
ദില്ലി: രാജ്യസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ നിന്ന് കമൽനാഥ് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കില്ല. കമൽനാഥിനും ഇദ്ദേഹം നിര്‍ദ്ദേശിച്ച സജ്ജൻ സിംഗ് വർമയ്ക്കും സീറ്റ് നൽകിയില്ല. അശോക് സിങിനാണ് പകരം കോൺഗ്രസ് ദേശീയ അധ്യക്ഷൻ സീറ്റ് നൽകിയത്. അജയ് മാക്കന് കർണ്ണാടകയിൽ സീറ്റ് നൽകി. ഒപ്പം സയ്യിദ് നാസര്‍ ഹുസൈൻ, ജിസി ചന്ദ്രശേഖര്‍ എന്നിവര്‍ക്കും സീറ്റ് നൽകി. അടുത്തിടെ ഭരണം പിടിച്ച തെലങ്കാനയിൽ നിന്നുള്ള രാജ്യസഭാ സീറ്റുകളിൽ രേണുക ചൗധരിയും അനിൽ കുമാര്‍ യാദവുമാണ് രാജ്യസഭയിലേക്ക് എത്തുക.
മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയായ കമൽനാഥ്, സോണിയാ ഗാന്ധിയുടെ വിശ്വസ്ഥനെന്ന നിലയിലും കോൺഗ്രസിലെ പ്രധാന നേതാവാണ്. എന്നാൽ ഇദ്ദേഹം ബിജെപിയിലേക്ക് പോകുമെന്ന് അഭ്യൂഹം ശക്തമാണ്. അതിനിടയിലാണ് സംസ്ഥാനത്ത് ജയസാധ്യതയുള്ള രാജ്യസഭാ സീറ്റിൽ അദ്ദേഹത്തെ പാര്‍ട്ടി നേതൃത്വം പരിഗണിക്കാതിരുന്നത്. ബിജെപി കമൽനാഥിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. സംസ്ഥാനത്ത് പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്തായതിന് പിന്നാലെയാണ് കമൽനാഥിന്റെ നീക്കം. വിവേക് തൻഖയും കമൽനാഥിനൊപ്പം ബിജെപിയിലേക്ക് പോകുമെന്നാണ് സൂചന.
കോൺഗ്രസിൽ കൊഴിഞ്ഞ് പോക്ക് തുടരുകയാണ്. ലാൽ ബഹാദൂർ ശാസ്ത്രിയുടെ ചെറുമകൻ വിഭാകർ ശാസ്ത്രി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത് ഇന്നായിരുന്നു. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രിജേഷ് പതക്കിന്റെ സാന്നിധ്യത്തിലായിരുന്നു ബിജെപി പ്രവേശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ കൂടുതൽ നന്നായി സേവിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായി വിഭകർ ശാസ്ത്രി പറഞ്ഞു. നേരത്തെ സാമൂഹ്യ മാധ്യമമായ എക്സിലായിരുന്നു കോൺഗ്രസിൽ നിന്ന് രാജി വെയ്ക്കുന്നതായി വിഭകർ ശാസ്ത്രി അറിയിച്ചത്.
Last Updated Feb 14, 2024, 5:45 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]