
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വിശാഖപട്ടണം – അനാവശ്യമായി ആക്രമിച്ച് ആദ്യ അഞ്ച് ബാറ്റര്‍മാരും വിക്കറ്റ് തുലച്ച ഹൈദരാബാദ് ടെസ്റ്റിലെ തോല്‍വിയില്‍ നിന്ന് പാഠം പഠിച്ച് വിശാഖപട്ടണം ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിംഗ്. ഓപണര്‍ യശസ്വി ജയ്സ്വാള്‍ സെഞ്ചുറി പിന്നിട്ടതോടെ ഇന്ത്യ മൂന്നിന് 240 എന്ന ഭദ്രമായ നിലയിലാണ്. ബാറ്റിംഗ് അനുകൂല പിച്ചില്‍ വലിയ സ്കോര്് ഇന്ത്യ നേടേണ്ടതുണ്ട്. നാല് സിക്സറും 14 ബൗണ്ടറിയുമായി ക്രീസിലുള്ള യശസ്വിക്ക് (135 നോട്ടൗട്ട്) പുതുമുഖം രജത് പട്ടിധാറാണ് കൂട്ട് (29 നോട്ടൗട്ട്). ശുഭ്മന്‍ ഗില്ലും ശ്രേയസ് അയ്യരും (27) ഒരിക്കല്‍കൂടി നല്ല തുടക്കം പാഴാക്കി.
രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെന്ന നിലയില്‍ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യ ലഞ്ചിന് പിരിഞ്ഞു. ആദ്യ സെഷനില്‍ ജെയിംസ് ആന്ഡേഴ്സന് എറിഞ്ഞ അവസാന പന്ത് ബൗണ്ടറി കടത്തി യശസ്വി ജയ്സ്വാള്‍ അര്‍ധ ശതകം തികച്ചു. ഒമ്പത് ഇന്നിംഗ്സില്‍ ജയ്സ്വാളിന്റെ നാലാം അര്‍ധ ശതകമാണ് ഇത്. നന്നായി കളിക്കുകയായിരുന്ന ശുഭ്മന്‍ ഗില്ലിനെ (34) ആന്ഡേഴ്സന് പുറത്താക്കി. വിക്കറ്റ്കീപ്പര്‍ ബെന്‍ ഫോക്സ് പിടിച്ചു. വിശാഖപട്ടണത്തെ നല്ല ബാറ്റിംഗ് പിച്ചില്‍ ആദ്യ സെഷനില്‍ രണ്ട് വിക്കറ്റെടുക്കാന്‍ സാധിച്ചത് ഇംഗ്ലണ്ടിന് സന്തോഷം നല്‍കിയെങ്കിലും ലഞ്ചിനു ശേഷം ഇന്ത്യ കടിഞ്ഞാണേറ്റെടുത്തു.
നേരത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പുറത്താക്കി ഇംഗ്ലണ്ടിന്റെ ഇരുപതുകാരന് സ്പിന്നര്‍ ശുഐബ് ബഷീര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു. ബഷീറിന്റെ നാലാമത്തെ ഓവറില്‍ രോഹിതിന്റെ ലെഗ് ഗ്ലാന്‍സ് ലെഗ് സ്ലിപ്പില്‍ ഒല്ലി പോപ്പ് പിടിക്കുകയായിരുന്നു. ഇംഗ്ലണ്ട് ഇന്നിംഗ്സിന്റെ പന്ത്രണ്ടാം ഓവറിലാണ് ബഷീര്‍ ബൗളിംഗിന് വന്നത്. ഇന്ത്യ അപ്പോള്‍ 27 റണ്‍സിലെത്തിയിരുന്നു. തുടക്കം മുതല്‍ കണിശമായ ലൈനും ലെംഗ്തും പാലിക്കാന്‍ ബഷീറിന് സാധിച്ചു. പതിവില്‍ നിന്ന് വിരുദ്ധമായി സൂക്ഷ്മതയോടെയാണ് രോഹിത് കളിച്ചത്. 41 പന്തില്‍ ഒരു ബൗണ്ടറി പോലുമില്ലാതെയാണ് 14 ലെത്തിയത്. ഹൈദരാബാദ് ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യ അഞ്ച് ബാറ്റര്‍മാരും ആക്രമിക്കാന്‍ ശ്രമിച്ചാണ് പുറത്തായത്്.
മുഹമ്മദ് സിറാജിനെ ഒഴിവാക്കി പകരം മുകേഷ്കുമാറിനെ ടീമിലുള്‍പെടുത്തി. മധ്യനിരയില്‍ രജത് പട്ടിധാര്‍ അരങ്ങേറും. സര്‍ഫറാസ് ഖാന് അവസരം കിട്ടിയില്ല. രവീന്ദ്ര ജദേജക്ക് പകരം കുല്‍ദീപ് യാദവ് കളിക്കും. സിറാജ് വിശ്രമം നല്കി. വീട്ടില്‍ ചെലവഴിച്ച ശേഷം മൂന്നാം ടെസ്റ്റിന് മുമ്പ് തിരിച്ചെത്തിയാല്‍ മതി. ഇംഗ്ലണ്ട നേരത്തെ ടീം പ്രഖ്യാപിച്ചിരുന്നു.
2023 ജൂലൈയില്‍ വെസ്റ്റിന്‍ഡീസിനെതിരെ അരങ്ങേറിയ മുകേഷ്കുമാര്‍ രണ്ട് ടെസ്റ്റ് കളിച്ചിട്ടുണ്ട്.