
ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ മമിത ബൈജുവും നസ്ലിനും പ്രധാന കഥാപാത്രങ്ങളായെത്തിയ ‘പ്രേമലു’ എന്ന സിനിമയെ പ്രശംസിച്ച് സംവിധായകൻ പ്രിയദർശൻ. ‘പ്രേമലു’ മികച്ച സിനിമയാണെന്ന് അഭിപ്രായപ്പെട്ട പ്രിയദർശൻ ഇനി തങ്ങളെപ്പോലെയുള്ളവർ പുതിയ സിനിമ എടുക്കുകയല്ല, പകരം പുതിയ സിനിമകളിരുന്ന് കാണുമെന്ന് പറഞ്ഞു. ‘പ്രേമലു’വിന്റെ പ്രദർശനത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
”മികച്ച സിനിമ. എന്റർടെെൻമെന്റ് എന്ന് പറഞ്ഞാൽ ഇതാണ്. എല്ലാം ഫ്രഷ് ആണ്. ഇതാണ് യങ്സ്റ്റേഴ്സ് സിനിമ എന്ന് പറയുന്നത്. റിയലിസ്റ്റിക് ആയിട്ടുള്ള വ്യത്യസ്തതയാർന്ന ഹ്യൂമറാണ് ഈ സിനിമയുടേത്. തീർന്നുപോയത് അറിഞ്ഞില്ല. നസ്ലിന്റെ പ്രകടനം ഒരുപാട് ഇഷ്ടപ്പെട്ടു. അവനെ ഒന്നു കണ്ട് നേരിൽ അഭിനന്ദിക്കണം.”
പുതിയ തലമുറയെ വച്ച് ഇതുപോലൊരു സിനിമ ചെയ്യുമോ എന്ന ചോദ്യത്തിന് പ്രിയദർശൻ ഇങ്ങനെ പറഞ്ഞു: ”നമ്മുടെയൊക്കെ ആ കാലം കഴിഞ്ഞില്ലേ. ഇനിയും പുതിയ ആൾക്കാർ ഇതുപോലുള്ള നല്ല സിനിമകൾ ചെയ്യട്ടെ. ഇനി സിനിമ എടുക്കലല്ല. ഇനി ഞങ്ങളൊക്കെ ഇരുന്ന് കാണും.”
കാമ്പസ് കഥ പറഞ്ഞ ‘സൂപ്പർ ശരണ്യ’ എന്ന ചിത്രത്തിന് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രമാണ് ‘പ്രേമലു’. ഒട്ടേറെ സിനിമാപ്രവർത്തകരും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് ‘പ്രേമലു’ നിർമ്മിച്ചിരിക്കുന്നത്.
ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]