
വൈദ്യുതി ബിൽ കുറയ്ക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിച്ച് കെ എസ് ഇ ബി. സാധാരണ ബൾബുകൾക്ക് പകരം എൽഇഡി ബൾബുകൾ ഉപയോഗിച്ചാൽ വൈദ്യുതി ഉപയോഗം അഞ്ചിൽ ഒന്നായും ഫ്ലൂറസെന്റ് ട്യൂബ് ലൈറ്റ്, സിഎഫ്എൽ എന്നിവയ്ക്ക് പകരം എൽഇഡി ട്യൂബ് ലൈറ്റ്, എൽഇഡി ബൾബുകൾ എന്നിവ ഉപയോഗിച്ചാൽ വൈദ്യുതി ഉപയോഗം പകുതിയായും കുറയ്ക്കാനാകും. എൽഇഡി വിളക്കുകൾക്ക് സാധാരണ ബൾബുകളെ അപേക്ഷിച്ച് ആയുസും വളരെ കൂടുതലാണ്. 100 രൂപയിലേറെ വില വരുന്ന ഗുണമേന്മയുള്ള ഒമ്പത് വാട്ട് എൽ ഇ ഡി ബൾബുകൾ കേവലം 65 രൂപയ്ക്ക് കെ എസ് ഇ ബി സെക്ഷൻ ഓഫീസിൽ ലഭിക്കും. സ്റ്റോക്ക് തീരുന്നത് മാത്രമാണ് ഈ ഓഫറെന്നും കെഎസ്ഇബി അറിയിച്ചു.
ഇൻഡക്ഷൻ കുക്കര്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും കെഎസ്ഇബി മുന്നറിയിപ്പ് നൽകി. 1500-2000 വാട്സ് ആണ് സാധാരണ ഇൻഡക്ഷൻ സ്റ്റൗവിന്റെ പവർ റേറ്റിംഗ്. അതായത് ഒരു മണിക്കൂർ ഉപയോഗിക്കുമ്പോൾ 1.5 മുതൽ 2 യൂണിറ്റ് വരെ വൈദ്യുതി ചെലവാകും. അതിനാൽ കൂടുതൽ നേരം പാചകം ചെയ്യേണ്ട ആവശ്യങ്ങൾക്ക് ഇൻഡക്ഷൻ കുക്കർ അനുയോജ്യമല്ല. കുക്കറിന്റെ പ്രതലത്തിൽ കാണിച്ചിരിക്കുന്ന വൃത്തത്തിനേക്കാള്‍ കുറഞ്ഞ അടി വട്ടമുള്ള പാത്രങ്ങൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
പാചകത്തിന് ആവശ്യമുള്ള അളവിൽ മാത്രം വെള്ളം ഉപയോഗിക്കുക. വെള്ളം തിളച്ചതിന് ശേഷം ഇൻഡക്ഷൻ കുക്കറിന്റെ പവർ കുറയ്ക്കാവുന്നതാണ്. പാചകത്തിന് പാത്രം വച്ചതിനു ശേഷം മാത്രം ഇൻഡക്ഷൻ കുക്കർ ഓൺ ചെയ്യുക. അതുപോലെ സ്വിച്ച് ഓഫ് ചെയ്തതിനു ശേഷം മാത്രം പാത്രം മാറ്റുക. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് കെഎസ്ഇബി നിര്‍ദേശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]