
ഇടുക്കി: ഏതു നിമിഷവും ഇളകി വരാവുന്ന കടന്നൽകൂട്ടത്തെ ഭയന്ന് ഇടുക്കിയിലെ ഒരു കൂട്ടം കുടുംബങ്ങൾ. ഇടുക്കി രാജകുമാരി എസ്റ്റേറ്റ് കോളനിയിലെ കുടുംബങ്ങളിലുള്ളവരാണ് കടന്നൽ ഭീതിയിൽ കഴിഞ്ഞു കൂടുന്നത്. കോളനിക്ക് സമീപത്തെ മരത്തിലുള്ള മുപ്പതോളം കടന്നൽ കൂടുകളാണ് ഇവരുടെ ജീവന് ഭീഷണിയായിരിക്കുന്നത്. നിരവധി തവണ അധികൃതരോട് പരാതിപ്പെട്ടെങ്കിലും കാര്യമുണ്ടായില്ലെന്ന് കോളനിയിലുള്ളവർ പറയുന്നു.
ആകാശത്ത് ഒരു പരുന്ത് പറന്നാലും ശക്തമായ കാറ്റ് വീശിയാലും രാജകുമാരി എസ്റ്റേറ്റ് കോളിനിയിലുള്ളവരുടെ മനസ്സിൽ തീയാണ്. കോളനിക്കടുത്തുള്ള സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലെ വൻമരത്തിൽ 30 ലധികം കടന്നൽ കൂടുകളാണുള്ളത്. ഈ കൂടുകൾ ഇളകി കടന്നൽ ആക്രമണമുണ്ടാവുമോ എന്നതാണ് ഇവരുടെ പേടി. നാൽപ്പതോളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. രണ്ട് വർഷം മുൻപ് കോളനി നിവാസിയായ ചെല്ലാണ്ടി കറുപ്പൻ കടന്നൽ ആക്രമണത്തിൽ മരിച്ചിരുന്നു. എന്നിട്ടും അധികൃതർ കണ്ടമട്ടില്ല.
കടന്നലിന്റെ കുത്തേറ്റ് വളർത്തു മൃഗങ്ങൾ ചാകുന്നതിനാൽ വരുമാന മാർഗ്ഗമായിരുന്ന കന്നുകാലികളെപ്പോലും ഇവർ വിറ്റഴിച്ചു. കടന്നൽ കൂട് കത്തിച്ചു കളയണമെന്നാവശ്യപ്പെട്ട് സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണിവരിപ്പോൾ. എന്നാൽ കയറിയിറങ്ങുന്നത് മാത്രം ബാക്കിയെന്ന അവസ്ഥയാണ്. പ്രദേശത്ത് വ്യാപകമായി പൂമ്പൊടി വീഴുന്നതിനാൽ വസ്ത്രങ്ങൾ അലക്കി വിരിക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ സാധിക്കാത്ത സാഹചര്യവുമുണ്ടെന്ന് പ്രദേശവാസിയായ ദാസൻ ആൻറണി പറയുന്നു.
Last Updated Feb 16, 2024, 8:33 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]