
വിശാഖപട്ടണം: ടീം ഇന്ത്യക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ത്രില്ലര്‍ ജയം നേടിയ ശേഷം രണ്ടാം മത്സരത്തില്‍ തോറ്റമ്പിയ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇംഗ്ലീഷ് ഇതിഹാസം ജെഫ് ബോയ്ക്കോട്ട്. വിശാഖപട്ടണം ടെസ്റ്റില്‍ ബാസ്ബോള്‍ ശൈലി വിനയായി എന്ന് വിമര്‍ശിക്കുന്ന ജെഫ്, തോല്‍വിയില്‍ അഭിമാനിക്കാന്‍ എന്തിരിക്കുന്നു എന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിനോട് ചോദിച്ചു. ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ച് വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് ബെന്‍ സ്റ്റോക്സും സംഘവും സ്വയം തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു എന്നാണ് ജെഫ് ഉയര്‍ത്തുന്ന വിമര്‍ശനം.
‘തോല്‍വിയില്‍ പ്രത്യേകിച്ച് അഹങ്കരിക്കാനൊന്നുമില്ല. ബാസ്ബോള്‍ ശൈലിയാണ് ജോ റൂട്ടിന്റെ വിക്കറ്റ് നഷ്ടമാക്കിയത്. ക്രീസിലെത്തിയ ഉടനെ സാഹസിക ഷോട്ടുകള്‍ക്ക് ശ്രമിച്ച ജോ റൂട്ട് പന്ത് ഉയര്‍ത്തിയടിക്കാന്‍ ശ്രമിക്കുകയും വിക്കറ്റ് വലിച്ചെറിയുകയും ചെയ്തു. 16 റണ്‍സ് മാത്രമാണ് രണ്ടാം ഇന്നിംഗ്സില്‍ റൂട്ട് നേടിയത്. ഇംഗ്ലണ്ട് ടീമില്‍ സാങ്കേതികമായി ഏറ്റവും മികച്ച ബാറ്ററായ ജോ റൂട്ട് തന്റെ സുരക്ഷിത ശൈലി മറികടന്ന് കളിച്ച് വിക്കറ്റ് പാഴാക്കുകയായിരുന്നു’ എന്നും ജെഫ് ബോയ്കോട്ട് ദി ടെലഗ്രാഫില്‍ എഴുതി. ജയിക്കാനായില്ലെങ്കില്‍ അഭിമാനത്തോടെ തോല്‍വി സ്വീകരിക്കും എന്ന ഇംഗ്ലണ്ട് നായകന് ബെന്‍ സ്റ്റോക്സിന്റെ വാക്കുകള്‍ക്കുള്ള മറുപടി കൂടിയാണ് ജെഫിന്റെ പ്രതികരണം. ഇംഗ്ലണ്ടിനായി 11468 ടെസ്റ്റ് റണ്‍സ് നേടിയിട്ടുള്ള ജോ റൂട്ട് ആദ്യ ഇന്നിംഗ്സില്‍ അഞ്ച് റണ്‍സ് മാത്രമേ എടുത്തുള്ളൂ.
അതേസമയം ഇംഗ്ലണ്ടിന്റെ ബാസ്ബോള്‍ ശൈലിയെ കൂടുതല്‍ കടന്നാക്രമിക്കുകയും ചെയ്തു ഇതിഹാസ താരം. ‘എല്ലാ പന്തിലും അക്രമണോത്സുക ഷോട്ടിലൂടെയും സ്വീപിലൂടെയും ക്രോസ് ബാറ്റ് ഷോട്ടിലൂടെയും സ്കോര്‍ ചെയ്യണം എന്ന ചിന്ത സൃഷ്ടിച്ചത് ട്വന്റി 20 ക്രിക്കറ്റാണ്. എല്ലാ പന്തും അടിച്ചകറ്റാന്‍ ശ്രമിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമാകും’ എന്നും ജെഫ് ബോയ്ക്കോട്ട് എഴുതി. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഹൈരദരാബാദില്‍ നടന്ന ആദ്യ മത്സരം ഇംഗ്ലണ്ട് 28 റണ്‍സിന് വിജയിച്ചിരുന്നു. എന്നാല്‍ വിശാഖപട്ടണത്തെ രണ്ടാം ടെസ്റ്റില്‍ ടീം ഇന്ത്യയോട് 106 റണ്‍സിന്റെ തോല്‍വി ബെന്‍ സ്റ്റോക്സും സംഘവും ഏറ്റുവാങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]