
റിയാദ്: നൂതന ഇലക്ട്രോണിക് വ്യവസായങ്ങളുടെ ആഗോള കേന്ദ്രമായി സൗദി അറേബ്യയെ മാറ്റാൻ പുതിയ കമ്പനി ‘ആലാത്’ ആരംഭിക്കുന്നു. കിരീടാവകാശിയും പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട് ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാനാണ് പുതിയ കമ്പനിയുടെ പ്രഖ്യാപനം നടത്തിയത്. നൂതന സാങ്കേതിക വിദ്യയിലും ഇലക്ട്രോണിക്സിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇൗ കമ്പനി സുസ്ഥിര വ്യവസായങ്ങളുടെ ആഗോള കേന്ദ്രമാക്കി സൗദി അറേബ്യയെ മാറ്റുകയാണ് ലക്ഷ്യം. പൊതുനിക്ഷേപ ഫണ്ടിന് കീഴിലെ കമ്പനികളിലൊന്നാണ്. കിരീടാവകാശിയാണ് കമ്പനിയുടെ ഡയറക്ടർ ബോർഡ് അധ്യക്ഷൻ.
പ്രാദേശിക, അന്തർദേശീയ വിപണികളിലേക്കുള്ള ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിലാണ് ‘ആലാത്’ പ്രത്യേകം ശ്രദ്ധകൊടുക്കുക. നൂതന വ്യവസായങ്ങൾ, അർധചാലകങ്ങൾ, സ്മാർട്ട് വീട്ടുപകരണങ്ങൾ, സ്മാർട്ട് ഹെൽത്ത്, സ്മാർട്ട് ഇലക്ട്രോണിക് ഉപകരണങ്ങൾ, സ്മാർട്ട് കെട്ടിടങ്ങൾ, ന്യൂ ജനറേഷൻ ഇൻഫ്രാസ്ട്രക്ചർ എന്നിവയാണ് നിർമിക്കുക. സമാന മേഖലയിലെ സ്വകാര്യ കമ്പനികളുമായി ഈ കമ്പനി തന്ത്രപരമായ പങ്കാളിത്തമുണ്ടാക്കും. ഇത് പ്രാദേശിക സാമ്പത്തിക വ്യവസ്ഥയെയും പ്രദേശത്തെയും മൊത്തത്തിൽ വികസിപ്പിക്കുന്നതിൽ സംഭാവന നൽകും.
പ്രമുഖ കമ്പനികളുമായി പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിലൂടെയും രാജ്യത്തെ ശുദ്ധമായ ഊർജ സ്രോതസ്സുകളെ അടിസ്ഥാനമാക്കി സുസ്ഥിര വ്യവസായിക പരിഹാരങ്ങൾ നൽകുന്നതിലൂടെയും ആഗോളതലത്തിൽ വ്യവസായിക മേഖലയുടെ പരിവർത്തനം വർധിപ്പിക്കുന്നതിനും ഇൗ കമ്പനി സംഭാവന നൽകും. നൂതന ഇലക്ട്രോണിക് വ്യവസായങ്ങളുടെ ആഗോള കേന്ദ്രമായി സൗദി അറേബ്യയെ മാറ്റുന്നതിനും സഹായിക്കും.
സുപ്രധാന മേഖലകൾ പ്രത്യേകിച്ച് റോബോട്ടിക് സംവിധാനങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ, നൂതന കമ്പ്യൂട്ടറുകൾ, ഡിജിറ്റൽ വിനോദ ഉൽപന്നങ്ങൾ, നിർമാണം, കെട്ടിടം, ഖനനം എന്നിവക്കായി ഉപയോഗിക്കുന്ന ആധുനിക ഹെവി ഉപകരണങ്ങൾ തുടങ്ങിയ 30ലധികം ഉൽപന്നങ്ങൾ ‘ആലാത്’ നിർമിക്കും. ഇത് പ്രാദേശിക ശേഷി വികസിപ്പിക്കുന്നതിനും ജോലികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. ഗവേഷണ ശ്രമങ്ങൾ ശക്തിപ്പെടുത്തും. വ്യാവസായിക, ഇലക്ട്രോണിക്സ് മേഖലകളിലെ വൈദഗ്ധ്യം സ്വദേശിവത്കരിക്കും.
Read Also –
പുതിയ കമ്പനി സൗദിയിൽ 39,000ലധികം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കൂടാതെ എണ്ണയിതര മൊത്ത ആഭ്യന്തര ഉൽപാദനത്തിലേക്ക് 2030-ഓടെ 35 ശതകോടി റിയാൽ വരുമാനം സംഭാവന ചെയ്യും. 2060-ഓടെ ന്യൂട്രാലിറ്റിയിൽ എത്തുന്നതിന് സൗദിയിലെ ശുദ്ധമായ ഊർജ സ്രോതസ്സുകൾ വഴി അന്താരാഷ്ട്ര കമ്പനികൾക്ക് സുസ്ഥിരമായ നിർമാണ പരിഹാരങ്ങൾ നൽകുന്നതിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും. വ്യവസായങ്ങളുമായി ബന്ധപ്പെട്ട മേഖലകളെയും വിപുലീകരിക്കാനുള്ള പൊതുനിക്ഷേപ ഫണ്ടിെൻറ തന്ത്രത്തിന് അനുസൃതമായാണ് ‘ആലാത്’ സ്ഥാപിക്കുന്നത്.
Last Updated Feb 4, 2024, 5:45 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]