
തിരുവനന്തപുരം: സംസ്ഥാനത്തെ അധിക നികുതി ഭാരം ഇന്ധന വിൽപനയെ ബാധിച്ചതോടെ ബജറ്റിൽ ഇന്ധന സെസ് ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകുമോ എന്നാണ് ഇത്തവണത്തെ ബജറ്റിൽ ഉറ്റുനോക്കുന്നത്. ക്ഷേമപ്രവർത്തനങ്ങൾക്കെന്ന പേരിൽ രണ്ട് രൂപ അധികമായി നികുതി പിരിവ് തുടർന്നിട്ടും മാസങ്ങളായി സാമൂഹ്യ പെൻഷൻ മുടങ്ങിയ സാഹചര്യത്തിൽ കൂടിയാണ് ഇക്കുറി ബജറ്റ്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള കേന്ദ്രബജറ്റ് ഇന്ധന നികുതിയിൽ മാറ്റങ്ങൾ വരുത്തിയാൽ സംസ്ഥാന സർക്കാരിനും സമ്മർദ്ദമേറും.
ഇന്ധനവിലയിൽ ദക്ഷിണേന്ത്യയിൽ ഒന്നാമതാണ് കേരളം.കഴിഞ്ഞ ബജറ്റിൽ രണ്ട് രൂപ സാമൂഹ്യസുരക്ഷ സെസ് കൂടി ഏർപ്പെടുത്തിയതോടെ പെട്രോൾ വില ശരാശരി 107 രൂപയും ഡീസൽ വില 96 രൂപയിലുമെത്തി. സമൂഹ്യ സുരക്ഷയ്ക്കായി പ്രതിവർഷം 750 കോടി രൂപ പ്രതീക്ഷിച്ചാണ് കഴിഞ്ഞ ബജറ്റിൽ സർക്കാർ ഇന്ധന സെസ് ഏർപ്പെടുത്തിയത്. 2023 ഏപ്രിൽ 1 മുതൽ ജൂലൈ 31വരെ മാത്രം പെട്രോളിയം ഉത്പന്നങ്ങളിൽ നിന്ന് സെസ് ഇനത്തിൽ 260.56 കോടി രൂപ പിരിഞ്ഞ് കിട്ടി. നടപ്പ് വർഷം ആയിരും കോടി രൂപയെങ്കിലും ഈ ഇനത്തിൽ പിരിഞ്ഞ് കിട്ടണം.
എന്നാൽ അധിക നികുതിയിലൂടെ ലക്ഷ്യമിട്ട പെൻഷൻ ഫണ്ട് സമാഹരണം ലക്ഷ്യത്തിലെത്തിയിട്ടില്ല. ഒരു മാസത്തെ മാത്രം സാമൂഹ്യ സുരക്ഷ പെൻഷന് 800 കോടി രൂപ ധനവകുപ്പ് കണ്ടെത്തണം. ക്ഷേമപെൻഷൻ കഴിഞ്ഞ അഞ്ച് മാസമായി കുടിശ്ശികയാണ്. എന്നാൽ ഇതിനൊപ്പം അധിക നികുതി ഉപഭോഗ സംസ്ഥാനമായ കേരളത്തിലെ പെട്രോൾ ഡീസൽ വില്പനയിലും സാരമായി ബാധിച്ചു. സംസ്ഥാനത്ത് ഡീസൽ വിൽപന ആദ്യപാദത്തിൽ മുൻ വർഷത്തേക്കാൾ 10ശതമാനവും രണ്ടാം പാദത്തിൽ 18ശതമാനവും ഇടിഞ്ഞതായി എണ്ണ കമ്പനികളിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു.
അധികനികുതി സ്വാഭാവികമായി എത്തേണ്ട നികുതി വഴികൾ കൂടി അടച്ചു.രാജ്യത്ത് തന്നെ വാഹന സാന്ദ്രതയും എണ്ണവും കൂടുന്ന സംസ്ഥാനമായിട്ടും വിൽപന കുറഞ്ഞതിന് കാരണം അയൽ സംസ്ഥാനങ്ങളിലെ താരതമ്യേന ഉള്ള വിലക്കുറവാണ്. ചരക്ക് വാഹനങ്ങൾ ഉൾപ്പടെ കേരളത്തെ തഴഞ്ഞ് ഇന്ധന വില കുറവുള്ള മാഹി, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്ന് ഉപഭോഗം കൂട്ടി. അയൽജില്ലകളിൽ കച്ചവടം കുത്തനെ ഇടിഞ്ഞു. കൊച്ചിയിലടക്കം ഇത് പ്രതിഫലിച്ചു. നികുതിഭാരം കുറവുള്ള അയൽസംസ്ഥാനങ്ങളിൽ നിന്ന് അനധികൃത ഇന്ധന കടത്തും കൂടി.
ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കൃഷി, അടിസ്ഥാന വികസനത്തിനെന്ന പേരിൽ കേന്ദ്രസർക്കാർ ഇന്ധനവിലയിൽ ചുമത്തുന്ന അധിക സെസ്സിൽ മാറ്റങ്ങൾ വരുത്താനുള്ള സാധ്യതകൾ സജീവം. എങ്കിൽ 3 ദിവസത്തിനപ്പുറമുള്ള സംസ്ഥാന ബജറ്റിൽ ഇതെങ്ങനെ പ്രതിഫലിക്കും എന്നതിലും ചർച്ചകൾ ഉയരും. 1600 രൂപ സമൂഹ്യസുരക്ഷ പെൻഷൻ കൂട്ടണമെന്ന് എൽഡിഎഫിൽ നിന്ന് സർക്കാരിന് സമ്മർദ്ദമുള്ള പശ്ചാത്തലത്തിലുമാണ് ബജറ്റ്.
Last Updated Jan 30, 2024, 8:53 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]