
ബോളിവുഡിലെ വിജയചിത്രങ്ങളുടെ പട്ടികയിൽ പുതിയ ചരിത്രമെഴുതിയിരിക്കുകയാണ് വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത 12-ത് ഫെയിൽ. ഈ ചിത്രം നായകനായ വിക്രാന്ത് മാസിയുടെ കരിയറിലും വഴിത്തിരിവുണ്ടാക്കി. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ തിരക്കഥ ആദ്യമായി വായിച്ച അനുഭവം പങ്കിട്ടിരിക്കുകയാണ് വിക്രാന്ത് മാസി.
12-ത് ഫെയിലിന്റെ തിരക്കഥ ആദ്യമായി വായിച്ചപ്പോൾ കരച്ചിൽ നിർത്താനായില്ലെന്ന് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിക്രാന്ത് മാസി പറഞ്ഞു. ഏതാണ്ട് 15 മുതൽ 20 മിനിറ്റ് വരെ നിർത്താതെ കരഞ്ഞു. അതിന് കാരണം മുമ്പൊരിക്കലും അതുപോലെ അതിമനോഹരമായൊരു കഥ കണ്ടിട്ടും കേട്ടിട്ടുമില്ലായിരുന്നു എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. പലപ്പോഴും താൻ തന്നെത്തന്നെ ആ കഥയിൽ കണ്ടുവെന്നും മാസി കൂട്ടിച്ചേർത്തു.
പ്ലസ് ടു പരീക്ഷ തോറ്റിട്ടും കഠിനമായി പ്രയത്നിച്ച് യു.പി.എസ്.സി പരീക്ഷ ജയിച്ച് ഐ.പി.എസ് കരസ്ഥമാക്കിയ മനോജ് കുമാർ ശർമയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് 12-ത് ഫെയിൽ ഒരുക്കിയത്. “ഒരുപാട് കാര്യങ്ങൾ മനോജിന്റെ ജീവിതത്തിൽ സംഭവിച്ചു. ഇത്രയധികം ബുദ്ധിമുട്ടുകൾക്കിടയിലും ഒരു മനുഷ്യന് ഇത്രയധികം സഹിക്കാൻ കഴിയുമെന്നത് ചിലപ്പോഴൊക്കെ അവിശ്വസനീയമാണ്. എത്രയോ കഷ്ടപ്പാടുകൾ ഉണ്ടായിട്ടും അദ്ദേഹം ജീവിതത്തിൽ വിജയിച്ചു. അദ്ദേഹം എന്നെ ശരിക്കും പ്രചോദിപ്പിച്ചു.” വിക്രാന്ത് മാസി പറഞ്ഞു.
കഴിഞ്ഞവർഷം ബോളിവുഡിൽ സംഭവിച്ച സൈലന്റ് ഹിറ്റ് ആയിരുന്നു 12-ത് ഫെയിൽ. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഫിലിം ഫെയർ പുരസ്കാരങ്ങളിലും ചിത്രം സാന്നിധ്യമറിയിച്ചു. മികച്ച ചിത്രം, മികച്ച സംവിധായകൻ, ബെസ്റ്റ് ആക്ടർ ക്രിട്ടിക്സ് വിഭാഗങ്ങളിൽ ചിത്രം പുരസ്കാരങ്ങൾ നേടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]