
ലണ്ടന്‍: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് തോറ്റെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നും ഈ ഇന്ത്യൻ ടീമിനെ ഇനിയും തോല്‍പ്പിക്കാനാവുമെന്നും മുന്‍ ഇംഗ്ലണ്ട് നായകന് അലിസ്റ്റര്‍ കുക്ക്. രണ്ടാം ടെസ്റ്റില്‍ ജയിച്ച് പരമ്പര സമനിലയാക്കിയതില്‍ ഇന്ത്യ ആശ്വസിക്കുന്നുണ്ടാകും. പക്ഷെ ഇന്ത്യ സമ്മര്‍ദ്ദത്തിനൊടുവിലാണ് ജയിച്ചത്. ആദ്യ ടെസ്റ്റില്‍ തോറ്റതിന്റെ സമ്മര്‍ദ്ദത്തിലാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങിയത്.
രണ്ടാം ടെസ്റ്റില്‍ ജയിച്ചെങ്കിലും ഇംഗ്ലണ്ട് അവസാന നിമിഷം വരെ ഇന്ത്യയെ വിറപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ഈ ഇന്ത്യന്‍ ടീമിനെ ഇനിയും തോല്‍പ്പിക്കാനാവുമെന്നും ഒരു സെഞ്ചുറി പോലും ഇല്ലാതെ ഇന്ത്യന്‍ സ്കോറിന് അടുത്തെത്താന്‍ ഇംഗ്ലണ്ടിനായത് ചെറിയ കാര്യമല്ലെന്നും കുക്ക് പറഞ്ഞു. ഇന്ത്യയില്‍ അവസാനമായി ടെസ്റ്റ് പരമ്പര ജയിച്ച ഇംഗ്ലണ്ട് നായകന് കൂടിയാണ് കുക്ക്. 2011-2012ലാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ പരമ്പര ജയിച്ചത്.
ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 28 റണ്‍സിന് തോറ്റ ഇന്ത്യ വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റില്‍ 106 റണ്‍സിന്റെ ജയം സ്വന്തമാക്കിയിരുന്നു. എന്നാല്‍ ആദ്യ ഇന്നിംഗ്സില്‍ 399 റണ്‍സടിച്ചെങ്കിലും 209 റണ്‍സടിച്ച യശസ്വി ജയ്സ്വാളൊഴികെ മറ്റാരും ഇന്ത്യക്കായി ബാറ്റിംഗില്‍ തിളങ്ങിയിരുന്നില്ല.
വിശാഖപട്ടണം ടെസ്റ്റില്‍ ഇന്ത്യ ജയിക്കാന്‍ കാരണം യശസ്വി ജയ്സ്വാളിന്റെ അസാമാന്യ ഇന്നിംഗ്സാണെന്നും കുക്ക് പറഞ്ഞു. ഇംഗ്ലണ്ട് തോറ്റത് അവരുടെ ഒരു താരം അസാമാന്യ പ്രകടനം നടത്തിയതുകൊണ്ടാണ്. മറ്റൊരു ബാറ്ററും വലിയ സ്കോര്‍ നേടിയില്ല. ഈ തോല്‍വിയില്‍ നിന്ന് ഇംഗ്ലണ്ട് ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ടാവും. അടുത്ത ടെസ്റ്റില്‍ അത് അവര്‍ക്ക് ഗുണകരമാകുമെന്നും കുക്ക് പറഞ്ഞു. ഫെബ്രുവരി 15നാണ് ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് തുടങ്ങുന്നത്. രാജ്കോട്ടാണ് മൂന്നാം ടെസ്റ്റിന് വേദിയാവുന്നത്.
Last Updated Feb 7, 2024, 5:14 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]