
ടൊവിനോ തോമസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ഇൻവസ്റ്റിഗേറ്റിവ് ഡ്രാമ തിയേറ്റർ റിലീസിനൊരുങ്ങുകയാണ്. വർഷങ്ങൾക്ക് മുൻപ് നടന്ന കൊലപാതകവും അത് അന്വേഷിക്കാനായി ഉദ്യോഗസ്ഥർ നടത്തുന്ന യാത്രയുമാണ് സിനിമയുടെ പ്രമേയം. ചിത്രത്തിന്റെ ഇതുവരെയിറങ്ങിയ പോസ്റ്ററുകൾക്കും ടീസറിനും മികച്ച അഭിപ്രായമായിരുന്നു പ്രേക്ഷകർക്കിടയിൽ. ഇപ്പോൾ ട്രെയിലർ കൂടി പുറത്ത് വന്നതോടെ പതിവ് കുറ്റാന്വേഷണ ചിത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായ അവതരണരീതിയാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ഈ സിനിമയിൽ പിന്തുടർന്നിരിക്കുന്നത് എന്ന് വ്യക്തമാവുകയാണ്.
സാധാരണ ഇരുണ്ട പശ്ചാത്തലത്തിലായിരിക്കും കുറ്റാന്വേഷണ ചിത്രങ്ങൾ പോലുള്ള ത്രില്ലർ സിനിമകൾ തിയേറ്ററുകളിലെത്തുന്നത്. എന്നാൽ ഇതിൽ നിന്നും ഏറെ വിഭിന്നമായി വിന്റേജ് ഫീലിലും കളർ ടോണിലുമായാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ഈ ചിത്രം എത്തുകയെന്നാണ് ടീസറും ട്രെയ്ലറും തരുന്ന സൂചന. പൊതുവെ വിന്റേജ് എന്ന പാറ്റേണിനോട് ആഭിമുഖ്യം കൂടുതലുള്ള ഈ കാലഘട്ടത്തിൽ സിനിമയിലെ ഈ പരീക്ഷണവും വലിയ തോതിൽ ചർച്ചചെയ്യപ്പെടാനാണ് സാധ്യത.
ജിനു വി എബ്രഹാം തിരക്കഥയെഴുതിയിരിക്കുന്ന ഈ ചിത്രത്തിൽ എസ്. ഐ ആനന്ദ് നാരായണൻ എന്ന പൊലീസ് ഉദ്ദ്യോഗസ്ഥനായാണ് ടൊവിനോ എത്തുന്നത്. ഡാർവിൻ കുര്യാക്കോസ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. തീയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രാഹാം, എന്നിവർക്കൊപ്പം സരിഗമയുടെ ബാനറിൽ വിക്രം മെഹ്റയും സിദ്ധാർഥ് ആനന്ദ് കുമാറും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
പ്രശസ്ത തെന്നിന്ത്യൻ സംഗീതജ്ഞനായ സന്തോഷ് നാരായണൻ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്ന ആദ്യ മലയാള സിനിമ എന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് സ്വന്തമാണ്. ചിത്രത്തിന്റെ ട്രെയ്ലർ ഇറങ്ങുന്നതിനോടനുബന്ധിച്ച്, ‘മലയാളത്തിൽ എൻറെ സ്വപ്നത്തിന് തുടക്കമാകുന്നു’ എന്ന് കുറിച്ചുകൊണ്ടാണ് സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ ഉടൻ എന്ന് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കൽ തോമസ് വളരെ സുപ്രധാനമായൊരു കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. സിദ്ദിഖ്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, കോട്ടയം നസീർ, മധുപാൽ, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]