

ബാലതാരമായി സിനിമയിൽ വന്ന് 1990 കളിലും രണ്ടായിരത്തിൻ്റെ തുടക്കത്തിലും മലയാള സിനിമയിൽ നിറഞ്ഞ് നിന്ന നടിയാണ് ദിവ്യ ഉണ്ണി. വിവാഹത്തിന് ശേഷം അമേരിക്കയിലേക്ക് പോയ ദിവ്യ പിന്നീടങ്ങോട്ട് നൃത്തത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. വർഷങ്ങളായി ദിവ്യയുടെ പേരിനൊപ്പം കലാഭവൻ മണിയുമായി ബന്ധപ്പെട്ട ഒരു വിവാദം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവാറുണ്ട്. വർഷങ്ങൾക്കിപ്പുറം വിവാദത്തോട് പ്രതികരിക്കുകയാണ് ദിവ്യ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെയാണ് നടൻ കലാഭവൻ മണിയെ അപമാനിച്ചുവെന്ന ആരോപണത്തിന് ദിവ്യ ഉണ്ണി മറുപടി നൽകിയത്.
വിനയൻ സംവിധാനം ചെയ്ത കല്യാണസൗഗന്ധികം എന്ന ചിത്രത്തിലാണ് ദിവ്യ ഉണ്ണി നായികയായി അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിൽ ദിവ്യയുടെ മുറചെറുക്കാനായാണ് കലാഭവൻ മണി അഭിനയിച്ചത്. ഒരു പാട്ട് രംഗത്തിൽ ഇരുവരും പ്രണയിക്കുന്നതായി കാണിക്കുന്നുണ്ട്. എന്നാൽ ഗാനരംഗം ചിത്രീകരിക്കുന്ന സമയത്ത് കലാഭവൻ മണിയൊപ്പം ദിവ്യ അഭിനയിക്കില്ലെന്ന് പറഞ്ഞുവെന്നും തുടർന്ന് ആ ഗാനരംഗം ഒഴിവാക്കിയെന്നുമായിരുന്നു ആരോപണം. ഈ വാർത്ത സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച് തുടങ്ങിയതോടെ ദിവ്യ ഉണ്ണിയ്ക്ക് നേരെ വ്യാപക വിമർശനവും ഉയർന്ന് വന്നു. ദിവ്യ നൽകുന്ന അഭിമുഖങ്ങൾക്ക് താഴെയുള്ള കമന്റ് ബോക്സുകളിലും പലരും നടിയെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള അഭിപ്രായങ്ങളാണ് എഴുതുന്നത്. ഇതെക്കുറിച്ച് അവതാരകൻ ചോദിച്ചപ്പോൾ ദിവ്യ പ്രതികരിച്ചു.ആരാണ് ഇത് പറഞ്ഞത് എന്നറിയില്ല. അതെക്കുറിച്ച് സംസാരിക്കാനേയില്ല. കാരണം എന്താണെന്ന് വച്ചാൽ നമ്മൾ എന്തൊക്കെ പറഞ്ഞാലും അതൊരു ന്യായീകരണം പോലെയാകും. നമ്മൾ നമ്മുടെ തന്നെ ഭാഗം പറയുന്നത് പോലെ തോന്നും. അതുകൊണ്ട് തന്നെ ഞാൻ അതെക്കുറിച്ച് അഭിപ്രായം പറയാനില്ല. മണിച്ചേട്ടൻ പോയില്ലേ. ആദ്യത്തെ സിനിമ മുതൽ എത്രയോ സിനിമകൾ ഞങ്ങൾ ഒരുമിച്ച് ചെയ്തതാണ്. അദ്ദേഹത്തിന്റെ ആത്മാവിനോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടാണ് പറയുന്നത്. സത്യാവസ്ഥ എന്താണെന്ന് എനിക്കറിയാം. കമന്റുകൾ എഴുതുന്നവർ മറുപടി അർഹിക്കുന്നില്ല. സ്വന്തം സമയം പാഴാക്കി, മറ്റുള്ളവരെ കുത്തി നോവിക്കുന്നവർക്ക് വേണ്ടി നമ്മുടെ സമയം പാഴാക്കുന്നതിൽ അർഥമില്ല. ഞാൻ ഇത്തരം കമന്റുകൾ വായിക്കാറില്ല”- ദിവ്യ പറഞ്ഞു.