
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് – ബുദ്ധവിഹാരമായ ശബരിമല ഇപ്പോൾ ഉപയോഗിക്കുന്നത് ഹിന്ദുക്കളാണെന്നും ഭൂമി ഇളക്കി പരിശോധിച്ചാൽ പലതും കിട്ടുമെന്നും സുന്നി യുവജന സംഘം നേതാവ് ഡോ. എ.പി അബ്ദുൽഹക്കീം അസ്ഹരി. ഒരുപാട് സ്ഥലങ്ങളിൽ ബുദ്ധന്മാരുടെയും ജൈനന്മാരുടെയും ആരാധനാലയങ്ങളാണ് ക്ഷേത്രമായി മാറിയതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കൈതപ്പൊയിലിലെ മർക്കസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല ഇന്ന് ഹിന്ദുക്കളാണ് ഉപയോഗിക്കുന്നത്. അത് ബുദ്ധവിഹാരമാണ്. ധർമശാല, ധർമടം ഉൾപ്പെടെ ഒരുപാട് സ്ഥലങ്ങളിൽ ബുദ്ധന്മാരുടെയും ജൈനന്മാരുടെയും ആരാധനാലയങ്ങളാണ് അമ്പലമായി മാറിയത്. ശൈവരുടെയും വൈശ്യരുടെയും താഴ്ന്ന ജാതിക്കാരുടെയും പല മതക്കാരുടെയും ആരാധനാലയങ്ങളായെല്ലാം അതു മാറിയിട്ടുണ്ട്.
ഭൂമി ഇളക്കി പരിശോധിച്ചാൽ അവിടെ അമ്മിയും അമ്മിക്കുട്ടിയും കലവും ചട്ടിയും പാത്രങ്ങളും അരിവാളും പഴയ ആയുധങ്ങളും ഗൃഹോപകരണങ്ങളുമെല്ലാം കിട്ടും. ചിലതൊക്കെ കാണുമ്പോൾ ചിലരൊക്കെ ആരാധിക്കുന്ന വസ്തുക്കളെപ്പോലെ തോന്നും. പിടിയില്ലാത്ത അരിവാൾ കിട്ടിയാൽ അതൊരു ചന്ദ്രക്കലയായിരുന്നു, മുസ്ലിംകളുടെ ആരാധനാലയമാണെന്നൊക്കെ പറഞ്ഞുവരാം. അതിനാലാണ് നിലവിലുള്ള ഒരു ആരാധനാലയത്തിന്റെയും 1947ലെ അവസ്ഥയ്ക്കു മാറ്റംവരുത്താൻ പാടില്ലെന്ന് 1991ൽ പാർലമെന്റ് നിയമം പാസാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഗ്യാൻവാപി മസ്ജിദിന്റെ സ്വഭാവം മാറ്റാൻ കോടതിക്കാവില്ല. 17-ാം നൂറ്റാണ്ടിൽ ഔറംഗസേബ് ആണ് ഗ്യാൻവാപി പള്ളിയുണ്ടാക്കിയത്. 1991-ലെ ആരാധനാലയ സംരക്ഷണ നിയമം അനുസരിച്ച് 1974ന് ശേഷമുള്ള ഒരു ആരാധനാലയത്തിന്റെ സ്വഭാവവും മാറ്റാൻ പാടില്ല. ഗുരുവായൂരും ശബരിമലയും ഉൾപ്പെടെ എല്ലാറ്റിനും ഇത് ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഗ്യാൻവാപിയുടെ വാസ്തുകല ഇന്ത്യൻ ശൈലിയിലുള്ളതാണ്. അതിനു മിനാരവും താഴികക്കുടവും മിഹ്റാബുമെല്ലാമുണ്ട്. അതു മസ്ജിദാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. കോടതിക്കും അങ്ങനെ പറയാനാകില്ല, പറഞ്ഞിട്ടുമില്ല. അതുകൊണ്ട് ഉടമസ്ഥാവകാശം ഒരിക്കലും മാറുന്നില്ല. അവിടെയാണ് ബഹുമത രീതിയുണ്ടെന്നു വാദിച്ച് താത്ക്കാലികമായി ഒരു ജില്ലാ ജഡ്ജിയിൽനിന്ന് വിചിത്രമായ വിധിയുണ്ടായത്. മേൽക്കോടതി അത് തള്ളിക്കളയുമെന്നു തന്നെയാണു മനസിലാക്കേണ്ടത്. നിയമപരമായി ആ വിഷയത്തെ നേരിടുകയെന്നത് ഈ രാജ്യത്തെ പൗരന്മാർ എന്ന നിലയിൽ നമ്മുടെ ബാധ്യതയാണ്. അതിന് നാം മുന്നിൽ നിൽക്കേണ്ടതുണ്ട്. ഒരു പന്ത് എറിഞ്ഞുകൊടുത്ത് ഈ സമയം മറ്റു പലതും മറുച്ചുപിടിക്കാനും ഒപ്പിച്ചുകളയാമെന്നും വിചാരിക്കുന്നവരുടെ ഗൂഢ കുതന്ത്രങ്ങളാണ് ഇതിന് പിന്നിൽ. ജനാധിപത്യ വിശ്വാസികളായ മുസ്ലിം സമുദായം ഇതിനെ വൈകാരികമായി നേരിടില്ല. അതിന് നിശ്ചയിക്കപ്പെട്ട ആളുകൾ വ്യക്തമായി വേണ്ടതു ചെയ്തുകൊള്ളുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.