
മലയാളത്തിലെ എണ്ണം പറഞ്ഞ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകൾ എടുത്താൻ അതിൽ മുൻപന്തിയിൽ വരുന്ന ചിത്രമാണ് മമ്മൂട്ടി – എസ്.എൻ.സ്വാമി – കെ. മധു കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പ്. ട്രെൻഡ് സെറ്ററായി മാറിയ സേതുരാമയ്യർ എന്ന മമ്മൂട്ടി കഥാപാത്രം എങ്ങനെയാണ് സംഭവിച്ചതെന്ന് പറയുകയാണ് എസ്.എൻ.സ്വാമി. തന്റെ കന്നി സംവിധാന സംരംഭമായ സീക്രട്ടിന്റെ ടൈറ്റിൽ ലോഞ്ചിലാണ് അദ്ദേഹം ആ കഥ വിവരിച്ചത്. മമ്മൂട്ടിയാണ് ആ കഥാപാത്രത്തിന്റെ പിറവിക്ക് പിന്നിലെന്നും പലയിടത്ത് നിന്നും നിരുത്സാഹപ്പെടുത്തലുകൾ ഉണ്ടായെങ്കിലും മമ്മൂട്ടി തന്ന ധൈര്യത്തിലാണ് ആ ചിത്രം താൻ എഴുതിയതെന്നും സ്വാമി പറയുന്നു. ഇത്രയും വർഷങ്ങൾക്കിപ്പുറം ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ധൈര്യവും തനിക്ക് തന്നത് മമ്മൂട്ടിയാണെന്ന് അദ്ദേഹം പറയുന്നു.
ഇരുപതാം നൂറ്റാണ്ട് കഴിഞ്ഞിട്ടാണ് സി.ബി.ഐ ഡയറിക്കുറിപ്പ് വരുന്നത്. ആദ്യം എഴുതിയത് ഒരു പോലീസുകാരന്റെ കഥയാണ്. കഥ കേട്ട മമ്മൂട്ടി പറഞ്ഞു കഥയെല്ലാം നല്ലതാണ്, നല്ല അന്വേഷണ ചിത്രം, പക്ഷേ പോലീസ് വേണ്ട എന്ന്. പോലീസില്ലാതെ എന്ത് കുറ്റാന്വേഷണം എന്നാണ് ഞാൻ ചിന്തിച്ചത്. എന്നാൽ മമ്മൂട്ടിയുടെ മറുപടി ഇങ്ങനെയായിരുന്നു, ”സ്വാമി ഞാൻ ആവനാഴി എന്ന ചിത്രം ചെയ്തില്ലേ, അതിൽ ദാമോദരൻ മാഷുടെ അമ്പ് മുഴുൻ ഉണ്ട്. അതിന്റെ മുകളിൽ സ്വാമി ശ്രമിച്ചാൽ നടക്കില്ല”, പോലീസിന് പകരം സിബിഐയെ കൊണ്ടുവരാൻ പറഞ്ഞു. അന്നെനിക്ക് സിബിഐയുടെ ഫുൾഫോം പോലും അറിയില്ല. അങ്ങനെ സുഹൃത്തുക്കൾ വഴി പല സിബിഐ ഉദ്യോഗസ്ഥരെയും കണ്ടു, പരിചയപ്പെട്ടു അങ്ങനെ സിബിഐയെക്കുറിച്ച് ഒരു ധാരണ എനിക്ക് ലഭിച്ചു. അതെനിക്ക് ധൈര്യം തന്നു, ഞാൻ കഥ എഴുതി.
ആദ്യം എഴുതിയ കഥയിലെ നായക കഥാപാത്രം അലി ഇമ്രാൻ ആയിരുന്നു. അത് വേണ്ട ഇയാളെ നമുക്ക് സ്വാമിയാക്കാം എന്ന് മമ്മൂട്ടിയാണ് പറയുന്നത്. സ്വാമിയാക്കാം എന്ന് മാത്രമല്ല അയാളെക്കുറിച്ച് എന്റെ മുന്നിൽ മമ്മൂട്ടി വിവരിച്ച് തന്നത് കേട്ട് ഞാൻ അന്തം വിട്ട് നിന്നിട്ടുണ്ട്. അങ്ങനെ കഥയെല്ലാം സെറ്റായി. പക്ഷേ ചുറ്റുപാടു നിന്നും എന്നെ എല്ലാവരും നിരുത്സാഹപ്പെടുത്തി. സ്വാമി പോലീസോ, അന്വേഷിക്കാൻ പോകുന്നോ.. എന്തൊക്കെയാണിത് എന്നൊക്കെ പറഞ്ഞ് നാലുപാടു നിന്നും നിരുത്സാഹപ്പെടുത്തലുകൾ വന്നു. എല്ലാവരും കൂടി എന്നെ പേടിപ്പിച്ചു. അതും ഞാൻ മമ്മൂട്ടിയോട് പറഞ്ഞു. ആരെന്ത് വേണമെങ്കിലും പറയട്ടെ നമ്മളിത് ചെയ്യുന്നു, ഇപ്പോഴുള്ള നിർമാതാവിന് താത്പര്യം ഇല്ലെങ്കിൽ പത്ത് നിർമാതാവിനെ തനിക്ക് ഞാൻ തരാം. എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. ആ വാക്കുകൾ നൽകിയ ആത്മവിശ്വാസത്തിലാണ് ഒരു സിബിഐ ഡയറിക്കുറിപ്പ് ഇറങ്ങുന്നത്, സ്വാമി പറഞ്ഞു.
1988 ലാണ് മലയാള സിനിമയുടെ ചരിത്രത്തിലെ ഏക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഒരു സിബിഐ ഡയറി കുറിപ്പ് പുറത്തിറങ്ങുന്നത്. മലയാളത്തിൽ അന്നോളം ഇറങ്ങിയിരുന്ന കുറ്റാന്വേഷണ ക്രൈംത്രില്ലർ സിനിമകളുടെ ആഖ്യാന ശൈലി തന്നെ പൊളിച്ചെഴുതുന്ന തരത്തിലായിരുന്നു എസ്.എൻ. സ്വാമിയുടെ തിരക്കഥ. മമ്മൂട്ടി അവതരിപ്പിച്ച സേതുരാമയ്യർ എന്ന സിബിഐ ഉദ്യോഗസ്ഥൻറെ കഥാപാത്രം ട്രെൻഡ് സെറ്ററായി മാറി. ജാഗ്രത (1989), സേതുരാമയ്യർ സി.ബി.ഐ. (2004), നേരറിയാൻ സി.ബി.ഐ. (2005) സിബിഐ 5: ദ ബ്രെയിൻ (2022) തുടങ്ങിയവയാണ് സിബിഐ പരമ്പരയിലെ മറ്റ് ചിത്രങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]