
ചെന്നൈ: ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ജനപ്രിയ തമിഴ്താരം വിജയ് രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ചിരിക്കുകയാണ്. തമിഴക വെട്രി കഴകം (ടി.വി.കെ.) എന്ന് പേരിട്ടിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി 2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പുവിജയമാണ് ലക്ഷ്യമിടുന്നത്. വരുന്ന ലോക്സഭാതിരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ ആര്‍ക്കെങ്കിലും പിന്തുണനല്കുകയോ ചെയ്യില്ല.
ഒട്ടേറെ ആള്‍ബലമുള്ള താരത്തിന്റെ ആരാധകസംഘടനയായ വിജയ് മക്കള്‍ ഇയക്കമാണ് രാഷ്ട്രീയപ്പാര്‍ട്ടിയായി രൂപംമാറുന്നത്. ജനുവരി 25-ന് ചേര്‍ന്ന സംഘടനായോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തതെന്ന് വിജയ് വാര്‍ത്താക്കുറിപ്പില്‍ അറിയിക്കുകയും ചെയ്തു. സംഘടനാഭാരവാഹികള്‍ വെള്ളിയാഴ്ച ഡല്‍ഹിയിലെത്തി തിരഞ്ഞെടുപ്പുകമ്മിഷന് അപേക്ഷ നല്കിയ ശേഷം ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. തിരഞ്ഞെടുപ്പുകമ്മിഷന്റെ അംഗീകാരം ലഭിച്ചശേഷം പൊതുയോഗങ്ങള്‍ വിളിച്ച് പാര്‍ട്ടിയുടെ നയങ്ങളും കര്‍മപദ്ധതികളും പ്രഖ്യാപിക്കാനിരിക്കുകയാണ്. അതിനുശേഷമായിരിക്കും ചിഹ്നവും കൊടിയും നിശ്ചയിക്കുക. വിജയം എന്നര്‍ഥമുള്ള വെട്രി വിജയ്യുടെ ആദ്യസിനിമയുടെ പേരുകൂടിയാണ്.
തമിഴ്നാട് രാഷ്ട്രീയത്തില്‍ അടിസ്ഥാനമാറ്റം കൊണ്ടുവരുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ഇന്നത്തെ രാഷ്ട്രീയത്തില്‍ അഴിമതിയും ഭരണവൈകല്യവുമാണ് ഒരു വശത്ത്. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കാനുള്ള ശ്രമമാണ് മറുവശത്ത്. നിസ്വാര്‍ഥവും സുതാര്യവും ദീര്ഘവീക്ഷണത്തോടുകൂടിയതും അഴിമതിരഹിതവും കാര്യക്ഷമവുമായ ഭരണമാണ് തമിഴ്നാട് കൊതിക്കുന്നതെന്ന് വിജയ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
എം.ജി.ആര് മുതല്‍ കമല്‍ ഹാസന്
എം.ജി.ആറിലും ജയലളിതയിലും തുടങ്ങി വിജയകാന്തിലും കമല്‍ഹാസനിലും എത്തിനില്‍ക്കുന്ന തമിഴ് സിനിമാ രാഷ്ട്രീയത്തിന്റെ ഒടുവിലത്തെ കണ്ണിയാണ് 49-കാരനായ ജോസഫ് വിജയ് ചന്ദ്രശേഖര്‍. എം.ജി.ആറിന് തുല്യമെന്നുപറയാവുന്ന ആരാധകവൃന്ദമുണ്ട് എന്നതുകൊണ്ടുതന്നെ വിജയ്യുടെ രാഷ്ട്രീയപ്രവേശം സംസ്ഥാനത്ത് ചലനം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. പ്രസ്താവനകളിലൂടെയും സ്വന്തം സിനിമകളിലെ സംഭാഷണങ്ങളിലൂടെയും രാഷ്ട്രീയ ഇടപെടലുകള്‍ നടത്തി കൈയടി നേടിയ വിജയ് വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ രാഷ്ട്രീയത്തിലിറങ്ങുമെന്ന സൂചന നല്‍കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]