
കൊല്‍ക്കത്ത: രാജ്യാന്തര മത്സരങ്ങള്‍ പുരോഗമിക്കുകയാണെങ്കിലും ഒരുവശത്ത് ഐപിഎല്‍ 2024നുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. ഇതിനിടെ ഐപിഎല്ലിനെ കുറിച്ച് ഒരു പ്രവചനം നടത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്കർ. അഫ്ഗാനിസ്ഥാന് വിക്കറ്റ് കീപ്പർ ബാറ്റർ റഹ്മാനുള്ള ഗുർബാസിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ എക്സ് ഫാക്ടറാവാന്‍ കഴിയും എന്നാണ് ഗവാസ്കറുടെ വിലയിരുത്തല്‍. ഇന്ത്യന്‍ വിക്കറ്റ് കീപ്പിംഗ് ഇതിഹാസം എം എസ് ധോണിയോട് ബാറ്റിംഗ് ശൈലി കൊണ്ട് റഹ്മാനുള്ള ഗുർബാസിന് നേരിയ ഛായയുണ്ട് എന്നും സുനില്‍ ഗവാസ്കർ പറയുന്നു.
‘കണ്ട പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ റഹ്മാനുള്ള ഗുർബാസിന്റെ ബാറ്റിംഗ് ഞാന്‍ ഇഷ്ടപ്പെടുന്നു. വളരെ അഗ്രസീവായാണ് അദേഹം കളിക്കുന്നത്. എം എസ് ധോണിയുടെ കുറച്ച് കോപ്പിയാണ് ഗുർബാസ്. അതിനാലാവണം എനിക്ക് ഇഷ്ടപ്പെടാന്‍ കാരണം’ എന്നും സുനില്‍ ഗവാസ്കർ സ്റ്റാർ സ്പോർട്സിലെ ഷോയില്‍ പറഞ്ഞു. 22 വയസ് മാത്രമുള്ള വിക്കറ്റ് കീപ്പർ ബാറ്ററായ റഹ്മാനുള്ള ഗുർബാസ് ഇതിനകം അഫ്ഗാനായി മികവ് കാട്ടിയ താരമാണ്. 37 ഏകദിനങ്ങളില്‍ അഞ്ച് സെഞ്ചുറിയോടെ 1247 റണ്‍സും 49 രാജ്യാന്തര ട്വന്റി 20കളില്‍ ഒരു ശതകത്തോടെ 1271 റണ്‍സും നേടി. ഐപിഎല്ലില്‍ 11 കളിയില്‍ 133.53 പ്രഹരശേഷിയില്‍ 227 റണ്‍സും താരത്തിന് സ്വന്തമായുണ്ട്.
ഐപിഎല്‍ 2024 സീസണില്‍ റഹ്മാനുള്ള ഗുർബാസ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ വിക്കറ്റ് കീപ്പറായി പ്ലേയിംഗ് ഇലവനിലെത്താന്‍ സാധ്യതയുണ്ട്. പേസർ മിച്ചല്‍ സ്റ്റാർക്ക്, ഓള്‍റൗണ്ടർമാരായ ആന്ദ്രേ റസല്‍, സുനില്‍ നരെയ്ന് എന്നിവർ ഉറപ്പായും വിദേശ താരങ്ങളായി എല്ലാ മത്സരത്തിലും ഇറങ്ങും. നാലാമനായി ഗുർബാസിന് നറുക്കുവീഴാനാണ് സാധ്യത. ടോപ് ഓർഡർ ബാറ്ററായി ടീമിന് മികച്ച തുടക്കം നല്‍കാനുള്ള കെല്പ് താരത്തിനുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]