
മുംബൈ: മോഡേണ്‍ ക്രിക്കറ്റിലെ രണ്ട് മാസ്റ്റര്‍ ബാറ്റര്‍മാരാണ് ടീം ഇന്ത്യയുടെ വിരാട് കോലിയും രോഹിത് ശര്‍മ്മയും എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കം കാണില്ല. എന്നാല്‍ ഇവരിലാരാണ് ഏറ്റവും മികച്ച ബാറ്റര്‍ എന്ന കാര്യത്തില്‍ ആരാധകര്‍ക്കിടയില്‍ വലിയ പോര് ഉണ്ടുതാനും. ഇരുവരെയും ചുറ്റിപ്പറ്റി ഏറെത്തവണ നടന്നിട്ടുള്ള ‘ഗോട്ട്’ ചര്‍ച്ചയില്‍ തന്റെ മറുപടിയുമായി രംഗപ്രവേശനം ചെയ്തിരിക്കുകയാണ് ഇന്ത്യന്‍ വെറ്ററന്‍ പേസര്‍ മുഹമ്മദ് ഷമി.
വിരാട് കോലിയെ ലോകത്തെ ഏറ്റവും മികച്ച ബാറ്റര്‍ എന്ന് വിശേഷിപ്പിച്ച മുഹമ്മദ് ഷമി, രോഹിത് ശര്‍മ്മയ്ക്ക് ഏറ്റവും അപകടകാരിയായ ബാറ്റര്‍ എന്ന വിശേഷണവും നല്‍കിയാണ് ചര്‍ച്ചയ്ക്ക് താല്‍ക്കാലികമായെങ്കിലും തിരശ്ശീലയിട്ടത്. ‘വിരാട് കോലി ലോകത്തെ ഏറ്റവും മികച്ച ബാറ്ററാണ്. ഏറെ റെക്കോര്‍ഡുകള്‍ തകര്‍ത്ത താരം. വിരാടാണ് ഏറ്റവും മികച്ച ബാറ്റര്‍ എങ്കിലും ഏറ്റവും അപകടകാരിയായ ബാറ്റര്‍ ആരാണ് എന്ന് ചോദിച്ചാല്‍ ഞാന്‍ രോഹിത് ശര്‍മ്മയുടെ പേര് പറയും’ എന്നും മുഹമ്മദ് ഷമി ന്യൂസ് 18നോട് പറഞ്ഞു. അതേസമയം ഏറ്റവും മികച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ ആരാണ് എന്ന് ചോദിച്ചാല്‍ ഐസിസി ട്വന്റി 20 ലോകകപ്പും (2007), ഏകദിന ലോകകപ്പും (2011) ചാമ്പ്യന്‍സ് ട്രോഫിയും (2013) നേടിയ എം എസ് ധോണിയുടെ പേര് പറയും എന്നും ഷമി കൂട്ടിച്ചേര്‍ത്തു.
ഇതാ കണക്കുകള്‍
എം എസ് ധോണിക്ക് ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്മാരായ വിരാട് കോലിക്കും രോഹിത് ശര്‍മ്മയ്ക്കും ഇതുവരെ നായകന്റെ തൊപ്പിയില്‍ ഐസിസി കിരീടം ചൂടാനായിട്ടില്ല. എന്നാല്‍ ഇരുവരുടെയും ബാറ്റിംഗ് ശേഷിയില്‍ ആര്‍ക്കും തര്‍ക്കമില്ല. പ്രഹരശേഷി കൊണ്ട് ഹിറ്റ്മാന് എന്നാണ് ലോക ക്രിക്കറ്റില്‍ രോഹിത് ശര്‍മ്മയ്ക്കുള്ള വിശേഷണം. ടീം ഇന്ത്യക്കായി 56 ടെസ്റ്റില്‍ 3828 റണ്‍സും 262 ഏകദിനങ്ങളില്‍ 10709 റണ്‍സും 151 രാജ്യാന്തര ട്വന്റി 20കളില്‍ 3974 റണ്‍സുമാണ് രോഹിത്തിന്റെ സമ്പാദ്യം. ഏകദിന കരിയറില്‍ 31 ഉം ടെസ്റ്റില്‍ 10 ഉം ടി20യില്‍ 5 ഉം സെഞ്ചുറികള്‍ ഹിറ്റ്മാന് സ്വന്തമാക്കി. ഏകദിനത്തില്‍ മൂന്ന് ഡബിള്‍ സെഞ്ചുറികളുള്ള ഏക താരം കൂടിയാണ് രോഹിത് ശര്‍മ്മ.
സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററായി വിശേഷിപ്പിക്കപ്പെടുന്ന വിരാട് കോലി ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയും രാജ്യാന്തര ക്രിക്കറ്റില്‍ സെഞ്ചുറിവേട്ടയില്‍ സച്ചിന് ടെന്‍ഡുല്‍ക്കര്‍ക്ക് പിന്നില്‍ രണ്ടാമനുമാണ്. 100 സെഞ്ചുറികള്‍ തികച്ച ഏക താരമാണ് സച്ചിന് എങ്കില്‍ കോലിക്ക് 80 എണ്ണമുണ്ട്. 113 ടെസ്റ്റില്‍ 29 സെഞ്ചുറിയോടെ 8848 റണ്‍സും 292 ഏകദിനങ്ങളില്‍ 50 ശതകങ്ങളോടെ 13848 റണ്‍സും നേടിയ കോലിക്ക് രാജ്യാന്തര ട്വന്റി 20യില്‍ 117 കളികളില്‍ ഒരു സെഞ്ചുറിയോടെ 4037 റണ്‍സുമുണ്ട്.
Last Updated Feb 7, 2024, 10:07 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]