
തിരുവനന്തപുരം: പിഎസ്സി പരീക്ഷയിലെ ആള്‍മാറാട്ട കേസിൽ വഴിത്തിരിവ്. മുഖ്യപ്രതിയായ അമൽജിത്തിന് വേണ്ടി ആള്‍മാറാട്ടം നടത്തിയത് സഹോദരൻ അഖിൽ ജിത്താണെന്ന് പൊലീസ് സംശയിക്കുന്നു. നേമം സ്വദേശികളായ രണ്ട് പേരും ഒളിവിലാണ്. വയറുവേദനയായത് കൊണ്ട് പരീക്ഷ എഴുതാതെ മടങ്ങിയെന്ന് അമ്മ രേണുക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വാർത്ത വന്നതിന് പിന്നാലെയാണ് മക്കൾ വീട്ടിൽ നിന്നും പോയെന്നും അമ്മ പറയുന്നു.
കേരള സർവ്വകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷക്കിടെ പിഎസ്സി വിജിലൻസ് വിഭാഗം ബയോ മെട്രിക് മെഷീനുമായി പരിശോധനക്കെത്തിയപ്പോഴാണ് ഒരു ഉദ്യോഗാർത്ഥി ഹാളിൽ നിന്നും ഓടി രക്ഷപ്പെട്ടത്. നേമം സ്വദേശി അമൽ ജിത്തായിരുന്നു പരീക്ഷ എഴുതേണ്ടത്. മതിൽചാടിപ്പോയ ആളെ ഒരു ബൈക്കിൽ കാത്തുനിന്നയാളാണ് കൊണ്ടുപോയത്. ഈ വാഹനവും അമൽ ജിത്തിന്റെതാണ്. അമൽ ജിത്തിനുവേണ്ടി മറ്റാരോ പരീക്ഷയെഴുതാൻ ശ്രമിച്ചതെന്നായിരുന്നു പൊലീസ് സംശയം. അമൽജിത്തിന്റെ വീട്ടിൽ ഇന്നലെ പരിശോധന നടത്തിയിപ്പോഴാണ് സഹോദരൻ അഖിൽ ജിത്തും മുങ്ങിയെന്ന് മനസ്സിലായത്. അമൽ ജിത്തും അഖിൽ ജിത്തും ചേർന്നാണ് പിഎസ്സി പരീക്ഷയ്ക്കുള്ള പരിശീലനം നടത്തിയിരുന്നത്. അഖിൽ ജിത്തിന് ഇതിന് മുമ്പ് പൊലീസ്, ഫയർഫോഴ്സ് എഴുത്തുപരീക്ഷകൾ പാസായെങ്കിലും കായിക ക്ഷമതാ പരീക്ഷയിൽ പിന്തള്ളപ്പെട്ടു.
ലാസ്റ്റ് ഗ്രേഡ് പരീക്ഷയിൽ സഹോദരന് ജോലി കിട്ടാനായി അനുജൻ പരീക്ഷ എഴുതിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. തട്ടിപ്പിൽ പങ്കില്ലെങ്കിൽ എന്തിനാണ് അഖിൽ ജിത്ത് മുങ്ങിയതെന്നാണ് പൊലീസിൻ്റെ ചോദ്യം. സംഭവത്തില്‍ രണ്ട് പേരെയും പിടികൂടിയാലെ വ്യക്തത വരൂ എന്നാണ് പൂജപ്പുര പൊലീസ് പറയുന്നത്. ആൾമാറാട്ടശ്രമം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും പൊലീസിന് സഹോദരങ്ങളെ പിടികൂടാനായിട്ടില്ല.
Last Updated Feb 9, 2024, 2:55 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]