
കോഴിക്കോട്- മുസ്ലിംകളെ നിരാശരാക്കാനോ പ്രകോപിക്കാമെന്നോ ആരും കരുതേണ്ടതില്ലെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. പ്രസ്താവനയിലാണ് കാന്തപുരം അബൂബക്കർ മുസ്ലിയാർ ഇക്കാര്യം പറഞ്ഞത്. മനുഷ്യ ചരിത്രത്തിലെ സവിശേഷമായ ഒരു ഘട്ടത്തിലൂടെയാണ് ലോകം കടന്നു പോകുന്നത്. ഈ ഘട്ടത്തെ മനസ്സിലാക്കാനും അതിജയിക്കാനുമുള്ള കഴിവ് ഒരു വിശ്വാസി സമൂഹം എന്ന നിലയിൽ മുസ്ലിംകൾക്കുണ്ടെന്നും കാന്തപുരം പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, വിവിധ സമയങ്ങളിൽ, ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നു പോയവരാണ് മുസ്ലിംകൾ. ആത്മീയമായ ഊർജ്ജം കൈവരിച്ചാണ് അവയെ എല്ലാം മുസ്ലിംകൾ അതിജയിച്ചത്. ഇപ്പോഴത്തെ പ്രതിസന്ധികളെയും അങ്ങിനെതന്നെ അതിജയിക്കും.
പ്രതിസന്ധികളെയും പ്രയാസങ്ങളെയും ആത്മീയാനുഭവങ്ങൾ ആയി മനസ്സിലാക്കാൻ ആണ് ഇസ്ലാം പഠിപ്പിക്കുന്നത്. ബാഹ്യമായി അതു പല രൂപത്തിൽ ആയിരിക്കാം നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. സാമ്പത്തികം, രാഷ്ട്രീയം എന്നിങ്ങനെ പല രൂപത്തിൽ. എന്നാൽ മുസ്ലിംകളെ സംബന്ധിച്ചടുത്തോളം അവരുടെ സന്തോഷകരവും ദുഃഖകരവുമായ ഓരോ അനുഭവങ്ങൾക്കും ആത്മീയമായ ഒരു തലമുണ്ട്. അവർ പ്രതിസന്ധി നേരിടുന്നുണ്ട് എങ്കിൽ അതു ആത്മീയ പ്രതിസന്ധിയാണ്. കൂടുതൽ മികച്ച വിശ്വാസികൾ ആയി വേണം ആ പ്രതിസന്ധിയെ നാം മറികടക്കാൻ. അതിനാവശ്യമായ പ്രവർത്തനങ്ങളിൽ നാം സജീവമായി ഏർപ്പെടുക.
മുസ്ലിംകളെ പ്രകോപിക്കാം എന്ന് ആരും കരുതേണ്ട. നിരാശരാക്കാം എന്നും കരുതേണ്ട. സൃഷ്ടാവിന്റെ കാരുണ്യത്തിൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്നവരാണ് വിശ്വാസികൾ. അത്തരമൊരു സമൂഹത്തെ നിരാശരാക്കാൻ ആർക്കും കഴിയില്ല. നിരാശയുടെ ഭാഷ ഇസ്ലാമിന് അന്യമാണ്. സംയമനവും സമാധാനവും ക്ഷമയും പരസ്പര്യവുമാണ് ഇസ്ലാമിന്റെ ഭാഷ. ഇതവരുടെ ബലഹീനതയല്ല. മറിച്ചു മുന്നോട്ടു പോകാനുള്ള അവരുടെ ഊർജ്ജവും കഴിവുമാണ്.
പ്രാർഥനയാണ് വിശ്വാസിയുടെ ആയുധം. മർദിതരുടെ പ്രാർഥനക്ക് ഇസ്ലാം സവിശേഷമായ പ്രാധാന്യമാണ് കല്പിച്ചിരിക്കുന്നത്. നമ്മുടെ പ്രാർഥനകളിൽ ലോകത്തെ എല്ലാ മർദിതരെയും ഉൾപ്പെടുത്തുക. ഒരാളുടെയും അവകാശത്തെയും അഭിമാനത്തെയും മുറിവേല്പിക്കാൻ പാടില്ല. നമുക്ക് നിഷേധിക്കപ്പെടുന്ന നീതി, മറ്റൊരാൾക്ക് നിഷേധിക്കാൻ നമുക്ക് അവകാശമില്ല.
അതിക്രമിച്ചു കയ്യേറിയ ഒരു സ്ഥലത്ത് നടത്തുന്ന ആരാധന സ്വീകാര്യമല്ല എന്നതാണ് മുസ്ലിംകളുടെ വിശ്വാസം. അതുകൊണ്ടുതന്നെ, അങ്ങേയറ്റം സൂക്ഷ്മത പാലിച്ചു കൊണ്ടാണ് ഏതൊരു കാലത്തും മുസ്ലിംകൾ ആരാധാനാലയങ്ങൾ പണിതത്. കാരണം, ആരാധനാ സ്വീകർക്കപ്പെടണമെങ്കിൽ അതു നിർവഹിക്കപ്പെടുന്ന സ്ഥലം എല്ലാത്തരം അനീതികളിൽ നിന്നും മോചിക്കപ്പെട്ടതാകണം. ആ നിബന്ധന പാലിച്ചു കൊണ്ടാണ് എക്കാലത്തും മുസ്ലിംകൾ ആരാധനാലയങ്ങൾ പണിതത്. അങ്ങിനെ നിര്ണയിക്കപ്പെട്ട സ്ഥലം എക്കാലത്തും ആരാധനാലയം തന്നെ ആയിരിക്കും. അവ ഇന്നല്ലെങ്കിൽ മറ്റൊരു ദിവസം മുസ്ലിംകളിലേക്ക് വന്നു ചേരുക തന്നെ ചെയ്യും. കഅബയുടെയും അഖ്സാ പള്ളിയുടെയും ചരിത്രം അതാണ് നമ്മെ പഠിപ്പിക്കുന്നത്.
മുസ്ലിംകളുടെ ന്യായമായ അവകാശങ്ങളുടെ ഒപ്പം നിൽക്കാൻ ഈ രാജ്യത്തെ മുഴുവൻ മതേതര ജനാധിപത്യ വിശ്വാസികളോടും ഞാൻ ആവശ്യപ്പെടുന്നു. മുസ്ലിംകളോടൊപ്പം നിന്നതിന്റെ പേരിൽ ആക്രമിക്കപ്പെടുകയും ആക്ഷേപിക്കപ്പെടുകയും ചെയ്യുന്നവരോട് ഈ സമുദായത്തിന്റെ ഐകദാർഢ്യം അറിയിക്കുന്നുവെന്നും കാന്തപുരം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
