
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നിൽ പങ്കെടുത്ത ആർഎസ് പി എംപി എൻ കെ പ്രേമചന്ദ്രനെതിരെ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. നരേന്ദ്രമോദി ഭക്ഷണത്തിന് ക്ഷണിച്ച 8 എംപിമാരിൽ ഒരാളാണ് പ്രേമചന്ദ്രൻ എന്ന് പറഞ്ഞ ജയരാജൻ എന്താണ് അതിന്റെ അന്തർധാരയെന്നും ചോദിച്ചു. ബിജെപിയുമായുള്ള അന്തർധാരയാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു. എന്തുകൊണ്ട് ശശി തരൂരിനെ ക്ഷണിച്ചില്ലെന്നും ജയരാജൻ ചോദ്യമുന്നയിച്ചു. ക്ഷണത്തിനു പിന്നിൽ പുതിയ അന്തർധാരയാണുള്ളത്. ബിജെപിയും ആർഎസ്എസുമായുള്ള പുതിയ ബന്ധമാണെന്നും എൽഡിഎഫ് കൺവീനർ ആരോപിച്ചു.
എൻ കെ പ്രേമചന്ദ്രനെതിരെ ധനമന്ത്രി കെഎൻ ബാലഗോപാലും രംഗത്തെത്തിയിരുന്നു. എൻകെ പ്രേമചന്ദ്രൻ അടക്കമുള്ള കേരളത്തിൽ നിന്നുളള എംപിമാർ കേരളത്തിന്റെ കാര്യത്തിന് വേണ്ടി പാർലമൻ്റിൽ ഒന്നും ചെയ്തില്ലെന്ന് കെഎൻ ബാലഗോപാൽ കുറ്റപ്പെടുത്തി. പാർലമെന്റിൽ പ്രേമചന്ദ്രൻ ചോദിക്കുന്ന ചോദ്യങ്ങൾ പോലും കേന്ദ്ര നിലപാടുകളെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുളളതാണ്. അത്രയും അടുപ്പമുള്ളതു കൊണ്ടായിരിക്കുമല്ലോ വിരുന്നിന് പിഎം മോദി വിളിച്ചതും പ്രേമചന്ദ്രൻ പോയതുമെന്നും ആയിരുന്നു ബാലഗോപാൽ അഭിപ്രായപ്പെട്ടത്.
അതേസമയം, എന്.കെ.പ്രേമചന്ദ്രനെതിരെ ആരോപണവുമായി മുതിർന്ന സിപിഎം നേതാവും എംപിയുമായ എളമരം കരീം രംഗത്തെത്തി. പ്രധാനമന്ത്രിയുടെ വിരുന്നില് പങ്കെടുത്ത പ്രേമചന്ദ്രൻ ഇന്ത്യാ സഖ്യത്തെ വഞ്ചിച്ചുവെന്ന് കരീം കുറ്റപ്പെടുത്തി. പ്രേമചന്ദ്രനല്ലാതെ ഇന്ത്യാ സഖ്യത്തിലെ അംഗങ്ങൾ ആരും വിരുന്നിൽ പങ്കെടുത്തില്ല. പ്രധാനമന്ത്രിയുടെ തന്ത്രത്തിൽ പ്രേമചന്ദ്രൻ വീഴുകയായിരുന്നു. പ്രേമചന്ദ്രനെ കൂടെക്കൂട്ടിയതിൽ ചില സംശയങ്ങളുണ്ട്.കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ മറുപടി പറയണം. പ്രേമചന്ദ്രനെ കണ്ടു കൊണ്ടാണോ കേരളത്തിൽ ബി ജെ പി അക്കൗണ്ട് തുറക്കുമെന്ന് പ്രധാനമന്ത്രി പറയുന്നതെന്നും എളമരം കരീം ചോദിച്ചു.
Last Updated Feb 10, 2024, 7:05 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]