
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവാവ് തൃശ്ശൂർ കുന്നംകുളത്ത് പിടിയിലായി. എടക്കളത്തൂർ സ്വദേശിയായ 34 കാരൻ പ്രബിനാണ് കുന്നംകുളം പൊലീസിന്റെ പിടിയിലായത്. 10 പേരിൽനിന്നായി 10 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. യുവാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.
വാളയാറിൽ ജോലി ചെയ്യുന്ന വനം വകുപ്പ് ജീവനക്കാരനാണെന്ന് പറഞ്ഞായിരുന്നു ഇയാൾ ഉദ്യോഗാർത്ഥികളെ സമീപിച്ചിരുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ജോലി വാങ്ങി നൽകാമെന്നായിരുന്നു പ്രബിന്റെ വാഗ്ദാനം. ഈ പേരിൽ 10 പേരിൽ നിന്നായി 60,000 രൂപ മുതൽ ഒന്നര ലക്ഷം വരെ വാങ്ങി. ഇടനിലക്കാരായ രണ്ട് പേരുടെ സഹായത്തോടെയായിരുന്നു പണം വാങ്ങിയത്. ഏകദേശ പത്ത് ലക്ഷം രൂപയോളം പ്രബിൻ ഇങ്ങനെ തട്ടിയെടുത്തെന്നാണ് പൊലീസ് പറയുന്നത്.
വിശഅവാസ്യത ഉറപ്പിക്കാനായി തൃശ്ശൂർ കളക്ടറേറ്റ് പരിസരത്തുവച്ചായിരുന്നു പണം വാങ്ങൽ. എയർ ഇന്ത്യയുടെ പേരിലുള്ള വ്യാജ ഡോക്യുമെന്റുകളും പ്രബിൻ ഇതിനായി നിർമിച്ചിരുന്നു. പറഞ്ഞ സമയം കഴിഞ്ഞിട്ടും ജോലി കിട്ടാതെ വന്നതോടെയാണ് ഉദ്യോഗാർത്ഥികൾ പരാതിയുമായി കുന്നംകുളം പൊലീസിനെ സമീപിച്ചത്. അന്വേഷണത്തിനൊടുവിൽ എസ് എച്ച് ഒ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഒടുവിൽ പ്രബിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തട്ടിപ്പിന് ഇടനിലക്കാരായി നിന്ന രണ്ട് യുവാക്കൾക്കായി തെരച്ചിൽ തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]