
ടൊവിനോ തോമസ് നായകനാവുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രം ഇന്ന് തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. നവാഗതനായ ഡാര്വിന് കുര്യാക്കോസ് ആണ് സംവിധാനം. ഏറെക്കാലം മലയാള സിനിമാലോകത്ത് സംവിധാന സഹായിയായി പ്രവർത്തിച്ച അനുഭവ സമ്പത്തോടെയാണ് ഡാര്വിന് എത്തിയിരിക്കുന്നത്. ആദ്യ സിനിമയുടെ ചിത്രീകരണാനുഭവം സിനിമയുടെ പ്രൊമോഷണല്‍ അഭിമുഖങ്ങളില്‍ അദ്ദേഹം രസകരമായി പങ്കുവച്ചിരുന്നു.
“ആദ്യ സംവിധാന സംരംഭമാണെങ്കിലും ടെൻഷന്‍ ഇല്ലായിരുന്നു. സെറ്റിൽ എല്ലാവരും ഹാപ്പിയായിരുന്നു. ഷൂട്ടിംഗ് സമയത്ത് ടൊവിനോയുടെ ഭാഗം കഴിഞ്ഞാൽ പ്രൊഡ്യൂസറെയും വിളിച്ച് അദ്ദേഹം ക്രിക്കറ്റ് കളിക്കാൻ പോകും. അസിസ്റ്റൻഡ് ഡയറക്ടേഴ്സും ഒപ്പം പോകും. ഇടയ്ക്ക് ഞാനും പോകാറുണ്ട്, പക്ഷേ എപ്പോഴും പറ്റില്ലായിരുന്നു. തന്റെ ഭാഗം ഷൂട്ട് കഴിഞ്ഞാൽ കാരവാനിലേക്ക് പോകാതെ ക്രിക്കറ്റും ലൂഡോയുമൊക്കെ കളിച്ചിരിക്കുന്ന ടൊവിനോയും മറ്റ് താരങ്ങളുമൊക്കെ തങ്ങളിൽ ഒരാള്‍ തന്നെയായി ഏവരേയും ഹാപ്പിയാക്കി നിർത്തിയിരുന്നു. ലൊക്കേഷൻ അതിനാൽ തന്നെ ഫൺ ആയിരുന്നു. 75 ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു. ഈ 75 ദിവസവും ടൊവി ഉണ്ടായിരുന്നു. ടൊവി അവതരിപ്പിക്കുന്ന എസ് ഐ ആനന്ദ് നാരായണനിലൂടെയാണ് ഈ സിനിമ പോകുന്നത്”, ഡാർവിൻ ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഡാർവിൻ കുര്യാക്കോസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രാഹാം, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി എബ്രഹാമാണ്. പൃഥ്വിരാജ് ചിത്രം കാപ്പയുടെ വിജയത്തിനു ശേഷം തീയറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’. വൻ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും കോർത്തിണക്കി വിശാലമായ ക്യാൻവാസിലാണ് സിനിമയുടെ അവതരണം. ചിത്രത്തിൽ ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യ സുവി (നൻപകൽ മയക്കം ഫെയിം) എന്നിവർ പ്രധാന താരങ്ങളായെത്തുന്നുണ്ട്. ചിത്രത്തിൽ രണ്ട് നായികമാരാണുള്ളത്. നായികമാർ പുതുമുഖങ്ങളാണ്.
സിനിമയുടെ ഛായാഗ്രഹണം ‘തങ്കം’ സിനിമയുടെ ക്യാമറമാനായിരുന്ന ഗൗതം ശങ്കറാണ്. എഡിറ്റിംഗ് സൈജു ശ്രീധർ, കലാസംവിധാനം ദിലീപ് നാഥ്, മേക്കപ്പ് സജി കാട്ടാക്കട, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ, പി ആർ ഒ ശബരി, വിഷ്വൽ പ്രൊമോഷൻസ് സ്നേക്ക്പ്ലാന്റ്.
Last Updated Feb 9, 2024, 11:39 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]