
മുംബൈ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കളിക്കാതെ വിശ്രമം എടുക്കണോ എന്ന കാര്യത്തില്‍ തീരുമാനം ജസ്പ്രീത് ബുമ്രക്ക് വിട്ട് സെലക്ടര്‍മാര്‍. ജോലിഭാരം ക്രമീകരിക്കുന്നതിന്റെ ഭാഗമായി മൂന്നാം ടെസ്റ്റില്‍ ബുമ്രക്ക് സെലക്ടര്‍മാര്‍ വിശ്രമം അനുവദിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇക്കാര്യത്തില്‍ തീരുമാനം ബുമ്ര തന്നെ എടുക്കട്ടെയെന്ന് സെലക്ടര്‍മാര്‍ തീരുമാനിച്ചത്.
ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിലും ഉജ്ജ്വലമായി പന്തെറിഞ്ഞ ബുമ്ര 15 വിക്കറ്റുമായി പരമ്പരയിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാമതാണ്. ഐപിഎല്ലും ടി20 ലോകകപ്പും കണക്കിലെടുത്ത് പരിക്കേലക്കാനുള്ള സാധ്യതകള്‍ കുറക്കുന്നതിന്റെ ഭാഗമായി കൂടിയാണ് മൂന്നാം ടെസ്റ്റില്‍ ബുമ്രക്ക് വിശ്രമം അനുവദിക്കുന്ന കാര്യം സെലക്ടര്‍മാര്‍ പരിഗണിച്ചത്. മെഡിക്കല്‍ ടീം ബുമ്രയുടെ ശാരീരികക്ഷമത സംബന്ധിച്ച റിപ്പോര്‍ട്ട് സെലക്ടര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ട്.
രണ്ടും മൂന്നും ടെസ്റ്റുകള്‍ക്കിടെ 10 ദിവസത്തെ ഇടവേളയുള്ളതിനാല്‍ വിശ്രമം ആവശ്യമായി വരില്ലെന്നാണ് കരുതുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ബുമ്ര തന്നെ തീരുമാനമെടുക്കുന്നതാവും നല്ലതെന്നാണ് സെലക്ടര്‍മാര്‍ കരുതുന്നത്. ഡിസംബറില്‍ ദക്ഷിണാഫ്രിക്കക്കെതിരെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ കളിച്ച ബുമ്രക്ക് അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ വിശ്രമം അനുവദിച്ചിരുന്നു.
പിന്നാലെ ഇംഗ്ലണ്ടിനെതിരായ രണ്ട് ടെസ്റ്റിലും ബുമ്ര കളിച്ചു. ആദ്യ ടെസ്റ്റില്‍ കളിച്ച മുഹമ്മദ് സിറാജിന് സെലക്ടര്‍മാര്‍ രണ്ടാം ടെസ്റ്റില്‍ വിശ്രമം അനുവദിച്ചിരുന്നു. ബുമ്രയില്ലെങ്കില്‍ മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ പേസാക്രമണത്തിന്റെ മുനയൊടിയും. എന്നാല്‍ ബുമ്രയുടെ അഭാവത്തില്‍ സിറാജിന് പേസ് നിരയുടെ നായകത്വം ഏറ്റെടുക്കാനുള്ള അവസരമായും ഇതിനെ സെലക്ടര്‍മാര്‍ കാണുന്നുണ്ട്.
ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സെലക്ടര്‍മാര്‍ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് വിട്ടു നിന്ന വിരാട് കോലി അടുത്ത രണ്ട് ടെസ്റ്റുകളിലെങ്കിലും കളിക്കില്ലെന്നാണ് സൂചന. അതേസമയം, പരിക്കുമൂലം രണ്ടാം ടെസ്റ്റില്‍ കളിക്കാതിരുന്ന കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയും മൂന്നാം ടെസ്റ്റില്‍ തിരിച്ചെത്തുമെന്ന് ഇന്ത്യൻ എക്സപ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Last Updated Feb 8, 2024, 5:53 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]