
ഇന്‍ഡോർ: ക്രിക്കറ്റില്‍ ഹാട്രിക് നേടുക അത്ര അസാധാരണമായ കാര്യമൊന്നുമല്ലാതായിട്ടുണ്ട്. രാജ്യാന്തര ക്രിക്കറ്റിലും ആഭ്യന്തര ക്രിക്കറ്റിലും ഹാട്രിക് വീരന്മാർ നിരവധിയായിക്കഴിഞ്ഞു. എന്നാല്‍ ഡബിള്‍ ഹാട്രിക് അഥവാ തുടർച്ചയായ നാല് പന്തുകളില്‍ 4 വിക്കറ്റ് നേടുക ക്രിക്കറ്റില്‍ അത്ര എളുപ്പമല്ല. രാജ്യാന്തര ക്രിക്കറ്റില്‍ ശ്രീലങ്കന്‍ പേസ് ഇതിഹാസം ലസിത് മലിംഗയടക്കം സ്വന്തമാക്കിയ ഡബിള്‍ ഹാട്രിക് നേട്ടത്തിലേക്ക് പന്തെറിഞ്ഞിരിക്കുകയാണ് രഞ്ജി ട്രോഫിയില്‍ ഒരു ആഭ്യന്തര ക്രിക്കറ്റ് താരം.
രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ 2023-24 സീസണില്‍ മധ്യപ്രദേശ്- ബറോഡ മത്സരത്തിലായിരുന്നു ഈ അസാധാരണ വിക്കറ്റുകളുടെ പിറവി. മത്സരത്തില്‍ മധ്യപ്രദേശ് തകർപ്പന്‍ ജയം സ്വന്തമാക്കിയപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ബറോഡയെ അഞ്ച് വിക്കറ്റുമായി എറിഞ്ഞുടച്ച പേസർ കുല്‍വന്ത് ഖെജ്രോലിയയുടെ വകയായിരുന്നു തുടർച്ചയായ നാല് പന്തുകളില്‍ വിക്കറ്റ്. ബഡോറ ഇന്നിംഗ്സിലെ 95-ാം ഓവറിലെ 2, 3, 4, 5 എന്നീ പന്തുകളില്‍ ഷഷ്വാത്ത് റാവത്ത് (105), മഹേഷ് പിതിയ (0), ഭാർഗവ് ഭട്ട് (0), ആകാശ് സിംഗ് (0) എന്നിവരെയാണ് ഖെജ്രോലിയ അടുത്തടുത്ത നാല് പന്തുകളില്‍ മടക്കിയത്. ഇവരില്‍ പൂജ്യത്തിന് പുറത്തായ മൂന്ന് ബാറ്റർമാരും ഗോള്‍ഡന്‍ ഡക്കായിരുന്നു.
കാണാം വീഡിയോ
രാജ്യാന്തര ക്രിക്കറ്റില്‍ മുമ്പ് ലസിത് മലിംഗ, റാഷിദ് ഖാന്, കർട്ടിസ് കാംഫെർ, ജേസന്‍ ഹോള്‍ഡർ തുടങ്ങിയവർ തുടർച്ചയായ നാല് പന്തുകളില്‍ വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. എന്നാല്‍ രഞ്ജി ട്രോഫിയില്‍ ഡബിള്‍ ഹാട്രിക് നേടുന്ന മൂന്നാമത്തെ മാത്രം ബൗളറാണ് കുല്‍വന്ത് ഖെജ്രോലിയ.
കുല്‍വന്ത് ഖെജ്രോലിയ രണ്ട് ഇന്നിംഗ്സിലുമായി ഏഴ് വിക്കറ്റ് വീഴ്ത്തിയ മത്സരം മധ്യപ്രദേശ് ഇന്നിംഗ്സിനും 52 റണ്‍സിനും വിജയിച്ചു. സ്കോർ: മധ്യപ്രദേശ്- 454, ബറോഡ- 132 & 270 (f/o). ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ് 454 റണ്‍സെടുത്തപ്പോള്‍ ഫോളോഓണ്‍ ചെയ്യേണ്ടിവന്ന ബറോഡയുടെ സ്കോറുകള്‍ 132, 270 എന്നിങ്ങനെയായിരുന്നു. 322 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ ബറോഡക്കായി ഷഷ്വാത്ത് റാവത്ത് സെഞ്ചുറിയും (105) ജ്യോത്സ്നില്‍ സിംഗ് 83 റണ്‍സും നേടിയെങ്കിലും തോല്‍വി ഒഴിവാക്കാനായില്ല. കുല്‍വന്ത് ഖെജ്രോലിയയുടെ അഞ്ച് വിക്കറ്റിന് പുറമെ കുമാർ കാർത്തികേയ മൂന്നും അനുഭവ് അഗർവാള്‍ രണ്ടു വിക്കറ്റും വീഴ്ത്തിയതാണ് രണ്ടാം ഇന്നിംഗ്സില്‍ ബഡോറയ്ക്ക് തിരിച്ചടിയായത്.
Last Updated Feb 12, 2024, 5:48 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]