
വ്യക്തിയുടെ പൌരത്വം തെളിയിക്കുന്നതിന് അന്താരാഷ്ട്രാതലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ട സാധുവായ രേഖയാണ് പാസ്പോര്‍ട്ട്. ഭൂമിയിലെ ഏറ്റവും ശക്തമായ ആഗോള പ്രവേശന അനുമതികളിൽ ഒന്നായി പാസ്പോര്ട്ടുകളെ കണക്കാക്കപ്പെടുന്നു. പാസ്പോര്‍ട്ടുകളില്‍ തന്നെ ഏറ്റവും സ്വാധീനമുള്ള പാസ്പോര്‍ട്ടായി കണക്കാക്കുന്നത് ജാപ്പനീസ് പാസ്പോര്‍ട്ടാണ്. ലോകമെമ്പാടുമുള്ള 194 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ വിസ ആവശ്യമില്ലാത്ത പാസ്പോര്‍ട്ട് എന്നതാണ് ജാപ്പനീസ് പാസ്പോര്‍ട്ടിന്റെ സവിശേഷത. എന്നാല്‍, പറഞ്ഞുവരുന്നത് മറ്റൊരു പാസ്പോര്‍ട്ടിനെ കുറിച്ചാണ്. ലോകത്തിലെ ഏറ്റവും അപൂർവ്വതകളുള്ള ഒരു പാസ്പോർട്ട്. ആദ്യത്തെ അപൂർവ്വത ലോകത്താകെ 500 പേർക്ക് മാത്രമേ ആ പാസ്പോർട്ട് ഉള്ളൂവെന്നതാണ്. അത് ഏതാന്നല്ലേ? സോവറിൻ മിലിട്ടറി ഓർഡർ ഓഫ് മാൾട്ടയുടെ (Sovereign Military Order of Malta – SMOM) പാസ്പോർട്ട്.
ഒരു തുണ്ട് ഭൂമി പോലും ഇല്ലാത്ത, അതേസമയം 120 രാജ്യങ്ങള്‍ അംഗീകരിച്ച പാസ്പോർട്ടാണ് സോവറിൻ മിലിട്ടറി ഓർഡർ ഓഫ് മാൾട്ചയുടെ പാസ്പോർട്ട്. ഐക്യരാഷ്ട്രസഭയുടെ നിരീക്ഷക പദവിയും ഭരണഘടനയും ഉള്ള ഒരു പരമാധികാര രാഷ്ട്രമാണ് ഓർഡർ ഓഫ് മാൾട്ട (Order of Malta) അഥവാ നൈറ്റ്സ് ഓഫ് മാൾട്ട (Knights of Malta) എന്ന് പൊതുവേ അറിയപ്പെടുന്ന സോവറിൻ മിലിട്ടറി ഓർഡർ ഓഫ് മാൾട്ടയെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.സ്വന്തമായി ഭൂമിയില്ലെങ്കിലും ഈ പരമാധികാര രാഷ്ടത്തിന് സ്വന്തമായി സ്റ്റാമ്പുകളും കറൻസിയും പാസ്പോർട്ടുകളും വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളുമുണ്ട്. എന്നാല്‍ ആ നമ്പര്‍ പ്ലേറ്റുകള്‍ വച്ച വാഹനങ്ങള്‍ ഓടിക്കാന്‍ സ്വന്തമായി റോഡില്ലെന്ന് മാത്രം.
ആദ്യ കുരിശുയുദ്ധത്തിന് ( first Crusades 1095 – 1291) തൊട്ട് മുമ്പ് ഏകദേശം 1048 മുതലാണ് നൈറ്റ്സ് ഹോസ്പിറ്റലറുടെ (Knights Hospitaller) ജനനം. പുരാതന മറൈൻ റിപ്പബ്ലിക് ഓഫ് അമാൽഫിയിലെ വ്യാപാരികൾ ജറുസലേമിൽ ഏതെങ്കിലും മതവിശ്വാസത്തിലോ വംശത്തിലോ ഉള്ള തീർത്ഥാടകരെ പരിചരിക്കുന്നതിനായി ഒരു പള്ളിയും കോൺവെൻ്റും ആശുപത്രിയും നിർമ്മിക്കാനുള്ള അധികാരം ഈജിപ്തിലെ ഖലീഫയിൽ നിന്ന് നേടിയെടുത്തു. വിശുദ്ധ നാട്ടിലേക്കെത്തുന്ന തീർഥാടകർക്കായി ആശുപത്രി നടത്തിയിരുന്ന സന്യാസ സമൂഹം ജറുസലേമിലെ സെൻ്റ് ജോൺ ഓഫ് ഓർഡർ എന്ന് അറിയപ്പെട്ടു. ജെറാർഡ് 1099-ൽ സ്ഥാപിച്ച ധീരമായ ഓർഡറായ നൈറ്റ്സ് ഹോസ്പിറ്റലറിൻ്റെ തുടർച്ചയാണ് ഈ ഓർഡർ അവകാശപ്പെടുന്നത്.
ആതുരശുശ്രൂഷാ രംഗത്താണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട ഒരു രാജകുമാരനും ഗ്രാൻഡ് മാസ്റ്ററുമാണ് ക്രമം നയിക്കുന്നത്. ‘വിശ്വാസത്തിൻ്റെ പ്രതിരോധവും പാവപ്പെട്ടവർക്ക് സഹായവും’ എന്നതാണ് മുദ്രാവാക്യം. കന്യാമറിയത്തെ രക്ഷാധികാരിയായി കരുതുന്നു.1300-കളിൽ ഓർഡർ ഓഫ് മാൾട്ട ആദ്യ പാസ്പോർട്ടുകൾ അനുവദിച്ചു തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രണ്ടാം ലോക മഹായുദ്ധാനന്തരം വിവിധ രാജ്യങ്ങളിൽ നിന്നുള്ള പാസ്പോർട്ടുകളിൽ കാണുന്ന സവിശേഷതകൾ ഉൾപ്പെടുത്തുന്നതിനായി ഓർഡർ ഓഫ് മാൾട്ട നയതന്ത്ര പാസ്പോർട്ട് വികസിപ്പിച്ചു. നിലവിൽ ഏകദേശം 500 നയതന്ത്ര പാസ്പോർട്ടുകൾ മാത്രമേ പ്രചാരത്തിലുള്ളൂ. അതുകൊണ്ട് തന്നെ ഇത് ആഗോളതലത്തിൽ അപൂർവമായ പാസ്പോർട്ടായി കണക്കാക്കുന്നു.
ക്രിസ്തുവിൻ്റെ രക്തത്തിന്റെ പ്രതീകമായി കടും ചുവപ്പ് നിറത്തിലുള്ള പാസ്പോർട്ട്, പരമാധികാര കൗൺസിലിലെ അംഗങ്ങൾക്കും നയതന്ത്ര ദൗത്യങ്ങളുടെ നേതാക്കൾക്കും അവരുടെ കുടുംബങ്ങൾക്കുമായി മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഈ പാസ്പോർട്ടുകളിൽ ചിത്രങ്ങളോ ഉദ്ധരണികളോ പോലുള്ളവയൊന്നുമില്ല. മാൾട്ടീസ് കുരിശിൻ്റെ വാട്ടർമാർക്കുള്ള 44 പേജുകൾ അടങ്ങുന്നതാണ് പാസ്പോർട്ട്. ഗ്രാൻഡ് മാസ്റ്റേഴ്സിൻ്റെ പാസ്പോർട്ടുകൾ ഏറ്റവും ദൈർഘ്യമേറിയ കാലയളവിലേക്ക്, 10 വർഷം സാധുതയുള്ളതാണ്. മറ്റുള്ളവരുടെ പാസ്പോർട്ടുകള്‍ക്ക് നാല് വര്‍ഷമാണ് സാധുത.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]