
കൊൽക്കത്ത: സ്ട്രോക്ക് വന്നതിനെത്തുടർന്ന് ചികിത്സയിൽക്കഴിയുകയായിരുന്ന നടനും ബി.ജെ.പി നേതാവുമായ മിഥുൻ ചക്രബർത്തി ആശുപത്രിവിട്ടു. തിങ്കളാഴ്ചയാണ് അദ്ദേഹം വീട്ടിൽ തിരിച്ചെത്തിയത്. ആഹാരം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയേക്കുറിച്ച് പിന്നീടദ്ദേഹം പ്രതികരിച്ചു. ഭക്ഷണം നിയന്ത്രിക്കാത്തതിന് പ്രധാനമന്ത്രി ശാസിച്ചതിനേക്കുറിച്ചും അദ്ദേഹം പറഞ്ഞു.
രാക്ഷസനെപ്പോലെയാണ് താൻ ഭക്ഷണം കഴിച്ചിരുന്നതെന്നും അതിനുള്ള ശിക്ഷ തനിക്ക് കിട്ടിയെന്നും വാർത്താ ഏജൻസിയായ എ.എൻ.ഐയോട് മിഥുൻ ചക്രബർത്തി പറഞ്ഞു. “ആഹാരം കഴിക്കുന്നതിൽ എല്ലാവരും ഒരു നിയന്ത്രണമൊക്കെ വെയ്ക്കണം. മധുരപലഹാരങ്ങൾ കഴിച്ചാൽ ഒരു മാറ്റവും വരില്ല എന്ന തെറ്റിദ്ധാരണ പ്രമേഹരോഗികൾക്ക് ഉണ്ടാകരുത്. നിങ്ങളുടെ ഭക്ഷണക്രമം നിയന്ത്രിക്കുക.” അദ്ദേഹം അഭ്യർത്ഥിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചാരണത്തിനിറങ്ങുന്നതിനേക്കുറിച്ചും അദ്ദേഹം സംസാരിച്ചു. “പശ്ചിമ ബംഗാളിലെ 42 ലോക്സഭാ മണ്ഡലങ്ങൾ ആര് ശ്രദ്ധിക്കും? ഞാൻ ചെയ്യും. ഞാൻ ബിജെപിയുമായി സജീവമായി ഇടപെടും. ആവശ്യപ്പെട്ടാൽ മറ്റു സംസ്ഥാനങ്ങളിലും പ്രചാരണത്തിന് പോകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എനിക്ക് വലിയ ബഹുമാനമുണ്ട്. ബിജെപി അതിൻ്റെ ഉന്നതിയിലെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.” മിഥുൻ ചക്രബർത്തി പറഞ്ഞു.
ആരോഗ്യം ശ്രദ്ധിക്കാത്തതിന് പ്രധാനമന്ത്രി ഞായറാഴ്ച തന്നെ ശകാരിച്ചതായും മിഥുൻ ചക്രബർത്തി കൂട്ടിച്ചേർത്തു. അതേസമയം പിതാവ് ആരോഗ്യവാനായിരിക്കുന്നെന്നും ഏവരുടേയും പ്രാർത്ഥനകൾക്ക് നന്ദിയുണ്ടെന്നും മിഥുൻ ചക്രബർത്തിയുടെ മകൻ നമശി ചക്രബർത്തി എക്സിൽ പോസ്റ്റ് ചെയ്തു.
1976-ൽ സിനിമാജീവിതം ആരംഭിച്ച മിഥുൻ ചക്രബർത്തിക്ക് ഇന്നും സിനിമാപ്രേമികൾക്കിടയിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. ഡിസ്കോ ഡാൻസർ, ജങ്, പ്രേം പ്രതിഗ്യാ, പ്യാർ ഝുക്ടാ നഹി, മർദ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ അദ്ദേഹം ഇന്ത്യയെമ്പാടും ആരാധകരെ സൃഷ്ടിച്ചു. ഈയടുത്താണ് മിഥുൻ ചക്രവർത്തിക്ക് പത്മഭൂഷൺ പുരസ്കാരം ലഭിച്ചത്. 2023 ഡിസംബറിൽ പുറത്തിറങ്ങിയ ബംഗാളി ചിത്രം കാബൂളിവാലയിലാണ് മിഥുൻ ചക്രവർത്തി ഒടുവിൽ അഭിനയിച്ചത്. സുമൻ ഘോഷാണ് ചിത്രം സംവിധാനം ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]