
ബാലതാരമായി സിനിമയില്‍ വന്ന് 1990 കളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന നടിയാണ് ദിവ്യ ഉണ്ണി. വിവാഹത്തിന് ശേഷം അമേരിക്കയിലേക്ക് പോയ ദിവ്യ പിന്നീടങ്ങോട്ട് നൃത്തത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. വര്‍ഷങ്ങളായി ദിവ്യയുടെ പേരിനൊപ്പം കലാഭവന്‍ മണിയുമായി ബന്ധപ്പെട്ട ഒരു വിവാദം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവാറുണ്ട്. വര്‍ഷങ്ങള്‍ക്കിപ്പുറം വിവാദത്തോട് പ്രതികരിക്കുകയാണ് ദിവ്യ. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലൂടെയാണ് നടന് കലാഭവന്‍ മണിയെ അപമാനിച്ചുവെന്ന ആരോപണത്തിന് ദിവ്യ ഉണ്ണി മറുപടി നല്‍കിയത്.
വിനയൻ സംവിധാനം ചെയ്ത കല്യാണസൗഗന്ധികം എന്ന ചിത്രത്തിലാണ് ദിവ്യ ഉണ്ണി നായികയായി അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തില്‍ ദിവ്യയുടെ മുറചെറുക്കാനായാണ് കലാഭവന്‍ മണി അഭിനയിച്ചത്. ഒരു പാട്ട് രംഗത്തില്‍ ഇരുവരും പ്രണയിക്കുന്നതായി കാണിക്കുന്നുണ്ട്. എന്നാല്‍ ഗാനരംഗം ചിത്രീകരിക്കുന്ന സമയത്ത് കലാഭവന്‍ മണിയ്ക്കൊപ്പം ദിവ്യ അഭിനയിക്കില്ലെന്ന് പറഞ്ഞുവെന്നും തുടര്‍ന്ന് ആ ഗാനരംഗം ഒഴിവാക്കിയെന്നുമായിരുന്നു ആരോപണം. ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച് തുടങ്ങിയതോടെ ദിവ്യ ഉണ്ണിയ്ക്ക് നേരെ വ്യാപക വിമര്‍ശനവും ഉയര്‍ന്ന് വന്നു. ദിവ്യ നല്കുന്ന അഭിമുഖങ്ങള്‍ക്ക് താഴെയുള്ള കമന്റ് ബോക്സുകളിലും പലരും നടിയെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള അഭിപ്രായങ്ങളാണ് എഴുതുന്നത്. ഇതെക്കുറിച്ച് അവതാരകന് ചോദിച്ചപ്പോള്‍ ദിവ്യ പ്രതികരിച്ചു.
”ആരാണ് ഇത് പറഞ്ഞത് എന്നറിയില്ല. അതെക്കുറിച്ച് സംസാരിക്കാനേയില്ല. കാരണം എന്താണെന്ന് വച്ചാല്‍ നമ്മള് എന്തൊക്കെ പറഞ്ഞാലും അതൊരു ന്യായീകരണം പോലെയാകും. നമ്മള് നമ്മുടെ തന്നെ ഭാഗം പറയുന്നത് പോലെ തോന്നും. അതുകൊണ്ട് തന്നെ ഞാന്‍ അതെക്കുറിച്ച് അഭിപ്രായം പറയാനില്ല. മണിച്ചേട്ടന് പോയില്ലേ. ആദ്യത്തെ സിനിമ മുതല്‍ എത്രയോ സിനിമകള്‍ ഞങ്ങള്‍ ഒരുമിച്ച് ചെയ്തതാണ്.അദ്ദേഹത്തിന്റെ ആത്മാവിനോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടാണ് പറയുന്നത്. സത്യാവസ്ഥ എന്താണെന്ന് എനിക്കറിയാം. കമന്റുകള്‍ എഴുതുന്നവര്‍ മറുപടി അര്‍ഹിക്കുന്നില്ല. സ്വന്തം സമയം പാഴാക്കി, മറ്റുള്ളവരെ കുത്തി നോവിക്കുന്നവര്‍ക്ക് വേണ്ടി നമ്മുടെ സമയം പാഴാക്കുന്നതില്‍ അര്‍ഥമില്ല. ഞാന്‍ ഇത്തരം കമന്റുകള്‍ വായിക്കാറില്ല”- ദിവ്യ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]