

First Published Feb 3, 2024, 10:59 PM IST
ക്യാൻസര്‍ രോഗം, സമയബന്ധിതമായി കണ്ടെത്താനായാല്‍ ഏറെ ഫലപ്രദമായ ചികിത്സ ഇന്ന് ലഭ്യമാക്കാവുന്നതാണ്. എന്നാല്‍ പലപ്പോഴും രോഗം വൈകി മാത്രം നിര്‍ണയിക്കപ്പെടുന്നു എന്നയിടത്താണ് ക്യാൻസര്‍ മുക്തിയും ക്യാൻസര്‍ ചികിത്സയും പരാജയപ്പെട്ടുപോകുന്നത്.
ഓരോ ക്യാൻസറിനും അതിന്റേതായ ലക്ഷണങ്ങളാണല്ലോ കാണിക്കുക. അതുതന്നെ വ്യക്തികളെയും പ്രായവും ലിംഗവ്യത്യാസവും ആരോഗ്യാവസ്ഥയുമെല്ലാം അടിസ്ഥാനപ്പെടുത്തി ലക്ഷണങ്ങളില്‍ മാറ്റവും തോതില്‍ വ്യത്യാസവും കാണാം.
ഇന്ന് ആഗോളതലത്തില്‍ തന്നെ ക്യാൻസര്‍ മലാശയ- മലദ്വാര അര്‍ബുദം കൂടിവരികയാണ്. ജീവിതരീതികളിലെ അപാകതകളാണ് പലപ്പോഴും ഇതിലേക്ക് നയിക്കുന്നത്. ഫെബ്രുവരി 4 ലോക ക്യാൻസര്‍ ദിനമായി ആചരിക്കുന്ന ഈ സാഹചര്യത്തില്‍ മലാശയ അര്‍ബുദം, അല്ലെങ്കില്‍ മലദ്വാരത്തെ ബാധിക്കുന്ന അര്‍ബുദത്തെ കുറിച്ചും അതിന്റെ ലക്ഷണങ്ങളെ കുറിച്ചുമാണ് ഇനി പങ്കുവയ്ക്കുന്നത്.
രോഗത്തിലേക്ക് നയിക്കുന്നത്…
അധികവും മലദ്വാര- മലശയ അര്‍ബുദം ബാധിക്കുന്നത് പ്രായമായവരെയാണ്. അതേസമയം ഏത് പ്രായക്കാരില്‍ വേണമെങ്കിലും ഇത് പിടിപെടാം. മറ്റ് പല ക്യാൻസര്‍ പോലെ തന്നെ ഇതും ചെറുപ്പക്കാര്‍ക്കിടയില്‍ കൂടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിന്റെ പ്രധാന കാരണം ആദ്യമേ സൂചിപ്പിച്ചത് പോലെ അനാരോഗ്യകരമായ ജീവിതരീതികളാണ്.
പാരമ്പര്യമായി കിട്ടുന്ന രോഗസാധ്യതയ്ക്ക് പുറമെ അനാരോഗ്യകരമായ ഭക്ഷണരീതി, ദീര്‍ഘസമയം അലസമായി ഇരുന്ന് വ്യായാമമൊന്നും ചെയ്യാതിരിക്കുന്ന ശീലം, മദ്യപാനം, പുകവലി എന്നിങ്ങനെയുള്ള ഘടകങ്ങളെല്ലാം മലദ്വാര- മലാശയ ക്യാൻസറിലേക്ക് നയിക്കാം.
ലക്ഷണങ്ങള്‍…
മലദ്വാര- മലാശയ ക്യാൻസറുകളില്‍ തുടക്കത്തിലേ കാണുന്ന ചില ലക്ഷണങ്ങളുണ്ട്. ദഹനപ്രവര്ത്തനങ്ങളിലെ പതിവില്ലാത്ത മാറ്റങ്ങളാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ദഹനക്കുറവ്, മലബന്ധം- അല്ലെങ്കില്‍ എപ്പോഴും വയറിളക്കം, അനിയന്ത്രിതമായ ഗ്യാസ്- അനുബന്ധപ്രശ്നങ്ങള്‍ എല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഈ ഘട്ടത്തില്‍ തന്നെ പരിശോധന നടത്തുന്നത് കൂടുതല്‍ നല്ലത്. ഒന്നിലധികം ഡോക്ടര്‍മാരെ കാണുന്നതും നല്ലതാണ്.
വയറുവേദന, മലത്തില്‍ രക്തം, ശരീരഭാരം കുറയല്‍ എന്നിങ്ങനെയുള്ള ലക്ഷണങ്ങളും ഇതിന് പിന്നാലെ പ്രകടമാകാൻ തുടങ്ങും. ഈ ഘട്ടത്തിലായാലും ചികിത്സ വൈകിയെന്ന് ചിന്തിക്കരുത്. മടിക്കാതെ ഡോക്ടറെ പോയി കണ്ട് വേണ്ട പരിശോധനകള്‍ ചെയ്യണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
Last Updated Feb 3, 2024, 10:59 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]