആദ്യ യാത്രയും നടത്തിയെന്നും ആദ്യഘട്ടമായി ലഭ്യമാക്കിയ 60 ഇലക്ട്രിക് ബസുകള്‍ക്ക് പൊതുജനങ്ങളുടെ വലിയ പിന്തുണയാണ് ലഭിച്ചതെന്നും മന്ത്രി അറിയിച്ചു.
മന്ത്രി രാജേഷിന്റെ കുറിപ്പ്: ‘ഇനി ഇലക്ട്രിക് ഡബിള്‍ ഡക്കറില്‍ തിരുവനന്തപുരം ചുറ്റിക്കാണാം. നഗരം ചുറ്റിക്കാണാന്‍ രണ്ട് ഡബിള്‍ ഡെക്കര്‍ ഇലക്ട്രിക് ബസുകളാണ് ഇന്ന് തിരുവനന്തപുരത്ത് നിരത്തിലിറങ്ങിയത്. ഇത്തരത്തില്‍ നഗരം ചുറ്റിക്കാണാന്‍ രണ്ട് ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസുകളുള്ള ദക്ഷിണേന്ത്യയിലെ ഏക നഗരമായി തിരുവനന്തപുരം മാറി. തിരുവനന്തപുരം നഗരസഭ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍പ്പെടുത്തിയാണ് വാഹനം വാങ്ങി കെഎസ്ആര്‍ടിസിക്ക് കൈമാറിയത്. ഈ രണ്ട് ഡബിള്‍ ഡെക്കര്‍ ബസുകളുള്‍പ്പെടെ 22 ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിനും മേയര്‍ ആര്യ രാജേന്ദ്രനും ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം ഡബിള്‍ ഡക്കറില്‍ ആദ്യ യാത്രയും നടത്തി. ഗ്രീന്‍ സിറ്റിയായി മാറാനുള്ള കോര്‍പറേഷന്റെ ശ്രമത്തിന്റെ ഭാഗമായാണ് 113 ഇലക്ട്രിക് ബസുകള്‍ സിറ്റി സര്‍വീസിനായി ലഭ്യമാക്കുന്നത്. ആദ്യഘട്ടമായി ലഭ്യമാക്കിയ 60 ഇലക്ട്രിക് ബസുകള്‍ക്ക് പൊതുജനങ്ങളുടെ വലിയ പിന്തുണയാണ് ലഭിച്ചത്. പൊതുഗതാഗത മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം വിനോദ സഞ്ചാര മേഖലയില്‍ പുത്തന്‍ കുതിപ്പ് സമ്മാനിക്കാന്‍ കൂടി പുതിയ ഡബിള്‍ ഡെക്കര്‍ ബസുകള്‍ക്കും ഇലക്ട്രിക് ബസ്സുകള്‍ക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]