
മമ്മൂട്ടി, ജീവ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മഹി വി രാഘവ് സംവിധാനം ചെയ്ത ചിത്രമായ യാത്രാ 2 വ്യാഴാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. തിയേറ്ററുകളിൽ മികച്ച വരവേല്പാണ് ചിത്രത്തിന് ലഭിച്ചത്. അതിനിടെ സിനിമയുടെ പ്രദർശനത്തിനിടെ നടന്ന ഒരു സംഘർഷത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
ആന്ധ്രാ മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയുടെ വ്യക്തിജീവിതവും രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവുമെല്ലാമാണ് യാത്രാ 2-ന്റെ പ്രമേയം. ചിത്രത്തിന്റെ പ്രദർശനത്തിനിടെ കാണികളിൽ ചിലർ രണ്ടുവിഭാഗങ്ങളായി തിരിഞ്ഞ് തമ്മിലടിക്കുന്നതാണ് പരക്കുന്ന വീഡിയോയിലുള്ളത്. ഇവരിൽ ഒരുഭാഗം ജഗൻമോഹൻ റെഡ്ഡിയെ അനുകൂലിക്കുന്നവരും മറുഭാഗം തെലുങ്കിലെ സൂപ്പർതാരവും ജനസേനാ പാർട്ടി പ്രസിഡന്റുമായ പവൻ കല്യാണിന്റെ ആരാധകരുമാണെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. എന്നാൽ എന്താണ് തിയേറ്ററിനകത്തെ ചേരിതിരിഞ്ഞുള്ള സംഘർഷം പൊട്ടിപ്പുറപ്പെടാൻ കാരണമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തമിഴ് നടൻ ജീവയാണ് വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയായി എത്തുന്നത്. വൈ.എസ്. രാജശേഖര റെഡ്ഡിയുടെ വേഷത്തിലാണ് മമ്മൂട്ടി.
2009-ൽ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മരണത്തിന് ആറുമാസത്തിനുശേഷം ജഗൻമോഹൻ റെഡ്ഡി നടത്തിയ ഒതർപ്പ് യാത്രയാണ് ചിത്രത്തിന് ആധാരം. ചിത്രത്തിന്റെ ആദ്യഭാഗത്തിൽ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ പദയാത്രയായിരുന്നു യാത്രയുടെ പ്രമേയം. ത്രീ ആറ്റം ലീവ്സ്, വി സെല്ലുലോയിഡ്, ശിവ മേക്ക എന്നിവർ സംയുക്തമായാണ് ‘യാത്ര 2’ എന്ന ചിത്രം നിർമിക്കുന്നത്. മദിയാണ് ഈ ചിത്രത്തിന്റെ ക്യാമറാമാൻ. സന്തോഷ് നാരായണനാണ് സംഗീതമൊരുക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]