
തിരുവനന്തപുരം: കൊല്ലം ഇടമുളയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിൽ പ്രവാസി മലയാളി 2021 ൽ നിക്ഷേപിച്ച 4,50,000 രൂപയിൽ ബാക്കി നൽകാനുള്ള 55,960 രൂപ ബാങ്ക് സെക്രട്ടറിയുടെ കൈയിൽ നിന്നും ഈടാക്കി നിക്ഷേപകന് നൽകാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.കമ്മീഷൻ മുമ്പാകെ ബാങ്ക് സെക്രട്ടറി രേഖാമൂലം സമ്മതിച്ചതിൽ നിന്നും വ്യത്യസ്തമായി കമ്മീഷന്റെ അധികാരത്തെ ചോദ്യം ചെയ്യുന്ന മട്ടിൽ സെക്രട്ടറി പ്രവർത്തിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ കൈയിൽ നിന്നും തുക ഈടാക്കി നൽകാൻ കമ്മീഷൻ അംഗം വി. കെ ബീനാകുമാരി സംസ്ഥാന സഹകരണ സംഘം രജിസ്ട്രാർക്ക് ഉത്തരവ് നൽകിയത്. ഉത്തരവ് നടപ്പിലാക്കി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും കമ്മീഷൻ സഹകരണ സംഘം രജിസ്ട്രാർക്ക് നിർദ്ദേശം നൽകി.
ആയൂർ മഞ്ഞപ്പാറ മലപ്പേരൂർ ത്രിവേണിയിൽ ദിലീപ്കുമാറിനാണ് നിക്ഷേപം മടക്കി നൽകാനുള്ളത്. 2022 മേയ് 31 നായിരുന്നു നിക്ഷേപതുക മടക്കി നൽകേണ്ടിയിരുന്നത്.നിരവധി തവണ കൊല്ലത്ത് നടന്ന സിറ്റിംഗിൽ കമ്മീഷൻ കേസ് പരിഗണിച്ചു. ഓരോ തവണയും നിക്ഷേപം മടക്കി നൽകാമെന്ന് ബാങ്ക് സെക്രട്ടറി വാഗ്ദാനം നൽകി.2023 ജൂൺ 20 ന് നടന്ന സിറ്റിംഗിൽ ബാങ്കിന്റെ പ്രസിഡന്റും സെക്രട്ടറിയും ഹാജരായ ശേഷം 4 ഗഡുക്കളായി തുക തിരികെ നൽകാമെന്ന് രേഖാമൂലം ഉറപ്പുനൽകി. എന്നാൽ ഫെബ്രുവരി 3 ന് നടന്ന സിറ്റിംഗിൽ ബാങ്കിൽ പ്രതിനിധീകരിച്ച അഭിഭാഷകൻ ഈ കേസിൽ ഇടപെടാൻ കമ്മീഷന് അധികാരമില്ലെന്ന് വാദിച്ചു.
2021 ജൂൺ 13 മുതൽ 2024 ഫെബ്രുവരി 3 വരെ കമ്മീഷൻ കേസ് പരിഗണിച്ചെങ്കിലും ഒരിക്കൽപോലും ഈ കേസിൽ ഇടപെടാനുള്ള കമ്മീഷന്റെ അധികാരത്തെകുറിച്ച് ബാങ്ക് സംശയം ഉന്നയിച്ചിരുന്നില്ല. ഈ പ്രത്യേക സാഹചര്യത്തിലാണ് പരാതിക്കാരന് ലഭിക്കാൻ ബാക്കിയുള്ള 55960 രൂപ നൽകാമെന്ന് കമ്മീഷൻ മുമ്പാകെ സമ്മതപത്രം നൽകി വഞ്ചിച്ച സെക്രട്ടറിയിൽ നിന്നും വ്യക്തപരമായി തുക ഈടാക്കി നൽകാൻ കമ്മീഷൻ ഉത്തരവിട്ടത്.
Last Updated Feb 14, 2024, 3:28 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]