
തിരുവനന്തപുരം: തലസ്ഥാനത്തെ റോഡ് പണി വിവാദത്തിൽ കടകംപള്ളി സുരേന്ദ്രനെതിരെ സിപിഎം സംസ്ഥാന സമിതിയിൽ അതിരൂക്ഷ വിമര്‍ശനം. അനാവശ്യ വിവാദത്തിന് തിരികൊളുത്തിയത് കടകംപള്ളിയാണെന്നായിരുന്നു ആക്ഷേപം. ഭണത്തിലിരിക്കുന്ന നഗരസഭയെ പോലും പ്രതിക്കൂട്ടിൽ നിര്‍ത്തുന്ന വിധത്തിലുള്ള നടപടി ഗൗരവമുള്ള സംഭവമാണെന്നും മുതിര്‍ന്ന നേതാവിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്തതായിരുന്നെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
തലസ്ഥാനത്തെ തീരാത്ത റോഡ് പണി പോലെത്തന്നെയാണ് റോഡ് പണിയെ കുറിച്ച് പാര്‍ട്ടിക്കകത്ത് ഉയര്‍ന്ന വിവാദവും. ഒന്നിന് പുറകെ ഒന്നെന്ന പോലെയാണ് തുടര്‍ച്ച. തിരുവനന്തപുരം നഗരസഭയുടെ വികസന സെമിനാറിൽ മുൻ മന്ത്രിയും മുതിര്‍ന്ന നേതാവുമായ കടകംപള്ളി സുരേന്ദ്രന്റെ അഭിപ്രായ പ്രകടനമാണ് വിവാദത്തിന് തീ പടര്‍ന്നത്. അതിന് മറുപടിയെന്നോണമായിരുന്നു കരാറുകാരെ തൊട്ടപ്പോൾ ചിലര്‍ക്ക് പൊള്ളിയെന്ന് പൊതുവേദിയിൽ മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസംഗം. നടപടി അപക്വമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സമിതിയിലും സംഭവം റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് വര്‍ഷമായി മുടങ്ങിക്കിടന്ന പണി മൂന്ന് മാസം കൊണ്ട് തീര്‍ക്കാൻ ലക്ഷ്യമിട്ട് അതിവേഗം പുരോഗമിക്കുകയാണിപ്പോൾ. ഇതിനിടക്ക് പൊതുജന പക്ഷത്ത് നിന്നെന്ന പേരിൽ വിമര്‍ശനം ഉന്നയിച്ച കടകംപള്ളിയുടെ നടപടിയാണ് വാചക യുദ്ധത്തിന് തുടക്കമിട്ടതെന്നാണ് അംഗങ്ങൾ ഒന്നടങ്കം അഭിപ്രായപ്പെട്ടത്.
ഭരണത്തിലിരിക്കുന്ന നഗരസഭയേയും പൊതുമരാമത്ത് വകുപ്പിനേയും അവഹേളിച്ച് പ്രസംഗിച്ച നടപടി ശരിയായില്ലെന്നാണ് സംസ്ഥാന സമിതിയിലെ പൊതു വിലയിരുത്തൽ. മുതിര്‍ന്ന നേതാവിൽ നിന്ന് പ്രതീക്ഷിക്കുന്ന നടപടിയല്ലെന്ന അഭിപ്രായവും ഉയര്‍ന്നു. അതേസമയം, മന്ത്രി മുഹമ്മദ് റിയാസിനെതിരെ സംസ്ഥാന സമിതിയിൽ കാര്യമായ വിമര്‍ശനം ഉയര്‍ന്നതുമില്ല. വിവാദത്തിൽ സിപിഎം ജില്ലാ നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു. പൊതുമരാമത്ത് മന്ത്രിയുടെ പ്രതികരണത്തിൽ അടക്കം സെക്രട്ടേറിയറ്റിൽ ഉയര്‍ന്ന വിമര്‍ശനത്തെ പാര്‍ട്ടി നേതൃത്വം തള്ളുകയും ചെയ്തു. കാര്യമെന്തായാലും കരാറിലെ കള്ളക്കളിയെന്ന ആക്ഷേപം ആരെ ഉദ്ദേശിച്ചെന്ന ചോദ്യത്തിന് മാത്രം ഇപ്പോഴും മറുപടിയും ഇല്ല.
Last Updated Feb 13, 2024, 7:25 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]