
മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമായ ഭ്രമയുഗത്തിന്റെ ട്രെയിലർ സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റ് ഫോർമാറ്റിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ഞായറാഴ്ച അബുദാബിയിലാണ് നടന്നത്. ചടങ്ങിൽ ചിത്രത്തേക്കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായിരിക്കുകയാണിപ്പോൾ.
ഈ സിനിമ കാണാൻ വരുന്നവരോട് തനിക്കൊരു അപേക്ഷയുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് മമ്മൂട്ടി സംസാരം ആരംഭിച്ചത്. ‘ട്രെയിലർ കാണുമ്പോൾ നിങ്ങൾക്ക് പലതും തോന്നിയിട്ടുണ്ടാകും. പക്ഷേ ഒരു കഥയും മനസ്സിൽ വിചാരിക്കരുത്. സിനിമ കണ്ടതിനുശേഷം ഞങ്ങൾ അങ്ങനെ വിചാരിച്ചു, ഇങ്ങനെ വിചാരിച്ചു എന്ന് തോന്നാതിരിക്കാൻ വേണ്ടിയാണ്. ശൂന്യമായ മനസ്സോടുകൂടി വേണം ഈ സിനിമ കാണാൻ. എങ്കിൽ മാത്രമേ സിനിമ ആസ്വദിക്കാൻ സാധിക്കൂ. ഒരു മുൻവിധികളുമില്ലാതെ, ഈ സിനിമ നിങ്ങളെ ഭയപ്പെടുത്തുമോ, ഞെട്ടിപ്പിക്കുമോ, സംഭ്രമിപ്പിക്കുമോ, വിഭ്രമിപ്പിക്കുമോ, സന്തോഷിപ്പിക്കുമോ എന്നൊന്നും നിങ്ങൾ ആദ്യമേ ആലോചിക്കണ്ട. അങ്ങനെ വരുമ്പോൾ, പ്രതീക്ഷിച്ചതുപോലെ സംഭവിക്കുമ്പോൾ സ്വാഭാവികമായും നിങ്ങളുടെ ആസ്വാദനം കുറഞ്ഞുപോകും. അതുകൊണ്ട് വളരെ ശുദ്ധമായ മനസോടെ വളരെ സന്തുഷ്ടരായി, പ്രസന്നരായി വന്ന് സിനിമ കാണുക.’ മമ്മൂട്ടി പറഞ്ഞു.
ഇത് ഭയപ്പെടുത്തുമെന്നോ, ഭീതിപ്പെടുത്തുമെന്നോ താൻ ആദ്യമേ പറയുന്നില്ല. ഇത് മലയാള സിനിമയിൽ പുതിയൊരു അനുഭവമായിരിക്കും. കാരണം ഈ സിനിമ ഒരു 45 വർഷം മുമ്പ് എടുത്തിരുന്നെങ്കിൽ ഇതുപോലെ ഇരിക്കുമായിരിക്കും. പക്ഷേ നമ്മൾ വർണങ്ങളിൽ കാണുന്ന പല കാഴ്ചകളും ബ്ലാക്ക് ആൻഡ് വൈറ്റിൽ കാണിക്കുന്ന സിനിമയാണിത്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ നടക്കുന്ന ഒരു കഥയാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് പോർച്ചുഗീസുകാർ കേരളത്തിൽ, ഇന്ത്യയിൽ വരുന്നത്. അപ്പോളത് ഇന്ത്യയുടെതന്നെ വ്യക്തി-സാമൂഹിക രാഷ്ട്രീയ വ്യത്യാസത്തിന്റെ സമയമാണ്. ആ സമയത്തിനൊക്കെ ഈ സിനിമയിൽ പ്രാധാന്യമുണ്ട്. അതൊക്കെ സിനിമ കാണുമ്പോൾ നിങ്ങൾക്ക് മനസിലാകും. അതിനുമുമ്പ് ഒന്നും ഈ സിനിമയേപ്പറ്റി തീരുമാനിച്ചുറപ്പിക്കരുതെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.
‘ഭൂതകാല’ത്തിന് ശേഷം രാഹുൽ സദാശിവൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന സിനിമയാണിത്. മമ്മൂട്ടിയോടൊപ്പം അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽദ ലിസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്.
ആൻ്റോ ജോസഫിൻ്റെ ‘ആൻ മെഗാ മീഡിയ’ കേരളത്തിലെ തിയറ്ററുകളിൽ വിതരണത്തിനെത്തിക്കുന്ന ചിത്രത്തിന്റെ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫെബ്രുവരി 15ന് തിയറ്ററുകളിലെത്തുന്ന ഈ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ 5 ഭാഷകളിലായാണ് പ്രദർശനത്തിനെത്തുന്നത്. 2023 ഓഗസ്റ്റ് 17ന് ചിത്രീകരണം ആരംഭിച്ച ‘ഭ്രമയുഗം’ കൊച്ചിയിലും ഒറ്റപ്പാലത്തും ആതിരപ്പള്ളിയിലുമായാണ് പൂർത്തീകരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]