
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടന്റെ മുഖ്യമന്ത്രിയെ കുറിച്ചുള്ള ആരോപണം ഉണ്ടയുള്ള വെടി തന്നെയാണെന്നും എന്നാലത് യുഡിഎഫിന് എതിരാണെന്നും മന്ത്രി പി രാജീവ്. ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് മാത്യു കുഴൽനാടൻ മുഖ്യമന്ത്രിക്കെതിരെ വീണ്ടും വിമർശനം ഉന്നയിച്ചത്. സിഎംആർഎല്ലിന് കരിമണൽ ഖനനം ഉറപ്പാക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടുവെന്നാണ് മാത്യു കുഴൽനാടന്റെ പ്രധാന ആരോപണം. ഇതിനെതിരെയാണ് മന്ത്രി രാജീവ് രംഗത്തെത്തിയത്.
കുഴൽനാടന്റെ മുഖ്യമന്ത്രിയെ കുറിച്ചുള്ള ആരോപണം ഉണ്ടയുള്ള വെടി തന്നെയാണ്. എന്നാലത് യുഡിഎഫിന് എതിരാണ്. മൈനിംഗ് സ്വകാര്യ കമ്പനിക്ക് കൊടുക്കാമെന്ന് 2002 ലാണ് ആദ്യം ഉത്തരവ് ഇറങ്ങുന്നത്. ഒരുമാസം കഴിഞ്ഞപ്പോൾ വ്യക്തത വരുത്തി മറ്റൊരു ഉത്തരവും, ജോയ്ന്റ് വെഞ്ചർ കമ്പനികൾക്ക് നൽകാമെന്ന തുടർ ഉത്തരവ് 2003 ലും ഇറക്കി. യുപിഎ സർക്കാർ ക്ലിയറൻസ് കിട്ടിയ ശേഷം 2004 ലാണ് സർവെ നമ്പറുകൾ സഹിതം പാട്ടം നൽകുന്നത്. ജനകീയ പ്രതിഷേധത്തെ തുടർന്ന് പാരിസ്ഥിതിക പഠനം വരെ നിർത്തി വച്ച യുഡിഎഫ് സർക്കാർ നടപടിക്കെതിരെ കമ്പനി കോടതിയിൽ പോയി. അനുമതി നിഷേധിക്കുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തത്. തുടർന്ന് ഹൈക്കോടതിയും സുപ്രീംകോടതിയും അംഗീകരിച്ച ശേഷമാണ് ലൈസൻസ് അനുവദിക്കുന്നത്. പൊതുമേഖലയിൽ പരിമിതപ്പെടുത്തുകയാണ് പിണറായി സർക്കാർ ചെയ്തതെന്നും രാജീവ് പറഞ്ഞു.
മാസപ്പടി ഇടപാടിൽ നടന്നത് അഴിമതിയാണെന്നും മാസപ്പടി കേസിലെ യഥാർത്ഥ പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും മാത്യു കുഴൽ നാടൻ എംഎൽഎ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ട ബാധ്യത ഒഴിവാക്കാനാണ് സ്പീക്കർ നിയമസഭയിൽ സംസാരിക്കുന്നത് തടഞ്ഞത്. സ്പീക്കർ ചെയ്തത് അംഗത്തിന്റെ അവകാശ ലംഘനമാണെന്നും മാത്യു കുഴൽ നാടൻ പറഞ്ഞു. സിഎംആർഎല്ലിന് കരി മണൽ ഖനന അനുമതി ഉറപ്പാക്കാൻ മുഖ്യമന്ത്രി ഇടപെട്ടു. സിഎംആർഎൽ നൽകിയ നിവേദനത്തിന്റ അടിസ്ഥാനത്തിലായിരുന്നു ഇടപെടൽ നടത്തിയത്. മുഖ്യമന്ത്രി ഫയൽ പരിശോധിക്കുകയാണെന്ന് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി 2019ൽ എഴുതിയെന്നും മുഖ്യമന്ത്രി അധ്യക്ഷനായി യോഗം ചേർന്നുവെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. മുഖ്യമന്ത്രി ഇടപെട്ട സാഹചര്യത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക് മുന്നിലേക്ക് പോയെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു.
Last Updated Feb 13, 2024, 6:41 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]