
തിരുവനന്തപുരം: നാട്ടു ജീവിതവും അതിന്റെ മണവുമുള്ള പാട്ടുകള്‍ കൊണ്ട് മലയാള സിനിമാ ഗാനശാഖയില്‍ പട്ടു പരവതാനി വിരിച്ച പി.ഭാസ്കരനെ ഓര്‍മിച്ച് ഒരു സെഷന്. അദ്ദേഹത്തെ ഓര്മിക്കുന്നതാണെങ്കില് ആത്മാര്‍ത്ഥ ശിഷ്യനെന്ന് വിശേഷിപ്പിക്കുന്ന കവി ശ്രീകുമാരന്‍ തമ്പി. മാതൃഭൂമി അസി.എഡിറ്റര്‍ ആര്.എല്‍.ഹരിലാല്‍ നിയന്ത്രിച്ച ‘നാഴിയുരിപ്പാട്ട് ‘ എന്ന സെഷന് ഭാസ്കരന് മാഷിന്റെ പാട്ടു ജീവിതത്തിന്റെ പ്രകാശനമായി. സീതാറാം യെച്ചൂരിയുടേയും എം.ബി.രാജേഷിന്റേയും സാന്നിധ്യത്തില്‍ ശ്രീകുമാരന്‍ തമ്പി കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വിമര്‍ശിക്കുകയും ചെയ്തു.
എഴുത്ത്, സംവിധാനം, നിര്‍മാണം അങ്ങനെ കൈവെച്ചിടത്തെല്ലാം വിജയിച്ച ആ മനുഷ്യന് ദാദാ ഫാല്‍ക്കെ അവാര്‍ഡ് പോലും കൊടുത്തില്ല എന്ന് ശ്രീകുമാരൻ തമ്പി കുറ്റപ്പെടുത്തി. ഈ മേഖലയിലെല്ലാം പുതുമ കൊണ്ടുവന്നു. ‘നാഴിയൂരിപ്പാലു കൊണ്ട് നാടാകെ കല്യാണം’ എന്നെഴുതാന്‍ അദ്ദേഹത്തിനേ കഴിയൂ. മലയാള സിനിമയില്‍ നവധാര കൊണ്ടുവന്നത് അദ്ദേഹമായിരുന്നു.
പാട്ടു കൊണ്ട് ചിത്രം വരച്ച കവി…
‘താമസമെന്തേ വരുവാന്‍’ എന്ന ഗാനത്തില്‍ ‘തളിര് മരമുലഞ്ഞു നിന്റെ തങ്കവളകിലുങ്ങിയല്ലോ’… എന്നു തുടങ്ങുന്ന ഭാഗങ്ങളില്‍ വാക്കുകള്‍ കൊണ്ട് ചിത്രം വരക്കുകയായിരുന്നു ഭാസ്കരന് മാഷ്. ചുരുങ്ങിയ വാക്കുകള്‍ കൊണ്ടാണ് കൂടുതല്‍ ആശയങ്ങള്‍ അവതരിപ്പിക്കുക. മലയാള ലളിതസംഗീതത്തെ ശരിയാംവഴിക്ക് തിരിച്ചുവിട്ട മനുഷ്യനാണ്. ആ വഴിയിലൂടെയാണ് വയലാറും ഒ.എന്‍.വി.യുമൊക്കെ സഞ്ചരിച്ചത്.
”സംബന്ധം പരമാനന്ദം’ …
ഇത്രയും വൈവിധ്യമാര്‍ന്ന പാട്ടുകളെഴുതിയ മറ്റൊരാളില്ല. ”ഇന്നലെ നീയൊരു സുന്ദരഗാനമായ്’ എഴുതിയ ആളാണ് ‘അമ്മായിയപ്പന് പണമുണ്ടെങ്കില്‍ സംബന്ധം പരമാനന്ദം’ എഴുതിയത്. ‘വൃശ്ചികപ്പൂനിലാവേ’ എഴുതിയ പേനയില്‍ നിന്നാണ് ‘ എന്തൊരു തൊന്തരവ് അയ്യയ്യോ ‘ഉതിര്‍ന്നു വീണത്. ‘വെളിക്ക് കാണുമ്പം നിനക്ക് ഞാനൊരു പരിക്കന്‍ മുള്ളുള്ള മുരുക്ക് ‘ എന്നൊക്കെ എഴുതാന്‍ ഒരു അടിമുടി കവിക്കേപറ്റൂ.
നിമിഷനേരം കൊണ്ടൊരു പാട്ട്…
ഒരിക്കല്‍ അദ്ദേഹത്തോടൊപ്പം യാത്രക്കൊരുങ്ങുമ്പോള്‍ ഉണ്ടായ സംഭവം തമ്പി വിശദീകരിച്ചു. നാളെ റെക്കോഡിങ്ങുണ്ട് ,പാട്ട് ഇതുവരെ കിട്ടിയില്ല എന്നു പറഞ്ഞ് ഒരു ചെറുപ്പക്കാരന് കാറിനരികിലെത്തി. നോക്കുമ്പോള്‍ കടലാസൊന്നുമില്ല. ഒരു സിഗരറ്റ് കൂട്നിവര്ത്തി അതിന്റെ പ്രതലത്തില്‍ കാറിലിരുന്നു കൊണ്ട് പത്തു മിനിറ്റ് കൊണ്ട് പാട്ടെഴുതി. ട്യൂണ നുസരിച്ച് പാട്ടെഴുതാന്‍ ഇത്രയും മിടുക്ക് വേറെ ആര്‍ക്കുമില്ല. ഉഷ ഖന്നയൊക്കെ ട്യൂണ്‍ പറയുമ്പോഴേക്ക് പാട്ടായിക്കഴിഞ്ഞിരിക്കും. ഖവാലി രീതിയിലെഴുതിയ പാട്ടാണ് ‘കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം’.
പാര്‍ട്ടി പോലും തുണച്ചില്ല…
അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനായിരുന്ന ഭാസ്കരന് മാഷാണ് ആദ്യത്തെ കമ്യൂണിസ്റ്റ് കവിതയായ ‘വയലാര്‍ ഗര്‍ജ്ജിക്കുന്നു ‘എന്നെഴുതിയത്. അത് പല കമ്യൂണിസ്റ്റുകാര്‍ക്കും അറിയില്ല. പാര്‍ട്ടി പോലും പദ്മശ്രീക്ക് ശുപാര്‍ശ ചെയ്തില്ല. സ്വാതന്ത്ര്യ സമരക്കാലത്ത് ജയിലില്‍ ഒരുമിച്ചുണ്ടായിരുന്ന പരിചയം വഴി കെ.കരുണാകരനാണ് കേരളാ ഫിലിം ഡവലപ്പ്മെന്റ് കോര്പ്പറേഷനിലെങ്കിലും ഒരു സ്ഥാനം നല്‍കിയത്.
ഇ.എം.എസ് പറഞ്ഞു, പ്രേമഗാനങ്ങള്‍ എഴുതരുത്
ഒരു വിപ്ലവകാരി പ്രേമഗാനങ്ങള്‍ എഴുതരുതെന്ന് പി.ഭാസ്കരനോട് ഇ.എം.എസ് പറഞ്ഞ കാര്യം തമ്പി ഓര്‍മിച്ചു. പി.ഭാസ്കരന് തന്നെയാണത് പറഞ്ഞത്. അദ്ദേഹം പറഞ്ഞ മറുപടി ,മാവോ പ്രേമിച്ചിട്ടുണ്ട്.പ്രേമകവിതകളും എഴുതിക്കാണും. ഈ നിര്‍ദ്ദേശം അനുസരിക്കാന്‍ നിവൃത്തിയില്ല എന്നായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]