
പത്തനംതിട്ട മൂഴിയാറിൽ മദ്യപിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ സഹോദരി ഭർത്താവിനെ കമ്പിപ്പാര കൊണ്ട് അടിച്ചുകൊന്ന കേസിലെ പ്രതി അറസ്റ്റിൽ. കൃത്യം നടത്തിയ ശേഷം ഒളിവിൽ പോയ കൊച്ചാണ്ടി സ്വദേശി മഹേഷിനെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കൊല നടന്ന് നാലാം ദിവസമാണ് സംഭവം പുറത്തറിഞ്ഞത്.
തിങ്കളാഴ്ച രാവിലെയാണ് കൊച്ചാണ്ടി സ്വദേശി അജികുമാറിനെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാല് ദിവസത്തോളം പഴക്കമുള്ള മൃതദേഹത്തിലെ മുറിവുകൾ അടക്കം പരിശോധിച്ചതിൽ നിന്ന് കൊലപാതകമെന്ന് പൊലീസിന് വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അജികുമാറിനെ കൊലപ്പെടുത്തിയത് ഭാര്യ സഹോദരനായ മഹേഷ് എന്ന നിഗമനത്തിലേക്ക് പൊലീസ് എത്തി. നാല് ദിവസമായി ഇയാൾ നാട്ടിലില്ലെന്നും വ്യക്തമായി.
തുടർന്ന് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിനൊടുവിൽ പാലക്കാട് നിന്ന് ട്രെയിനിൽ വന്നിറങ്ങിയ ഉടൻ മഹേഷിനെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് പൊലീസ് പിടികൂടി. മഹേഷ് വനത്തിനുള്ളിൽ കള്ളവാറ്റ് നടത്തിയിരുന്നു. അനുവാദമില്ലാതെ അജികുമാർ വാറ്റുചാരായം എടുത്തുകുടിച്ചു. ഇതിന്റെ പേരിൽ തർക്കമുണ്ടായിരുന്നു. തുടർന്ന് വെള്ളിയാഴ്ച വൈകീട്ട് ഒന്നിച്ചിരുന്ന് മദ്യപിച്ചപ്പോൾ ഇതേചൊല്ലി വാക്കേറ്റവും കയ്യാങ്കളിയുമായി. ഇതിനിടെ, മഹേഷിന്റെ ഭാര്യയെക്കുറിച്ച് അജി മോശമായി സംസാരിച്ചതും വ്യക്തിവിരോധത്തിന് കാരണമായെന്ന് പൊലീസ് പറയുന്നു. കമ്പിപ്പാര കൊണ്ട് അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ.
Last Updated Feb 14, 2024, 4:30 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]