
കോഴിക്കോട്: തെരുവ് നായകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമ്പോഴും കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ വന്ധ്യംകരണ കേന്ദ്രങ്ങള്‍(എ.ബി.സി സെന്റര്‍) ആരംഭിക്കുമെന്ന ജില്ലാപഞ്ചായത്തിന്റെ പ്രഖ്യാപനം അനന്തമായി നീളുന്നു. നിലവില്‍ കോര്പറേഷന് പരിധിയിലും ജില്ലാ പഞ്ചായത്തിന്റെ സെന്ററായ പനങ്ങാട് പഞ്ചായത്തിലേതുമടക്കം രണ്ട് എ.ബി.സി സെന്ററുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ഈ രണ്ട് സെന്ററുകളിലുമായി ശരാശരി 25ല്‍ താഴെ നായകളെയാണ് ഒരു ദിവസം ശസ്ത്രക്രിയക്ക് വിധേയമാക്കുന്നത്. തെരുവ് നായകളുടെ പ്രജനനം കാര്യക്ഷമമായി നിയന്ത്രിക്കണമെങ്കില്‍ ഈ എണ്ണം അപര്യാപ്തമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
എല്ലാ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും ഒരു എ.ബി.സി സെന്റര്‍ എന്ന തരത്തില്‍ വിഭാവനം ചെയ്തിരുന്നെങ്കിലും ആദ്യഘട്ടമെന്ന നിലയില്‍ ഇത് രണ്ട് ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് ഒന്ന് എന്ന തരത്തിലെങ്കിലും വേണമെന്നായിരുന്നു തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ചെങ്ങോട്ടുകാവ്, കായക്കൊടി, പേരാമ്പ്ര, വടകര എന്നിവിടങ്ങളില്‍ പുതിയ കേന്ദ്രം ആരംഭിക്കുമെന്ന് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ഇതിനായി സ്ഥലങ്ങള്‍ കണ്ടെത്തിയതായും അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ തുടര്‍നടപടികള്‍ മന്ദഗതിയിലാക്കിയിട്ടുണ്ട്. വലിയ സാമ്പത്തിക ചിലവ് വഹിക്കേണ്ടി വരുമെന്നത് പദ്ധതി നടപ്പില്‍ വരുത്തുന്നതിന് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
ഒരു തെരുവ് നായയെ പിടികൂടി ശസ്ത്രക്രിയ നടത്തി ആരോഗ്യം ഉറപ്പുവരുത്തി പ്രതിരോധ മരുന്നുകള്‍ നല്കിയ ശേഷമാണ് തിരികേ വിടുന്നത്. ഇതിനായി ആയിരക്കണക്കിന് രൂപയുടെ ചെലവ് വഹിക്കേണ്ടി വരും. കെട്ടിടവും ജീവനക്കാരുടെ ശമ്പളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉള്‍പ്പെടെ ലക്ഷക്കണക്കിന് രൂപയാണ് ഓരോ മാസവും ഇതിനായി ചെലവഴിക്കേണ്ടി വരിക. പ്രതിസന്ധികള്‍ ഏറെയുണ്ടെങ്കിലും തെരുവ് നായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ എ.ബി.സി സെന്ററുകള്‍ യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് നാട്ടുകാരുള്ളത്.
Last Updated Jan 29, 2024, 4:07 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]